ad
Deshabhimani

ലോകകപ്പ് ഫൈനൽ; വൈദ്യുതി തടസമുണ്ടാകില്ലെന്ന് സർക്കാർ ഉറപ്പാക്കണം: മുഹമ്മദ് റിയാസ്

muhammad riyas
വെബ് ഡെസ്ക്

Published on Jul 19, 2026, 10:56 AM | 1 min read

തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ മത്സരത്തിനിടെ സംസ്ഥാനത്ത് വൈദ്യുതി തടസമുണ്ടാകാതിരിക്കാൻ സർക്കാർ കർശന ജാഗ്രത പുലർത്തണമെന്ന് പി എ മുഹമ്മദ് റിയാസ് എംഎൽഎ. വൈദ്യുതി തടസം നേരിടേണ്ടി വരുന്നത് അതീവ ഗൗരവകരമായ സാഹചര്യമാണെന്നും, ഇക്കാര്യത്തിൽ യുഡിഎഫ് സർക്കാർ നൽകുന്ന ഉറപ്പുകൾ മുൻകാലങ്ങളിൽ പാളിയ ചരിത്രമാണുള്ളത്. വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണം യുഡിഎഫ് സർക്കാരിന്റെ നിരുത്തരവാദപരമായ സമീപനമാണെന്നും റിയാസ് ചൂണ്ടിക്കാട്ടി.


ദീർഘകാല കരാറുകൾക്ക് പകരം ഹ്രസ്വകാല കരാറുകളിലേക്ക് മാറിയതാണ് പ്രശ്നങ്ങൾ വഷളാക്കിയത്. സംസ്ഥാനത്ത് 400 മുതൽ 600 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവുണ്ടായിട്ടും, 150 മെഗാവാട്ട് മാത്രമാണ് ഹ്രസ്വകാല കരാറിലൂടെ വാങ്ങിയത്. പത്തു രൂപയിലധികം നൽകുമായിരുന്നിട്ടും വൈദ്യുതി വാങ്ങാൻ കഴിയുന്നില്ല എന്ന വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ വാദം വിചിത്രമാണ്. ജൂലൈ 15ന് കർണാടക സർക്കാർ യൂണിറ്റിന് 9.2 രൂപ നിരക്കിൽ വൈദ്യുതി വാങ്ങി. കോൺഗ്രസ് ഭരിക്കുന്ന കർണാടകയുമായി ചർച്ച നടത്തി പരിഹാരം കാണാൻ മന്ത്രി എന്തുകൊണ്ട് ശ്രമിക്കുന്നില്ലെന്നും റിയാസ് ചോദിച്ചു.


വൈദ്യുതി മന്ത്രി തന്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തേക്കാൾ കൂടുതൽ സമയം കെപിസിസി പ്രസിഡന്റ് എന്ന നിലയിലുള്ള പാർടി പ്രവർത്തനങ്ങൾക്കാണ് ചെലവഴിക്കുന്നതെന്ന് റിയാസ് ആരോപിച്ചു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നതിന് പകരം പാർടിയുടെ ആഭ്യന്തര പ്രശ്നങ്ങൾ തീർക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. പത്തുവർഷത്തെ എൽഡിഎഫ് ഭരണകാലത്ത് സംസ്ഥാനത്ത് പവർക്കട്ടോ ലോഡ്ഷെഡിംഗോ ഉണ്ടായിരുന്നില്ലെന്നും എന്നാൽ ഇപ്പോഴത്തെ ഭരണത്തിൽ വൈദ്യുതി നിയന്ത്രണം മൂലം രണ്ടുപേരുടെ ജീവൻ നഷ്ടപ്പെട്ടതും അദ്ദേഹം ഓർമിപ്പിച്ചു.


യുഡിഎഫ് സർക്കാരിൽ മന്ത്രിമാർക്കിടയിൽ ഏകോപനമില്ല. പിഎം ശ്രീ, നിപ, ധവളപത്രം, വഖഫ് തുടങ്ങി ഒട്ടുമിക്ക വിഷയങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്. മുഖ്യമന്ത്രി എല്ലാവരെയും ഏകോപിപ്പിച്ച് മുന്നോട്ട് പോകാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. വകുപ്പിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ മറ്റ് കാര്യങ്ങളിൽ ഇടപെടുന്ന വൈദ്യുതി മന്ത്രിയും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെട്ട് വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home