print edition മതിൽ തകർത്ത ടോറസ്

ലോകകപ്പ് ഫുട്‌ബോൾ ഫൈനലിൽ അർജന്റീനയ്‌ക്കെതിരെ സ്‌പെയ്‌നിന്റെ വിജയഗോൾ നേടിയ ഫെറാൻ ടോറസിന്റെ ആഹ്ലാദം
ന്യൂയോർക്ക്: അലപോലെ ആഞ്ഞടിച്ച സ്‌പെയ്‌ൻ അർജന്റീനയുടെ വൻമതിലിനെ ഒറ്റഗോൾ കൊണ്ട് തച്ചുതകർത്തു. ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ വിരസമായ നിമിഷങ്ങൾക്കൊടുവിൽ അധികസമയത്ത് -െഫറാൻ ടോറസ് സ്‌പെയ്‌നിന്റെ വീരനായകനായി.
പകരക്കാരനായെത്തി 106–ാം മിനിറ്റിലുള്ള തകർപ്പനടി അർജന്റീനയുടെ വല തുളച്ചു. പത്ത് പേരായി ചുരുങ്ങി, പ്രതിരോധത്തിലേക്ക് പിൻവലിഞ്ഞ അർജന്റീനയ്‌ക്ക് കളിയിൽ ഒരിക്കൽപ്പോലും സ്‌പാനിഷ് പ്രതിരോധം പിളർത്താനായില്ല. തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടെത്തിയ അർജന്റീന സ്‌പാനിഷ് നീക്കങ്ങളുടെ കാഴ്‌ചക്കാർ മാത്രമായി മാറുകയായിരുന്നു.
ഷോട്ടുകളിൽ, പാസുകളിൽ, അപകടകരമായ മുന്നേറ്റങ്ങളിൽ സ്‌പെയ്‌ൻ മാത്രമായിരുന്നു. 852 പാസുകൾ, 20 ഷോട്ടുകൾ. സ്‌പാനിഷ് ആധിപത്യത്തിന് ഇൗ കണക്കുകൾ ധാരാളം. 19 ഗോളടിച്ച് ഫൈനലിലേക്ക് കുതിച്ച അർജന്റീനയ്‌ക്ക് ലക്ഷ്യത്തിലേക്ക് ഒറ്റ ഷോട്ട് പോലും തൊടുക്കാനായില്ല.
ആധികാരികതയുടെ മറുപേരായി സ്‌പെയ്‌ൻ.
പ്രീ ക്വാർട്ടറിൽ പോർച്ചുഗലിനെയും ക്വാർട്ടറിൽ ബൽജിയത്തെയും സെമിയിൽ ഫ്രാൻസിനെയും വീഴ്‌ത്തിയ സ്‌പെയ്‌ൻ ആധിപത്യക്കളിയുടെ രൂപമായി കളത്തിൽ മാറി. എട്ട് കളിയിൽ ഒറ്റ ഗോൾ മാത്രം വഴങ്ങി. ലൂയിസ് ഡാ ലെ ഫ-ുയന്റെയെന്ന പരിശീലകൻ സ്‌പെയ്‌ൻ നിരയെ അജയ്യരാക്കി മാറ്റി. തോൽവിയില്ലാതെ 38 കളികളാണ് സ്‌പെയ്‌ൻ പൂർത്തിയാക്കിയത്.
കളിയുടെ തുടക്കം മുതൽ സ്‌പെയ്‌ൻ ആഞ്ഞടിച്ചു. മെസിയെന്ന ഇതിഹാസത്തെപ്പോലും നിശബ്‌ദമാക്കി. പന്ത് കിട്ടാതെ മെസി ഒറ്റപ്പെട്ടു.
കൗമാരക്കാരൻ ലമീൻ യമാലും റോഡ്രിയും ഡാനി ഒൽമോയും മാർക് കുകുറെല്ലയും യൂറോ ചാന്പ്യൻമാരുടെ വഴിവെട്ടി. അവസാനംവരെയും പ്രതിരോധിക്കുക എന്നത് മാത്രമായിരുന്നു അർജന്റീനയുടെ തന്ത്രം. 90 മിനിറ്റിൽ ഒറ്റ ഷോട്ട് പോലും പായിക്കാൻ ലയണൽ സ്‌കലോണിയുടെ സംഘത്തിന് കഴിഞ്ഞില്ല. ഇതിനിടെ എൺസോ ഫെർണാണ്ടസ് രണ്ടാം മഞ്ഞക്കാർഡ് കിട്ടി പുറത്തായതോടെ ചാന്പ്യൻമാർ പതറി. മുന്നേറ്റത്തിൽ മെസി മാത്രമായി.
യമാലിന്റെയും മിക്കേൽ ഒയർസബാലിന്റെയും തകർപ്പൻ ഷോട്ടുകൾ ഉൾപ്പെടെ ഗോൾമുഖത്ത് തടഞ്ഞ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസാണ് അർജന്റീനയുടെ ജീവൻ അധികസമയംവരെ നീട്ടിയത്. പകരക്കാരായി നിക്കോ വില്യംസും പെഡ്രിയും മിക്കേൽ മെറീനോയുമെത്തിയതോടെ സ്‌പെയ്‌നിന്റെ ആക്രമണം കടുത്തു. വില്യംസിന്റെ തകർപ്പൻ ഹെഡ്ഡർ എമിലിലാനോ ഒറ്റക്കൈ കൊണ്ട് കുത്തിയകറ്റി.
തൊട്ടടുത്ത നിമിഷം വില്യംസ് ഗോൾ നേടിയെങ്കിലും റ-ഫറി ഫൗൾ വിളിച്ചു. കളി ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ഫെറാൻ ടോറസ് സ്‌പാനിഷ് സ്വപ്‌നം പൂർത്തിയാക്കിയത്. ബോക്‌സിലേക്കുള്ള ക്രോസ് വില്യംസ് തട്ടിയിട്ടു. നിലത്തുവീണ എമിലിയാനോയ്‌ക്ക് ടോറസിന്റെ അതിവേഗ നീക്കം മനസിലായില്ല. പന്ത് വലയുടെ മേൽക്കൂര തകർത്തു.
അവസാന ഘട്ടത്തിൽ അർജന്റീന മെസിയുടെ നേതൃത്വത്തിൽ ഗോളടിക്കാൻ നോക്കിയെങ്കിലും സ്‌പാനിഷ് പ്രതിരോധം തടഞ്ഞു.










0 comments