ad
Deshabhimani

ഊതി വീർപ്പിച്ച ബലൂൺ പൊട്ടി

modi gdp.jpg
avatar
മധു നീലകണ്ഠൻ

Published on Sep 04, 2026, 12:47 PM | 4 min read

മോദി ചെണ്ട കൊട്ടുന്നു, നിർമലാ സീതാരാമൻ തുള്ളിച്ചാടുന്നു. മോദി മാധ്യമങ്ങൾ വെണ്ടയ്ക്ക നിരത്തി ആഘോഷിക്കുന്നു. നടപ്പു ധനവർഷത്തിൻ്റെ (2026- 27) ഒന്നാം പാദത്തിൽ (ഏപ്രിൽ - ജൂൺ) രാജ്യത്തിൻ്റെ മൊത്തം ആഭ്യന്തരോൽപാദനം (ജിഡിപി) 7.8 ശതമാനം വളർച്ച കൈവരിച്ചിരിക്കുന്നു എന്ന് പറഞ്ഞാണ് ഈ അർമാദിക്കൽ. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യമൊന്നും ഏശാതെ ഇന്ത്യ വളർച്ചയുടെ പാതയിൽ മുന്നോട്ടു പോകുന്നുവെന്ന അവകാശവാദവും ഇതോടൊപ്പം ഘോഷിക്കുന്നുണ്ട്.


പൊട്ടക്കണക്കുകൾ


എന്നാൽ, ഈ കണക്ക് തന്നെ തനിത്തട്ടിപ്പാണെന്ന് ഒട്ടേറെ സാമ്പത്തിക വിദഗ്ധർ ഒരേ സ്വരത്തിൽ ചൂണ്ടിക്കാട്ടി രംഗത്തു വന്നതോടെ സ്ഥിതി വിവരത്തിലെ മറിമായം വെളിപ്പെട്ടിരിക്കുന്നു. മുൻ കേന്ദ്ര ധനസെക്രട്ടറി സുഭാഷ് ചന്ദ്രഗാർഗ്, റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ, ജെ എൻയുവിലെ മുൻ പ്രൊഫസർ അരുൺകുമാർ എന്നിവരൊക്കെയാണ് പൊട്ടക്കണക്കിനെ വസ്തുതകളുടെ പിൻബലത്തോടെ തുറന്നു കാണിച്ചിരിക്കുന്നത്. ഇതോടെ, മോദി സർക്കാർ ഊതി വീർപ്പിച്ച ബലൂൺ ഒരു നിമിഷംകൊണ്ട് പൊട്ടിപ്പോയി.


കഴിഞ്ഞ ദിവസം കേന്ദ്ര സ്ഥിതി വിവര സംഘടന (CSO) പുറത്തു വിട്ട കണക്കു പ്രകാരം നടപ്പു ധനവർഷത്തിലെ ആദ്യപാദത്തിൽ നോമിനൽ ജിഡിപി 10.3 ശതമാനവും റിയൽ ജിഡിപി 7.8 ശതമാനവുമാണ്. (വിലക്കയറ്റം ഉൾപ്പെടുത്തി കണക്കാക്കുന്നത് നോമിനൽ ജിഡിപി, വിലക്കയറ്റം കിഴിച്ചുള്ളത് റിയൽ ജിഡിപി. യഥാർഥ വളർച്ച അറിയുന്നത് റിയൽ ജിഡിപിയിലൂടെയാണ്). ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന രണ്ടു കണക്കുകളും വ്യാജമാണെന്നാണ് വിദഗ്ധർ വ്യക്തമാക്കിയിരിക്കുന്നത്. ഈ വ്യാജ കണക്കിൻ്റെ മറവിലാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നു, കുതിക്കുന്നു എന്നൊക്കെ മോദിയും നിർമലാ സീതാരാമനും പെരുമ്പറ കൊട്ടുന്നത്.


