ചരിത്രവിധി
ആദ്യ കേസിൽ ഇരട്ടജീവപര്യന്തം; ഇപ്പോൾ വധശിക്ഷ

വേണു കെ ആലത്തൂർ
Published on Jul 21, 2026, 12:46 AM | 2 min read
പാലക്കാട്
കേരള ചരിത്രത്തിൽ ആദ്യമായാണ് ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നയാൾക്ക് ഇരട്ടക്കൊലപാതകക്കേസിൽ വധശിക്ഷ വിധിക്കുന്നത്. ഭാര്യ പിണങ്ങിപ്പോയതിന് അയൽക്കാരായ കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തുക. സംശയവും അന്ധവിശ്വാസവുംമൂലം നടത്തിയ കൊലപാതകം കേരളത്തിൽ തന്നെ അപൂർവമായ കേസുകളിൽ ഒന്നാണ്. നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻ കോളനിയിൽ ചെന്താമര ആദ്യകൊലപാതകത്തിൽ ജാമ്യത്തിലിറങ്ങിയിരിക്കെയാണ് മറ്റ് രണ്ടുപേരെ കൊലപ്പെടുത്തിയത്. ആദ്യം അയൽവാസിയായ സജിതയെയാണ് ചെന്താമര കൊലപ്പെടുത്തിയത്. തുടർന്ന് ഇൗ കേസിൽ അറസ്‌റ്റിലായി. പിന്നീട് ജാമ്യത്തിലിറങ്ങിയശേഷം സജിതയുടെ ഭർത്താവ് സുധാകരൻ, അമ്മ ലക്ഷ്‌മി എന്നിവരെ കൊലപ്പെടുത്തി. അയൽവാസികളുമായുണ്ടായ തർക്കത്തെ തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികളായ സജിത, പുഷ്‌പ, വസന്ത എന്നിവരെ ജോലിയിൽനിന്ന് ഒഴിവാക്കണമെന്ന് തൊഴിലുറപ്പ് എഡിഎസായ ഭാര്യ വിലാസിനിയോട് ചെന്താമര ആവശ്യപ്പെടുന്നു. ഇതിന് തയ്യാറാകാതിരുന്ന വിലാസിനിയെ ചെന്താമര വടിവാൾ ഉപയോഗിച്ച് മർദിച്ചു. ഇൗ തർക്കത്തെ തുടർന്ന് വിലാസിനിയും മകളും ചെന്താമരയുമായി ബന്ധം വേർപെടുത്തി. തന്റെ കുടുംബം പിരിയാൻ സജിതയാണ് കാരണമെന്ന് സംശയിച്ചാണ് ആദ്യം സജിതയെ കൊലപ്പെടുത്തിയത്. പ്രതിയുമായി തെളിവെടുപ്പിന് എത്തിച്ചപ്പോൾ രണ്ടുപേരെക്കൂടി കൊലപ്പെടുത്തുമെന്ന് പരസ്യമായി പറഞ്ഞു. നെല്ലിയാമ്പതി –പൊള്ളാച്ചി റൂട്ടില്‍ സര്‍വീസ് നടത്തിയ സ്വകാര്യബസിലെ ഡ്രൈവറായിരുന്നു ചെന്താമര. ഇവരുടേത് പ്രണയവിവാഹമായിരുന്നു. ചെന്താമര സദാസമയവും വീട് പൂട്ടിയിട്ടിരുന്നു. അന്ധവിശ്വാസിയും സംശയരോഗിയുമായിരുന്നു ചെന്താമരയെന്ന് അയല്‍വാസികൾ മൊഴി നൽകി. പാലക്കാട് നാലാം അഡീഷണൽ സെഷൻസ് കോതി ജഡ്‌ജി കെന്നത്ത് ജോർജാണ് രണ്ട് കേസിലും ശിക്ഷ വിധിച്ചത്.
