മെഡിക്കൽ പ്രവേശനത്തിൽ മുതിർന്ന പൗരന്മാർക്ക് സംവരണം വേണം; 71-കാരൻ ഹൈക്കോടതിയിൽ

അശോക് ബഹാർ | Photo Credit:India Today
അലഹബാദ്: മെഡിക്കൽ പ്രവേശന പരീക്ഷയിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേക ക്വാട്ട ആവശ്യപ്പെട്ട് 71 കാരനായ നീറ്റ് ഉദ്യോഗാർത്ഥി അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിനെ സമീപിച്ചു.
മെഡിക്കൽ പ്രവേശനത്തിൽ യോഗ്യരായ മുതിർന്ന പൗരന്മാർക്കായി 1 ശതമാനം സംവരണം ആവശ്യപ്പെട്ടാണ് അശോക് ബഹാർ റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ജൂലൈ 21-ന് കോടതി ഈ വിഷയം പരിഗണിക്കും.
നീറ്റ് പരീക്ഷ എഴുതാൻ പ്രായപരിധി ഇല്ലാത്ത സാഹചര്യത്തിൽ, മെഡിക്കൽ പ്രവേശനത്തിലും മുതിർന്ന പൗരന്മാർക്ക് പ്രത്യേക പരിഗണന ലഭിക്കണമെന്ന് അശോക് ബഹാർ വാദിക്കുന്നു.
മറ്റുള്ളവർക്ക് സംവരണം ഉള്ളതുപോലെ മുതിർന്ന പൗരന്മാർക്കും മെഡിക്കൽ സീറ്റ് നേടാൻ തുല്യ അവസരം ലഭിക്കണമെന്ന് ഇദ്ദേഹത്തിന്റെ അഭിഭാഷകൻ പങ്കജ് ധീർ സിംഗ് റാണ ചൂണ്ടിക്കാട്ടി.
1974-ൽ മെഡിക്കൽ പ്രവേശന പരീക്ഷ എഴുതിയ അശോക് ബഹാറിന്റെ ഡോക്ടറാകണമെന്ന സ്വപ്നം അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷമാണ് വീണ്ടും സജീവമാകുന്നത്. തന്റെ അമ്മയുടെ ആഗ്രഹമായിരുന്നു ഇത്.
ലഖ്‌നൗ സർവകലാശാലയിൽ നിന്ന് സുവോളജി, ബോട്ടണി, കെമിസ്ട്രി എന്നിവയിൽ ബിരുദവും നിയമബിരുദവും എംബിഎയും ഉള്ള ഇദ്ദേഹം, ഇന്ത്യൻ ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ മാർക്കറ്റിംഗ് ഹെഡ് ആയും വിദേശകാര്യ മന്ത്രാലയത്തിൽ കൺസൾട്ടന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നിലവിൽ ഹൈക്കോടതി അഭിഭാഷകനാണ് ഇദ്ദേഹം. പഠനത്തിന് പ്രായം ഒരു തടസ്സമല്ലെന്നും, പിൽക്കാലത്ത് തങ്ങളുടെ സ്വപ്നങ്ങൾ പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്കായി സർക്കാർ പ്രത്യേക വ്യവസ്ഥകൾ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.








0 comments