ഓണത്തിന് തീയേറ്ററുകൾ കീഴടക്കാൻ ‘ഖലീഫ’; ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോ നാളെയെത്തും

കൊച്ചി : പൃഥ്വിരാജ്, വൈശാഖ്, ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബഡ്ജറ്റ് മാസ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലർ ചിത്രം 'ഖലീഫ'യിലെ ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോ നാളെ പുറത്തിറങ്ങും. ജൂലൈ 20 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്കാണ് ഗാനം റിലീസ് ചെയ്യുന്നത്. ജേക്സ് ബിജോയ് ഈണം പകർന്ന 'അസലായവളേ' എന്ന ഗാനമാണ് പുറത്തുവരിക. സിദ് ശ്രീറാം, മഖ്ബൂൽ മൻസൂർ, മുത്തു എന്നിവരാണ് ഈ ഗാനത്തിന്റെ പിന്നണിയിൽ അണിനിരക്കുന്നത്. ഈ വർഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തുന്നത്.
'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്ന ടാഗ്‌ലൈനോടെയെത്തുന്ന ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കേന്ദ്ര കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി ചിത്രത്തിൽ അതിഥി താരമായി മോഹൻലാലും എത്തുന്നുണ്ട്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഖലീഫയുടെ രണ്ടാം ഭാഗത്തിൽ മോഹൻലാലാകും നായകനായി എത്തുക.
സ്വർണ കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ബിഗ് ബഡ്ജറ്റ് എന്റർറ്റൈനറാണ് ഖലീഫയെന്ന സൂചനയാണ് ചിത്രത്തിന്റെ നേരത്തെ പുറത്തുവന്ന ഗ്ലിംപ്സ് വീഡിയോ നൽകിയത്. ബോളിവുഡ് താരം നീൽ നിതിൻ മുകേഷ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങളും ആക്ഷൻ രംഗങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണമായിരിക്കും.
ഹിറ്റ് ചിത്രം പോക്കിരി രാജ യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായാണ് ചിത്രീകരിച്ചത്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം - പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി എന്നിവരാണ് സഹനിർമാതാക്കൾ. ജോമോൻ ടി ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങും നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, ആക്ഷൻ: യാനിക്ക് ബെൻ, കോ ഡയറക്ടർ: സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ്: മഷർ ഹംസ, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, മേക്കപ്പ്: അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ, വിനോഷ് കൈമൾ, പിആർഒ: ശബരി.











0 comments