കണക്കിലെ തട്ടിപ്പ് ഇങ്ങനെ


ജിഡിപി കണക്കിലെ തട്ടിപ്പ് എങ്ങനെ. മുൻ ധനവർഷത്തിലെ ഒന്നാം പാദത്തിലെ ജിഡിപി വളർച്ചാ നിരക്ക് ഇപ്പോൾ കുറച്ചു കാണിച്ചതു വഴിയാണ് ഈ ധന വർഷത്തിലെ ആദ്യപാദത്തിൽ വളർച്ച കൂടിയതായി കാണിക്കുന്നത്. ഇതു പറയുന്നത് മറ്റാരുമല്ല. മുൻ കേന്ദ്ര ധന സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ്. കഴിഞ്ഞ വർഷത്തെ കണക്കു പ്രകാരം നോമിനൽ ജിഡിപി 86.05 ലക്ഷം കോടി രൂപയായിരുന്നു. ജിഡിപി കണക്കാക്കുന്ന രീതിയിൽ മാറ്റം വരുത്തി അന്നത്തേത് 80 ലക്ഷം കോടി രൂപയായി കുറച്ചു. ഈ ധന വർഷത്തിലെ ഒന്നാം പാദത്തിൽ നോമിനൽ ജിഡിപി 88.27 ലക്ഷം കോടി രൂപയെന്ന കണക്കുമുണ്ടാക്കി. എൺപതിൽ നിന്ന് 88 ലേക്ക് കണക്കു മാറുമ്പോൾ വർധന വലുതാണല്ലോ. അതേ സമയം 86 ൽ നിന്ന് 88 ലേക്കാണ് വളർച്ചയെങ്കിൽ നേരിയ വർധന മാത്രം. വളർച്ച പെരുപ്പിച്ച് കാണിക്കാനായിരുന്നു മുൻ വർഷത്തിലെ കണക്ക് 80 ലക്ഷം കോടിയാക്കി കുറച്ച് അട്ടിമറി നടത്തിയത്. അങ്ങനെ നോമിനൽ ജിഡിപി 10. 3 ശതമാനം എന്ന തട്ടിപ്പ് പടച്ചു .വിലക്കയറ്റം ഉൾപ്പെടുത്താതെയുള്ള നോമിനൽ 2.6 ശതമാനം മാത്രമെന്ന് സുഭാഷ് ഗാർഗ് ചൂണ്ടിക്കാട്ടുന്നു. അപ്പോൾ വിലക്കയറ്റം കിഴിച്ചുള്ള റിയൽ ജിഡിപി വട്ടപ്പൂജ്യം.


ജിഡിപിയിൽ ജീവിതമുണ്ടോ


ഇനി കാര്യങ്ങൾ ഇങ്ങനെയൊന്നുമല്ല എന്ന് വാദത്തിന് അംഗീകരിച്ചാൽത്തന്നെ ഒരു ധനവർഷത്തിലെ ആദ്യ കാൽക്കൊല്ലത്തെ വളർച്ചാ നിരക്കിൻ്റെ പേരിൽ ഇത്രമാത്രം തുള്ളിച്ചാടാൻ വല്ലതുമുണ്ടോ. ജിഡിപി ജനജീവിതത്തിൻ്റെ യഥാർത്ഥ ചിത്രം വെളിപ്പെടുത്തുന്നുണ്ടോ. ഒരു ശതമാനം അതിസമ്പന്നർ, ഒരു ശതമാനം അതിസമ്പന്നർക്കു വേണ്ടി, ഒരു ശതമാനം അതിസമ്പന്നരാൽ ഭരിക്കുന്ന രാജ്യത്ത് ജിഡിപി വെറും ഗണിതതന്ത്രം മാത്രമാണെന്നതാണ് പ്രധാന കാര്യം. സാധാരണ ജനങ്ങളുടെ ജീവിതത്തിൽ ഒരു പുരോഗതിയും സംഭവിക്കുന്നില്ല. പട്ടിണിയും തൊഴിലില്ലായ്മയും കുറയുന്നില്ല. വരുമാനം കൂടുന്നില്ല. വാങ്ങൽ കഴിവ് വർധിക്കുന്നില്ല. സമ്പദ് വ്യവസ്ഥ വളർന്നെങ്കിൽ ഇക്കാര്യങ്ങളിലൊക്കെ മാറ്റം വേണ്ടേ ? റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജനെപ്പോലുള്ളവർതന്നെ ചോദിക്കുന്നത് ഇക്കാര്യമാണ്. സമ്പദ് വ്യവസ്ഥ വളരുകയാണെങ്കിൽ ഇക്കാര്യത്തിലൊക്കെ മാറ്റം വരേണ്ടതല്ലേ... ജിഡിപി എന്നാൽ ഒരു നിശ്ചിത കാലയളവിൽ രാജ്യത്തുല്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും പണമൂല്യം എന്ന് സാമാന്യാർത്ഥത്തിൽ പറയാം. എന്തുൽപാദിപ്പിച്ചാലും, കമ്പോളത്തിൽ എന്തുണ്ടായാലും അതു വാങ്ങാൻ ജനങ്ങളുടെ കയ്യിൽ പണമില്ലെങ്കിൽ എന്തു കാര്യം. പൈസയുള്ളവർക്ക് വാങ്ങാം. കമ്പോള സാമ്പത്തിക നയത്തിൻ്റെ ഏറ്റവും വലിയ പരിമിതിയും ഇതുതന്നെ.


ജിഡിപിക്ക് പകരം ആളോഹരി വരുമാനമാണ് (പ്രതിശീർഷ വരുമാനം) വർധിച്ചതെങ്കിൽ മനുഷ്യരുടെ ജീവിതത്തിൽ കുറച്ചെങ്കിലും മാറ്റമുണ്ടായി എന്നു പറയാം. ജി 20 രാജ്യങ്ങളുടെ ഗ്രൂപ്പിൽ പ്രതിശീർഷ വരുമാനം ഏറ്റവും കുറഞ്ഞ രാജ്യമാണ് ഇന്ത്യ. അമേരിക്കയും യൂറോപ്യൻ യൂണിയനും ആഫ്രിക്കൻ യൂണിയനും ചൈനയുമെല്ലാം ഉൾപ്പെടുന്ന ഈ ഗ്രൂപ്പിൽ പ്രതിശീർഷ വരുമാനത്തിൻ്റെ കാര്യത്തിൽ ഇന്തോനേഷ്യയേക്കാൾ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്തോനേഷ്യയുടെ പ്രതിശീർഷ വരുമാനം 4900 ഡോളർ. ഇന്ത്യയുടേത് 2650 ഡോളർ.


