വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വരുന്നവരുടെ ശ്രദ്ധക്ക്! എയർ സുവിധ ഫോം നിർബന്ധം

ന്യൂഡൽഹി : വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വിമാനമാർഗം എത്തുന്ന എല്ലാ യാത്രക്കാരും എയർ സുവിധ സെൽഫ് ഡിക്ലറേഷൻ ഫോം (SDF) നിർബന്ധമായും പൂരിപ്പിക്കണമെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അറിയിച്ചു. ഇന്ത്യൻ പാസ്‌പോർട്ട് ഉള്ളവർ, ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് ഉടമകൾ, വിദേശ പൗരന്മാർ എന്നിവർക്കെല്ലാം ഈ നിബന്ധന ബാധകമാണ്. യാത്രയ്ക്കു മുമ്പ് ഫോം കൃത്യമായി പൂരിപ്പിച്ച് നടപടികൾ പൂർത്തിയാക്കണമെന്നും ബ്യൂറോ ഓഫ് ഇമിഗ്രേഷൻ എക്സിലെ കുറിപ്പിലൂടെ അറിയിച്ചു.
അന്താരാഷ്ട്ര വിമാനയാത്രക്കാർക്കായി എബോള രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യവകുപ്പ് 2026 ജൂണിൽ പുതിയ യാത്രാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഈ നിർദേശങ്ങളുടെ ഭാഗമായാണ് എയർ സുവിധ 2.0 പോർട്ടലിൽ സെൽഫ് ഡിക്ലറേഷൻ ഫോം നിർബന്ധമാക്കിയത്. യാത്രാവിവരങ്ങളും ആരോഗ്യസ്ഥിതിയും ശേഖരിച്ച്, വിമാനത്താവളത്തിലെ ആരോഗ്യ പരിശോധന വേഗത്തിലാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ബിഒഐ വ്യക്തമാക്കി.
സെൽഫ് ഡിക്ലറേഷൻ ഫോം എങ്ങനെ പൂരിപ്പിക്കാം?
http://airsuvidha.civilaviation.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ഫോം പൂരിപ്പിക്കേണ്ടത്. വെബ്സൈറ്റിൽ ലോഗിൻ ചെയ്യുന്ന സമയത്തുതന്നെ നടപടികൾ പൂർത്തിയാക്കുന്നതാണ് ഉചിതം. യാത്രക്കാർക്ക് ഇന്ത്യയിലെത്തുന്നതിന് 72 മണിക്കൂർ മുമ്പ് വരെ ഫോം സമർപ്പിക്കാം.
ഒരേസമയം ഒരു അപേക്ഷയിൽ പരമാവധി നാല് കുടുംബാംഗങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്താം. എന്നാൽ ഓരോ യാത്രക്കാരനും പ്രത്യേകം സെൽഫ് ഡിക്ലറേഷൻ ഫോം പൂരിപ്പിക്കണം. ഈ ഫോം ഡൗൺലോഡ് ചെയ്ത് ഇമിഗ്രേഷൻ, ആരോഗ്യ പരിശോധനാ വിഭാഗങ്ങളിൽ പരിശോധന സമയത്ത് ഹാജരാക്കണം. വ്യത്യസ്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുവനായി എത്തുന്നവർ ബന്ധപ്പെടാൻ സാധിക്കുന്ന വിലാസത്തിൽ പ്രത്യേകം അപേക്ഷ സമർപ്പിക്കണം.
യാത്രയ്ക്കു മുമ്പ് ഫോം പൂരിപ്പിച്ച് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ സെൽഫ് ഡിക്ലറേഷൻ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ വിമാനത്താവളത്തിലെ പ്രവേശന പരിശോധനകൾ വൈകാനിടയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
സെൽഫ് ഡെക്കറേഷൻ ഫോം പൂരിപ്പിക്കുന്നതിന് ആവശ്യമായ രേഖകൾ
പാസ്‌പോർട്ട്
ഇന്ത്യൻ വിസ (ബാധകമെങ്കിൽ)
വിമാന ടിക്കറ്റ് അല്ലെങ്കിൽ ബോർഡിങ് പാസ്
ഇന്ത്യയിൽ താമസിക്കുന്ന വിലാസം
യാത്ര, ട്രാൻസിറ്റ് വിവരങ്ങൾ
മെഡിക്കൽ റഫറൻസ് ലെറ്റർ (ആവശ്യമെങ്കിൽ)
ഒടിപി പരിശോധനയ്ക്കായി മൊബൈൽ നമ്പറും ഇമെയിൽ വിലാസവും








0 comments