ട്രംപിന് തിരിച്ചടിയാകുമോ? സെനറ്റിൽ ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്ക് മുൻതൂക്കമെന്ന് സർവേ

വാഷിങ്ടൺ : അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ ഡെമോക്രാറ്റിക് പാർട്ടിക്ക് മുന്നേറ്റ സാധ്യതയെന്ന് സർവേ റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസും സിയേന റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും നടത്തിയ അവസാനഘട്ട അഭിപ്രായ സർവേയിൽ ഏഴ് സംസ്ഥാനങ്ങളിലും ഡെമോക്രാറ്റിക് സ്ഥാനാർഥികളാണ് മുന്നിൽ. നാളെ നടക്കുന്ന ഇടക്കാല സെനറ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവന്ന സർവേ റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്.
അലാസ്ക, അയോവ, കൻസാസ്, മെയ്ൻ, മിഷിഗൺ, ഒഹായോ, ടെക്സസ് എന്നീ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് സർവേ നടത്തിയത്. ഇതിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ കൈവശമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്ക് വ്യക്തമായ മുൻതൂക്കമുണ്ടെന്ന് സർവേ കണ്ടെത്തി. അലാസ്കയിലും അയോവയിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുക.
ഡെമോക്രാറ്റുകൾക്ക് ഏറ്റവും വലിയ മുന്നേറ്റ സാധ്യതയുള്ളത് മിഷിഗണിലാണ്. ട്രംപിന്റെ പുതിയ എതിരാളിയായ അബ്ദുൾ എൽ സയ്ദ് ആണ് മിഷിഗണിലെ ഡെമോക്രാറ്റിക് സ്ഥാനാർഥി. റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്ക് റോജേഴ്സിനെതിരെ 53 ശതമാനം പിന്തുണയോടെയാണ് സയ്ദ് മുന്നേറുന്നത്. റോജേഴ്സിന് 42 ശതമാനം പിന്തുണ മാത്രമാണുള്ളത്.
ടെക്സസിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജെയിംസ് തലാരിക്കോ 50 ശതമാനം പിന്തുണയുമായി മുന്നിലാണ്. റിപ്പബ്ലിക്കൻ സ്ഥാനാർഥി കെൻ പാക്സ്റ്റണിന് 43 ശതമാനം മാത്രമാണ് പിന്തുണ. കൻസാസിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ആദം ഹാമിൽട്ടൺ 49 ശതമാനവും, റിപ്പബ്ലിക്കൻ സ്ഥാനാർഥി റോജർ മാർഷൽ 44 ശതമാനവും പിന്തുണ നേടി.
മെയ്‌നിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ട്രോയ് ജാക്സൺ 51 ശതമാനവുമായി മുന്നിലാണ്. നിലവിലെ സെനറ്റർ സൂസൻ കോളിൻസിന് 45 ശതമാനം മാത്രമാണ് പിന്തുണ. ഒഹായോയിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ഷെറോഡ് ബ്രൗൺ 49 ശതമാനവും, റിപ്പബ്ലിക്കിൻ സ്ഥാനാർഥി ജോൺ ഹസ്റ്റഡിന് 44 ശതമാനവുമാണ് പിന്തുണ.








0 comments