ad
Deshabhimani

സെക്രട്ടറിയറ്റ് മാർച്ച്: മൂന്ന് എസ്എഫ്ഐ നേതാക്കളെ റിമാന്‍ഡ് ചെയ്തു

SFI Marches to Secretariat
വെബ് ഡെസ്ക്

Published on Sep 04, 2026, 12:43 PM | 1 min read

തിരുവനന്തപുരം: സർവകലാശാലകളിലെ കാവിവൽക്കരണത്തിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ചതിന്‌ പിന്നാലെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എം എ മനേഷ്, എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എസ്‌ കെ ആദർശ്‌, ടോണി കുര്യാക്കോസ്‌ എന്നിവരെ റിമാൻഡ് ചെയ്ത് കോടതി. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.


വിദ്യാർഥി നേതാക്കളെ വ്യാഴാഴ്ച രാത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽനിന്ന്‌ കന്റോൺമെന്റ്‌ പൊലീസാണ് അറസ്റ്റ്‌ ചെയ്‌തത്‌. പൊലീസ്‌ ലാത്തിച്ചാർജിൽ പരിക്കേറ്റ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ്‌ സഞ്ജീവിന്‌ ആശുപത്രിയിൽ കൂട്ടിരുന്നവരാണ്‌ ഇരുവരും. വ്യാഴം രാത്രി ഒമ്പതോടെ സഞ്ജീവിനെ ഡിസ്‌ചാർജ്‌ ചെയ്‌തു. തുടർന്ന്‌ ആശുപത്രി വിടാന്‍ വാഹനമെടുക്കാൻ അത്യാഹിത വിഭാഗത്തിന് സമീപം എത്തിയപ്പോഴാണ്‌ മഫ്‌തിയിലായിരുന്ന പൊലീസ് അറസ്റ്റ്‌ ചെയ്‌തത്‌.


എസ്‌എഫ്‌ഐ നടത്തിയ സെക്രട്ടറിയറ്റ്‌ മാർച്ചിനുശേഷം മണിക്കൂറുകൾക്കുള്ളിൽ മൂന്ന്‌ എഫ്‌ഐആറാണ്‌ ഇട്ടത്‌. ഇതിലൊന്നിലും പേരില്ലാത്ത ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എം എ മനേഷിനെ ബുധനാഴ്ച രാത്രി അറസ്റ്റ്‌ ചെയ്‌ത്‌ ലോക്കപ്പിലടയ്ക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്‌ചത്തെ പൊലീസ്‌ നരനായാട്ടിൽ കണ്ണിന്‌ താഴെ ഗുരുതര പരിക്കേറ്റ്‌ ചികിത്സയിലായതിനാൽ ബുധനാഴ്‌ചത്തെ മാർച്ചിൽ പങ്കെടുക്കാതിരുന്ന സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം വൈഷ്‌ണവി ഷാജിയെയും പ്രതിയാക്കി.


മലപ്പുറത്തായിരുന്ന കേന്ദ്രകമ്മിറ്റി അംഗം പി അക്ഷരയെയും കൊച്ചിയിലായിരുന്ന ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം അബിൻ രത്‌നയെയും വധശ്രമക്കേസിൽ പ്രതികളാക്കി. സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ്‌, സെക്രട്ടറി പി എസ്‌ സഞ്ജീവ്‌ ഉൾപ്പെടെ 30 നേതാക്കൾക്കെതിരെയും കണ്ടാലറിയാവുന്ന 200 പേർക്കെതിരെയുമാണ്‌ വധശ്രമ കേസ്‌. വിദ്യാർഥികളെ നേരിടുന്നതിനിടെ നാശമുണ്ടായ ലാത്തി, ഫൈബർ ഷീൽഡ്, ഹെൽമറ്റുകൾ എന്നിവയുടെ നഷ്‌ടം വിദ്യാർഥികളില്‍ നിന്ന് ഈടാക്കാനുമാണ് നീക്കം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home