റേഷൻ വ്യാപാരികൾ ആദായനികുതി ഓഫീസിന് മുന്നിൽ ധർണ നടത്തി

കോഴിക്കോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ റേഷൻ വ്യാപാരികൾ കോഴിക്കോട് ആദായനികുതി ഓഫീസിന് മുന്നിൽ ധർണ നടത്തി. നേരിട്ട് ആനുകൂല്യം കൈമാറുന്ന രീതി നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, അന്ത്യോദയ അന്നയോജന കാർഡുകളിലെ റേഷൻ വിഹിതം വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ലോക ഭക്ഷ്യപരിപാടിയുടെ നിർദേശപ്രകാരമുള്ള ഒരാൾക്ക് 13.5 കിലോ ഭക്ഷ്യധാന്യം വിതരണം ചെയ്യുക, എല്ലാ കാർഡുടമകൾക്കും ആവശ്യമായ ഭക്ഷ്യധാന്യങ്ങളും നിത്യോപയോഗ സാധനങ്ങളും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
റേഷൻ വ്യാപാരികൾക്കും സെയിൽസ്മാൻമാർക്കും അർഹമായ വേതനവും തൊഴിൽസുരക്ഷയും ഉറപ്പാക്കുക, വെട്ടിക്കുറച്ച മണ്ണെണ്ണയും പഞ്ചസാരയും പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു. വെട്ടിക്കുറച്ച മണ്ണെണ്ണയും പഞ്ചസാരയും പുനഃസ്ഥാപിക്കണമെന്നത് വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ ബാധിക്കുന്ന വിഷയമാണെന്ന് സമരനേതാക്കൾ പറഞ്ഞു. റേഷൻ കടകൾ നിലനിൽക്കുമ്പോഴാണ് റേഷൻ സംവിധാനവും നിലനിൽക്കുന്നത്. റേഷൻ സംവിധാനം നിലനിൽക്കുമ്പോഴാണ് ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാകുക.
കെപിസിസി ജനറൽ സെക്രട്ടറി അഡ്വ: പി എം നിയാസ് ധർണ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ താലൂക്ക് സെക്രട്ടറി എം പി സുനിൽകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ പി അഷ്റഫ് അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ടി മുഹമ്മദാലി, സിപിഎം ജില്ലാ അംഗം കെ ബൈജു , സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി കെ നാസർ, അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് പി അരവിന്ദാക്ഷൻ, ഇ ശ്രീജൻ , എം കെ പ്രഭാകരൻ, ഇല്ലക്കണ്ടി ബഷീർ എന്നിവർ സംസാരിച്ചു.









0 comments