ad
Deshabhimani

അധ്യാപകർ സെൻസസ് തിരക്കിൽ, കുട്ടികൾ പ്രതിസന്ധിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖിക

Published on Jul 21, 2026, 12:46 AM | 2 min read

കൊല്ലം

ഓണപ്പരീക്ഷയ്‌ക്ക്‌ ആഴ്‌ചകൾ മാത്രം, അധ്യാപകർ സെൻസസ് ജോലിത്തിരക്കിൽ, പഠിക്കാനാകാതെ കുട്ടികൾ. കൃത്യമായ ആസൂത്രണമില്ലാതെ സെൻസസ്‌ ആരംഭിച്ചതോടെയാണ്‌ ജില്ലയിലെ സ്‌കൂളുകളിൽ അധ്യാപക ക്ഷാമം രൂക്ഷം. ഹെഡ്‌മാസ്‌റ്റർ ഒഴികെയുള്ള എല്ലാ അധ്യാപകർക്കും സെൻസസ് ഡ്യൂട്ടി ലഭിച്ച സ്കൂളുകളാണ്‌ ഏറെയും. പത്താംക്ലാസിൽ ഉൾപ്പെടെ പാഠഭാഗങ്ങൾ തീർക്കാൻ കഴിയാത്തതിനാൽ കുട്ടികൾക്ക്‌ ഇക്കുറി മാർക്ക്‌ കുറയുമെന്ന ആശങ്കയിൽ രക്ഷാകർത്താക്കൾ. ആഗസ്‌ത്‌ 12 മുതൽ 21 വരെയായിരിക്കും ഓണപ്പരീക്ഷ. 31 വരെയാണ് എന്യുമറേഷൻ. വിവര ശേഖരണത്തിന്റെ രണ്ടാംഘട്ടം തുടങ്ങുന്നത്‌ ഫെബ്രുവരിയിലാണ്‌. എസ്‌എസ്‌എൽസി പരീക്ഷയ്‌ക്കായി കുട്ടികളെ തയ്യാറാക്കുന്ന സമയത്തുള്ള രണ്ടാംഘട്ട പ്രവർത്തനം പരീക്ഷാഫലത്തെ പ്രതികൂലമായി ബാധിക്കുമെന്ന ഭിതിയിലാണ്‌ അധ്യാപകർ. ​ഒരു സ്‌കൂളിലെ 50 ശതമാനത്തിൽ അധികം അധ്യാപകർക്ക്‌ സെൻസസ്‌ ഡ്യൂട്ടി നൽകരുതെന്നായിരുന്നു നിർദേശം. എന്നാൽ, ഇത്‌ പാലിക്കാതെ ഭൂരിപക്ഷം അധ്യാപകർക്കും ഡ്യൂട്ടി നൽകി. ഇതോടെ സ്‌കൂളുകളിൽ പഠനവും മുടങ്ങി. അധ്യാപകർ സെൻസസ്‌ ഡ്യൂട്ടിക്ക്‌ പോയതോടെ പരീക്ഷ അടുത്താലും പകുതി പാഠഭാഗം പോലും തീർക്കാൻ കഴിയില്ലെന്ന്‌ അധ്യാപകർ പറയുന്നു. അധ്യാപകര്‍ സെൻസസിനു പോയതോടെ പലയിടത്തും രക്ഷാകർത്താക്കളെത്തി കുട്ടികള്‍ക്ക് കാവലിരിക്കേണ്ട സ്ഥിതിയാണ്‌. സെൻസസ്‌ ഡ്യൂട്ടിയുള്ള അധ്യാപകർക്ക്‌ പകരം ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കണമെന്ന ആവശ്യം യുഡിഎഫ്‌ സർക്കാർ അംഗീകരിക്കാത്തതാണ്‌ വിദ്യാര്‍ഥികളുടെ പഠനം മുടങ്ങാൻ വഴിയൊരുക്കിയത്‌. വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ ഭാഗമായി അധ്യാപകര്‍ക്ക് ഡ്യൂട്ടി നൽകിയപ്പോള്‍ അന്നത്തെ എൽഡിഎഫ് സര്‍ക്കാര്‍ ദിവസവേതനത്തിന് അധ്യാപകരെ നിയമിക്കാൻ ഉത്തരവിറക്കി പ്രതിസന്ധി മറികടന്നിരുന്നു. പത്തു ദിവസത്തെ ലീവാണ്‌ അധ്യാപകർക്ക്‌ അനുവദിച്ചിട്ടുള്ളത്‌. സെൻസസ് മാനദണ്ഡങ്ങൾ പാലിക്കാതെ എന്യൂമറേറ്റർമാർക്ക് വീടുകളുടെ എണ്ണം നിശ്ചയിച്ചതും അധ്യാപകർക്ക്‌ തലവേദന സൃഷ്ടിക്കുന്നു. ദുർഘട പ്രദേശങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ഒരാൾ 100 മുതൽ 150 വരെ വീട് കയറണമെന്നാണ് സെൻസസ് മാന്വൽ പറയുന്നത്‌. എന്നാൽ, പലർക്കും ലഭിച്ചത്‌ 450 വീടുകൾ വരെയാണ്‌. വീടുകളുടെ എണ്ണം കൂടിയതിനാൽ നിശ്ചയിച്ച സമയത്തിനുള്ളിൽ സെൻസസ് ഡ്യൂട്ടി പൂർത്തിയാക്കാനാകില്ലെന്ന ആശങ്കയിലാണ്‌ അധ്യാപകർ. സ്‌കൂൾ പരിസരത്തുള്ള വീടുകളിൽ കയറി വിവരങ്ങൾ ശേഖരിക്കാൻ പറഞ്ഞെങ്കിലും ഹ‍ൗസ്‌ ലിസ്‌റ്റിങ്‌ ബ്ലോക്കിൽ ഉൾപ്പെടുത്തി നൽകിയ വീടുകളാകട്ടെ വിദ‍ൂര സ്ഥലങ്ങളിലുള്ളവയുമാണ്‌. ശേഖരിക്കേണ്ടിവരുന്നത്‌ 800 –--1000 വ്യക്തികളുടെ വിവരങ്ങളും. ഓണപ്പരീക്ഷയ്ക്ക് മുന്പ്‌ പാഠഭാഗങ്ങൾ തീർക്കാനും സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടാനും കഴിയാതെ വലയുന്ന അധ്യാപകരോട്‌ തിങ്കളാഴ്‌ച സെൻസസ്‌ ജോലി തീർക്കണമെന്ന്‌ ജില്ലാ ഭരണ കേന്ദ്രം ആവശ്യപ്പെട്ടത്‌ കൂടുതൽ സമ്മർദത്തിനും ഇടയാക്കുന്നു. 30വരെ സമയമുണ്ടെന്നിരിക്കെയാണ്‌ സമ്മർദം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home