ad
Deshabhimani

ക്ഷേമ പെൻഷൻ അട്ടിമറിക്കാനുള്ള മുന്നോടിയോ? മസ്റ്ററിങ് പ്രക്രിയയിലെ തടസ്സം സംശയാസ്പദം: കെഎസ്കെടിയു

ksktu thozhil urapp
വെബ് ഡെസ്ക്

Published on Jul 19, 2026, 05:32 PM | 1 min read

തിരുവനന്തപുരം: കർഷക തൊഴിലാളികൾക്കും മറ്റു പാവപ്പെട്ട ജനവിഭാഗങ്ങൾക്കും ആശ്വാസമായ ക്ഷേമപെൻഷൻ മസ്റ്ററിങ്ങിൽ ഉണ്ടായ തടസ്സം സംശയാസ്പദവും ക്ഷേമ പെൻഷൻ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ മുന്നോടിയുമാണെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്കെടിയു). സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും സാമൂഹ്യ ക്ഷേമ പെൻഷനെതിരെ നടപടികളുമായി നീങ്ങിയാൽ അതിശക്തമായ പ്രക്ഷോഭങ്ങൾക്ക് കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പനും ജനറൽ സെക്രട്ടറി എൻ ചന്ദ്രനും പ്രസ്താവനയിൽ പറഞ്ഞു.


മസ്റ്ററിങ് പ്രക്രിയ തുടങ്ങിയ ആദ്യ ദിവസം തന്നെ ജീവൻരേഖാ പോർട്ടൽ നിശ്ചലമാവുകയായിരുന്നു. സംസ്ഥാനത്തുടനീളമുള്ള ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ ഒരേസമയം പോർട്ടലിൽ പ്രവേശിച്ചതാണ് തടസ്സത്തിന് കാരണമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. എന്നാൽ, കഴിഞ്ഞകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഗുണഭോക്താക്കൾ മസ്റ്ററിങ്ങിന് തിക്കുംതിരക്കും കൂട്ടിയിട്ടില്ല. നേരത്തെയൊന്നുമില്ലാത്ത തടസ്സം ഇന്നുണ്ടാവാൻ ഗുണഭോക്താക്കളുടെ എണ്ണത്തിൽ വർദ്ധനവുമുണ്ടായിട്ടില്ല. സാങ്കേതികമായ തകരാർ ഉണ്ടാക്കി ക്ഷേമപെൻഷൻ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടതുണ്ട്.


യുഡിഎഫ് സർക്കാരിന്റെ ബഡ്ജറ്റിലും ധവള പത്രത്തിലും കേന്ദ്രസർക്കാരിന്റെ പുതിയ ലേബർ കോഡിലും ക്ഷേമ ബോർഡുകൾ ഇല്ലാതാക്കുമെന്ന സൂചനയുണ്ട്. അതിൻറെ ബാക്കിപത്രമാണ് മസ്റ്ററിങ് തടസ്സപ്പെടുത്താനുള്ള പരിശ്രമങ്ങൾ. കോൺഗ്രസും ബിജെപിയും സാമൂഹ്യ ക്ഷേമ പെൻഷനുകളെ ഒരുകാലത്തും അംഗീകരിച്ചിട്ടില്ല. കുടിശ്ശിക വരുത്തിയും പെൻഷൻ തുക വർധിപ്പിക്കാതെയും ക്ഷേമപെൻഷനുകൾ അട്ടിമറിച്ച പാരമ്പര്യമാണ് അവർക്കുള്ളത്. അധികാരത്തിൽ എത്തിയാലുടൻ ക്ഷേമ പെൻഷനുകൾ 3000 രൂപയാക്കി വർദ്ധിപ്പിക്കുമെന്ന് വാഗ്ദാനം നൽകിയവർ ഇപ്പോൾ അത് സംബന്ധിച്ച് ഒരക്ഷരം പറയുന്നില്ല. നിലവിലുള്ള ക്ഷേമ പെൻഷൻ ഇല്ലാതാക്കാനും ഗുണഭോക്താക്കളെ വെട്ടിക്കുറക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് മസ്റ്ററിങ് പ്രക്രിയ അട്ടിമറിക്കുന്ന സർക്കാർ നടപടിയെന്ന് കെഎസ്കെടിയു ഭാരവാഹികൾ ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home