ad
Deshabhimani

കുട്ടികളെ തട്ടിക്കൊണ്ടുപോകൽ; സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതിയിൽ ഹർജി

Supreme Court
വെബ് ഡെസ്ക്

Published on Sep 04, 2026, 03:51 PM | 1 min read

ന്യൂഡൽഹി : കുട്ടികളെ തട്ടിക്കൊണ്ടുപോകൽ കേസുകളിൽ രാജ്യവ്യാപകമായി ഏകീകൃത അന്വേഷണ സംവിധാനം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി. കേസുകളിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്നും വിചാരണ വേഗത്തിലാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.


അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായയാണ് ഹർജി സമർപ്പിച്ചത്. ഇത്തരം കേസുകൾക്കായി പ്രത്യേക ചോദ്യാവലികളും അന്വേഷണ നടപടികളും തയ്യാറാക്കുന്നതിനായി കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. എസിപി‌‌, എസ്എച്ച്ഒ റാങ്കുകളിൽ കുറയാത്ത ഉദ്യോ​ഗസ്ഥർ അന്വേഷണത്തിന് നേതൃത്വം നൽകണം. എംപിമാർക്കും എംഎൽഎമാർക്കുമെതിരായ കേസുകൾ പരി​ഗണിക്കുന്ന പ്രത്യേക കോടതികളുണ്ട്. അതേ കോ‌ടതികളുടെ മാതൃകയിൽ കുട്ടികൾക്കെതിരായ കേസുകൾ ഒരു വർഷത്തിനകം തീർപ്പാക്കണം. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ സ്ഥാവര - ജം​ഗമ വസ്തുക്കൾ കണ്ടുകെട്ടുകയും വേണം. തട്ടിക്കൊണ്ടു പോകൽ കേസുകളിൽ ശിക്ഷ തുടർച്ചയായി അനുഭവിക്കുന്ന രീതിയിൽ നിയമഭേദ​ഗതി കൊണ്ടുവരണം, തുടങ്ങിയ ആവശ്യങ്ങളും ഹർജിയിൽ ഉന്നയിച്ചു.


കാണാതാകുന്ന കുട്ടികളെക്കുറിച്ചുള്ള പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെ വൈകിപ്പിക്കുന്നത് കുട്ടികളെ കണ്ടെത്തുന്നതിൽ കാസതാമസമുണ്ടാക്കുന്നുവെന്നും ആരോപിച്ചു. ഇത് നിർബന്ധിത തൊഴിലെടുപ്പിക്കൽ, ലൈം​ഗിക ചൂഷണം തുടങ്ങിയവയിലേക്ക് കുട്ടികളെത്തിപ്പെടാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളിൽ വിവിധ സംസ്ഥാനങ്ങളിലെ പൊലീസും പ്രത്യേക അന്വേഷണ ഏജൻസികളും തമ്മിൽ കൂടുതൽ ഏകോപനം ആവശ്യമാണെന്നും ഹർജിയൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home