നാൾവഴി
2019 ആഗസ്ത് 31: രാവിലെ 10ന് സജിതയുടെ വീട്ടിലേക്ക് പ്രതി അതിക്രമിച്ചുകയറുന്നു. ഹാളിലുണ്ടായിരുന്ന സജിതയെ ഫ്രിഡ്‌ജ് വച്ചിരുന്ന മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്നശേഷം കഴുത്തിലും കൈകളിലും കുത്തിപ്പരിക്കേൽപ്പിക്കുന്നു. സജിത സംഭവസ്ഥലത്തുതന്നെ മരിച്ചു. തെളിവ് നശിപ്പിക്കാൻ പ്രതി സ്വന്തം വീട്ടിലെത്തി ധരിച്ചിരുന്ന ഷർട്ട് കത്തിച്ചു. സിം കാർഡ് ദൂരെയെറിഞ്ഞു. സംഭവസമയത്ത് സജിത വീട്ടിൽ ഒറ്റയ്ക്കായിരുന്നു. 11.30 ഓടെ സജിതയെ മരിച്ചനിലയിൽ കണ്ടെത്തിയ അയൽക്കാർ നെന്മാറ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2019 സെപ്തംബർ 1 : രാത്രി എട്ടോടെ പ്രതിയെ പ്രത്യേക അന്വേഷകസംഘം പിടികൂടി. സജിതയുടെ പോസ്റ്റ്‌മോർട്ടത്തിൽ കഴുത്തിലും മറ്റും പരിക്കുകൾ കണ്ടെത്തി. 2019 സെപ്തംബർ 2 : ഒൗദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുന്നു. പ്രതിയുടെ വീട്ടിൽനിന്ന് കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം, മുണ്ട്, കത്തിച്ച ഷർട്ടിന്റെ അവശിഷ്ടങ്ങൾ എന്നിവ കണ്ടെത്തി. 2019 ഡിസംബർ 21 : കേസിൽ അന്തിമ റിപ്പോർട്ട് ആലത്തൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. കേസ് വിധിപറയാൻ പാലക്കാട് സെഷൻസ് കോടതിയിലേക്ക് മാറ്റി. 2022 മെയ് 27 വരെ ചെന്താമര കസ്റ്റഡിയിൽ തുടർന്നു. ഉപാധികളോടെ ജാമ്യം ലഭിച്ച പ്രതി 17 മാസത്തിനുശേഷം ഇളവുതേടി കോടതിയെ സമീപിക്കുന്നു. 2025 ജനുവരി 27 : ജാമ്യവ്യവസ്ഥ ലംഘിച്ച് നെന്മാറയിലെത്തിയ പ്രതി സജിതയുടെ ഭർത്താവ് സുധാകരൻ, അമ്മ ലക്ഷ്‌മി എന്നിവരെ കൊലപ്പെടുത്തി . 2025 ജനുവരി 28 : ചെന്താമരയെ പോത്തുണ്ടിയിലെ കുറ്റിക്കാട്ടിൽവച്ച് പൊലീസ് പിടികൂടുന്നു. 2025 ഫെബ്രുവരി 18 : ആദ്യകേസിൽ ലഭിച്ച ചെന്താമരയുടെ ജാമ്യം റദ്ദാക്കുന്നു. 2025 മാർച്ച് 27 : ചെന്താമരയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു 2025 ആഗസ്ത് 4 : ഫോറൻസിക് ലാബ് ഫലത്തിന്റെകൂടി പിൻബലത്തിൽ വിചാരണ ആരംഭിക്കുന്നു 2025 ഒക്‌ടോബർ 14 : സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 2025 ഒക്‌ടോബർ 15 : സജിത വധക്കേസിൽ ചെന്താമരയ്‌ക്ക് ഇരട്ടജീവപര്യന്തവും മൂന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ 2026 ജൂലൈ 13: ഇരട്ടക്കൊലപാതകക്കേസിൽ ചെന്താമര കുറ്റക്കാരനെന്ന് പാലക്കാട് നാലാം അഡീഷണൽ കോടതി കണ്ടെത്തി. 2026 ജൂലൈ 20 : ചെന്താമരയ്‌ക്ക് വധശിക്ഷയും 20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.









0 comments