'മൂൺവാക്ക്' ഉടൻ: 25 വർഷങ്ങൾക്ക് ശേഷം വീണ്ടും എ ആർ റഹ്മാൻ - പ്രഭുദേവ മാജിക്
ചെന്നൈ: എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ടായ എ ആർ റഹ്മാനും പ്രഭുദേവയും വീണ്ടുമെത്തുന്നു. 25 വർഷങ്ങൾക്ക് ശേഷം മൂൺവാക്ക് എന്ന തമിഴ് ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. ‘കാതലൻ’, ‘മിസ്റ്റർ റോമിയോ’, ‘ലവ് ബേർഡ്സ്’, ‘മിൻസാര കനവ്’ തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നച്ചപ്പോഴുണ്ടായ മാജിക് മൂൺവാക്കിലും പ്രതീക്ഷിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്. ചിത്രത്തിലെ നിരവധി ഗാനങ്ങൾ ഇതിനകം തന്നെ പുറത്തിറങ്ങിയിട്ടുണ്ട്.
കോമഡി - ഫാമിലി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രം ദീപാവലിക്ക് തിയറ്ററുകളിലെത്തും. യൂട്യൂബർ മനോജ് എൻ എസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂൺവാക്ക്. നൃത്തസംവിധായകനായ ബാബൂട്ടിയുടെ വേഷത്തിലാണ് പ്രഭുദേവ ചിത്രത്തിലെത്തുന്നത്. യോഗി ബാബു ചിത്രത്തിൽ വ്യത്യസ്ത വേഷങ്ങളിലെത്തുന്നുണ്ട്.
ഇവർക്കൊപ്പം അജു വർഗീസ്, അർജുൻ അശോകൻ, സാറ്റ്സ്, നിഷ്മ ചെങ്ങപ്പ, സുസ്മിത നായക്, റെഡിൻ കിംഗ്സ്ലി, രാജേന്ദ്രൻ, ലോളു സഭ സ്വാമിനാഥൻ, ദീപ ശങ്കർ, ഡോ. സന്തോഷ് ജേക്കബ്, രാംകുമാർ നടരാജൻ എന്നിവരും അഭിനയിക്കുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ‘മൂൺവാക്ക്’ റിലീസ് ചെയ്യും.









0 comments