പൂഞ്ചിൽ മിന്നൽ പ്രളയം: നാല് മരണം, നിരവധിപേരെ കാണാതായി

സൂൻരൻകോട്ട്: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ശക്തമായ മഴയിലും മിന്നൽപ്രളയത്തിലും മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ച സൂരൻകോട്ട് തഹസീലിലാണ് എല്ലാ മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉരുൾപൊട്ടൽ കൂടി ഉണ്ടായതോടെ ഒറ്റപ്പെട്ടുപോയ താമസക്കാരെ കണ്ടെത്താനും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും തീവ്ര ശ്രമങ്ങൾ തുടരുന്നു.
ലോവർ മുറയിൽ ഉരുൾപൊട്ടലിൽ വീട് തകർന്ന് ഉടമ മുഹമ്മദ് ലത്തീഫും കുടുംബത്തിലെ മറ്റ് അഞ്ച് അംഗങ്ങളും ഉൾപ്പെടെ ആറ് പേരെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
നൂനാബന്തി ഗ്രാമത്തിൽ വീട് തകർന്നു വീണ് 28 വയസ്സുകാരിയായ നാസിയ കൗസർ എന്ന സ്ത്രീ മരിച്ചു. ഇവരുടെ ഭർത്താവ് മുഹമ്മദ് ഹഫീസ്, രണ്ട് മുതൽ ആറ് വയസ്സ് വരെ പ്രായമുള്ള മൂന്ന് കുട്ടികൾ എന്നിവരെ പരിക്കുകളോടെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
മർഹോട്ട് പ്രദേശത്തെ അരുവിയിൽ പെൺകുട്ടി മുങ്ങിമരിച്ചു. ദുന്ദക് ലാഥൂങ് പാലം പ്രദേശത്തെ അരുവിയിൽ നിന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തു.











0 comments