ജില്ലാ ആശുപത്രിക്കുമുമ്പിൽ പ്രതിഷേധം
"ഹൃദയപൂർവം' ഭക്ഷണവിതരണം തുടരും: ഡിവൈഎഫ്ഐ

കൊല്ലം
ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണംചെയ്യുന്ന ഡിവൈഎഫ്ഐയുടെ ഹൃദയപൂർവം പദ്ധതിയെ എതിർക്കുന്ന ആരോഗ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ജില്ലാ കമ്മിറ്റി. കക്ഷിരാഷ്ട്രീയത്തിനതീതമായി ആയിരക്കണക്കിനുപേർക്ക് ആശ്വാസകരമാകുന്ന പദ്ധതിയാണിത്. 2017 മാർച്ച് 17നാണ് ജില്ലാആശുപത്രിയിൽ "ജീവന് രക്തം വിശപ്പിന് ഭക്ഷണം' എന്ന മുദ്രാവാക്യമുയർത്തി ഉച്ചഭക്ഷണ വിതരണം ആരംഭിച്ചത്. 2017 മെയ് ഒന്നുമുതൽ കടയ്ക്കൽ താലൂക്കാശുപത്രിയിലും 2022 ഫെബ്രുവരി 23 മുതൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും 2025 ജനുവരി ഒന്നുമുതൽ പുനലൂർ താലൂക്കാശുപത്രിയിലും "ഹൃദയപൂർവം' പദ്ധതി ആരംഭിച്ചു. നാല് ആശുപത്രിയിലായി മൂവായിരത്തഞ്ഞൂറിലധികം പൊതിച്ചോറുകൾ നൽകുന്നു. ആശുപത്രികളിൽ രക്തവും ഡിവൈഎഫ്ഐ പ്രവർത്തകർ ദാനം ചെയ്യുന്നുണ്ട്. ആരോഗ്യമന്ത്രിയുടെ പ്രസ്താവനകൊണ്ട് ക്യാമ്പയിൻ അവസാനിപ്പിക്കില്ലെന്നും ജില്ലാ പ്രസിഡന്റ് എം ഹരികൃഷ്ണൻ, സെക്രട്ടറി ടി ആർ ശ്രീനാഥ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ജില്ലാ ആശുപത്രിക്കുമുമ്പിൽ ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എം ഹരികൃഷ്ണൻ അധ്യക്ഷനായി. സെക്രട്ടറി ടി ആർ ശ്രീനാഥ്, ട്രഷറർ യു പവിത്ര, വൈസ് പ്രസിഡന്റ് ടി പി അഭിമന്യു, സെക്രട്ടറിയറ്റ്‌അംഗം മനു ദാസ്, ശരത് ബി ചന്ദ്രൻ, വിനു വിജയൻ, ആശാരാജ്, എസ് സുമി, മുഹമ്മദ് ബിലാൽ, അമർ ഷാരിയർ എന്നിവർ സംസാരിച്ചു.









0 comments