നാഗാലാൻഡിൽ മണ്ണിടിച്ചിൽ; നാല് മരണം, 13 വീടുകൾ മണ്ണിനടിയിൽ

കൊഹിമ: നാഗാലാൻഡിലെ മോൺ പട്ടണത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മണ്ണിടിച്ചിലിൽ നാലുപേരുടെ മൃതദേഹം കണ്ടെത്തി. കുട്ടികളുള്‍പ്പെടെ എട്ടുപേര്‍ മരിച്ചതായാണ് സംശയം. ഡിഫൻസ് കോളനിയിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ 13 വീടുകൾ പൂർണമായും മണ്ണിനടിയിലായി.
നാലുപേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തതായും കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്നും മോൺ ഡെപ്യൂട്ടി കമീഷണർ വെന്നിയേയ് കൊന്യാക് അറിയിച്ചു.
സംസ്ഥാന ദുരന്ത പ്രതികരണ സേന, ജില്ലാ പൊലീസ്, അസം റൈഫിൾസ്, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. തുടർച്ചയായ മഴയും മണ്ണിടിച്ചിൽ സാധ്യതയുള്ള ചെരിവുകളും ശക്തമായ വെള്ളപ്പാച്ചിലും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്.
മോൺ പട്ടണത്തിന്റെ മറ്റ് ഭാഗങ്ങളിലും നിരവധി മണ്ണിടിച്ചിലുകൾ റിപ്പോർട്ട് ചെയ്തതായി ജില്ലാ ഭരണകൂടം അറിയിച്ചു. നദീതീരത്തെ രൂക്ഷമായ മണ്ണൊലിപ്പ് സമീപത്തെ നിരവധി വീടുകൾക്കും ഭീഷണിയായിട്ടുണ്ട്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 74,000 രൂപ വീതവും അടിയന്തര ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി നെയ്ഫ്യു റിയോ പ്രഖ്യാപിച്ചു. നാഗാലാൻഡ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ജില്ലാ ഭരണകൂടം, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, സംസ്ഥാന ദുരന്ത പ്രതികരണ സേന, പൊലീസ്, അസം റൈഫിൾസ്, പ്രദേശവാസികൾ എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
എൻപിപി നാഗാലാൻഡ് പ്രസിഡന്റും എംഎൽഎയുമായ എ ന്യാംന്യെയ് കൊന്യാക് മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. ദുരന്തബാധിതർക്ക് സംസ്ഥാന സർക്കാർ അടിയന്തര സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് മണ്ണിടിച്ചിൽ സാധ്യതയുള്ള ചെരിവുകളിൽനിന്നും നദീതീരങ്ങളിൽനിന്നും ആളുകൾ മാറിനിൽക്കണമെന്ന് അധികൃതർ നിർദേശിച്ചു. സാഹചര്യം സുരക്ഷിതമായശേഷം നാശനഷ്ടങ്ങളുടെ കണക്കെടുപ്പും പുനരുദ്ധാരണ പ്രവർത്തനങ്ങളും ആരംഭിക്കും.











0 comments