ആളോഹരി വരുമാനത്തിൻ്റെ കണക്കു പോലും സാധാരണ ജനങ്ങളുടെ യഥാർത്ഥ വരുമാനം എത്രയെന്ന് കണ്ടെത്താൻ പര്യാപ്തമല്ല. രാജ്യത്തിൻ്റെ മൊത്തം ദേശീയ വരുമാനത്തെ ജനസംഖ്യ കൊണ്ട് ഹരിച്ച് കിട്ടുന്നതാണ് ആളോഹരി വരുമാനം. അതായത് പണക്കാരുടെയും പാവപ്പെട്ടവരുടെയുമെല്ലാം പണം ചേർന്നതാണ് ആകെ വരുമാനം. അതിനെ ജനങ്ങളുടെ എണ്ണം കൊണ്ട് ഹരിച്ചു കിട്ടുന്ന ആളോഹരി വരുമാനം കൊണ്ടും യഥാർത്ഥ സ്ഥിതി വെളിപ്പെടുന്നില്ല. എങ്കിലും ജിഡിപിയേക്കാൾ ഭേദം. ജിഡിപി കണക്ക് പറഞ്ഞ് പെരുമ്പറ കൊട്ടുന്നതിൽ ഒരർത്ഥവുമില്ല. അതിൽ ജീവിതമില്ല.


പശ്ചിമേഷ്യയും ഇന്ത്യയും


പശ്ചിമേഷ്യയിലെ യുദ്ധമൊന്നും ഇന്ത്യയെ ബാധിച്ചിട്ടില്ലെന്ന അവകാശവാദവും ഇതോടൊപ്പം പൊളിയുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ അടുത്ത ദിവസങ്ങളിൽ തുടർച്ചയായി നടത്തിയ പ്രസ്താവന തന്നെ ഇതിന് തെളിവ്. വിദേശത്തു നിന്ന് സ്വർണം ഇറക്കുമതി ചെയ്യുന്നത് കുറയ്ക്കണം , വിദേശ യാത്രകൾ ഒഴിവാക്കണം എന്നൊക്കെയാണ് പറഞ്ഞത്. ഈ രണ്ട് ആവശ്യങ്ങൾക്കും വിദേശ നാണ്യം (ഡോളർ) ആവശ്യമാണ്. അങ്ങനെ ഡോളർ എടുക്കേണ്ടി വരുമ്പോൾ വിദേശ നാണ്യ ശേഖരം (Foreign Exchange Reserve) കാലിയാകും. അല്ലെങ്കിൽത്തന്നെ നമ്മുടെ ഇറക്കുമതിച്ചെലവ് കൂടുതലാണ്. ക്രൂഡ് ഓയിൽ വാങ്ങുന്നതിനാണ് കൂടുതൽ ചെലവ് വേണ്ടി വരുന്നത്. രൂപയുടെ വിനിമയ നിരക്ക് തുടർച്ചയായി ഇടിയുമ്പോൾ ഇറക്കുമതി ചെലവ് വീണ്ടും കൂടും. വിദേശ നാണ്യ ശേഖരത്തിലുള്ളതാകട്ടെ ഒറ്റ രാത്രികൊണ്ടു പിൻവലിക്കാവുന്ന താൽക്കാലിക വിദേശ നിക്ഷേപവുമാണ്. ഓഹരി- പണക്കമ്പോളങ്ങളിലെ ചൂതാട്ടത്തെ ലക്ഷ്യമിട്ട് വരുന്ന ഡോളർ നിക്ഷേപങ്ങൾ. ഈ നിക്ഷേപകർ ഓഹരികൾ കൂട്ടത്തോടെ വിറ്റഴിച്ച് വിപണികളിൽ നിന്ന് പിൻമാറുമ്പോൾ വിദേശനാണ്യ ശേഖരം ശുഷ്‌കമാകും. അതായത് അവർക്ക് ഡോളർ നൽകണം. അപ്പോൾ ഡോളർ ഡിമാൻഡുയരും. അതോടെ രൂപയുടെ വിനിമയ മൂല്യം പിന്നെയും ഇടിയും. ഈയൊരു സാഹചര്യത്തിലാണ് വിദേശ യാത്രയും സ്വർണം വാങ്ങലും കുറയ്ക്കണമെന്ന് മോദി തുടർച്ചയായി പറയുന്നത്. വാസ്തവത്തിൽ പശ്ചിമേഷ്യൻ പ്രതിസന്ധി ഈ പ്രശ്‌നങ്ങളാക്കെ രൂക്ഷമാക്കുകയാണ്. അപ്പോഴാണ് അത് ഇന്ത്യയെ ബാധിച്ചിട്ടില്ലെന്ന അവകാശ വാദം. ജിഡിപി കണക്കിലെ മറിമായം പോലെ മറ്റൊരു പൊള്ളത്തരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home