വിഴിഞ്ഞം തുറമുഖത്ത് ആദ്യ ഇറക്കുമതിക്കപ്പൽ എത്തി

തിരുവനന്തപുരം: കേരളത്തിന്റെ സമുദ്ര-വാണിജ്യ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ആദ്യ ഇംപോർട്ട് കാർഗോ കപ്പലെത്തി. കേരളത്തിന്റെ സ്വന്തം വാണിജ്യത്തിനും സംരംഭകത്വത്തിനുമുള്ള ആഗോള കവാടമെന്ന നിലയിലുള്ള തുറമുഖത്തിന്റെ സ്ഥാനം കൂടുതൽ ദൃഢമാക്കുന്നതാണ് ഈ ചരിത്രനേട്ടം.
ചൈനയിലെ നിങ്‌ബോയിൽനിന്ന് ബുക്ക് ചെയ്ത കണ്ടെയ്‌നറുകൾ എംഎസ്‍സി സബ്രീന-3 കപ്പലിലാണ് വിഴിഞ്ഞത്തെത്തിയത്. സബ്രീന-3 കപ്പലിൽ 40 അടി കണ്ടെയ്നറിൽ വുഡ് പ്ലാസ്റ്റിക് കോമ്പോസിറ്റ് ബോർഡുകളാണ് ഉള്ളത്.
ഒരു തുറമുഖത്തെയോ രാജ്യത്തെയോ സംബന്ധിച്ച്, വിദേശത്തുനിന്ന് ചരക്കുകളുമായി ആദ്യമായി അവിടെ അടുക്കുന്ന ചരക്കുകപ്പലിനെയാണ് ആദ്യ ഇംപോർട്ട് കാർഗോ കപ്പൽ എന്ന് വിശേഷിപ്പിക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായുള്ള 'ടീം അൾട്ടെയർ ഗ്രൂപ്പ്' എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ഈ ഇറക്കുമതിക്ക് പിന്നിൽ. ഗോകുൽ സുരേഷ്, അക്ഷയ് എം, ആദർശ് കെ എസ് എന്നിവർ ചേർന്ന് രൂപീകരിച്ച ഈ യുവ സംരംഭക സംഘം വിഴിഞ്ഞത്തിന്റെ ആഗോള കണക്റ്റിവിറ്റിയാണ് ഇതിനായി പ്രയോജനപ്പെടുത്തിയിരിക്കുന്നത്.
ആദ്യ കണ്ടെയ്നറിനായുള്ള ഫോർവേഡിംഗ് ഏജൻസി സേവനങ്ങൾ നിർവഹിക്കുന്നത് ഗൗരി ദേവാനന്ദൻ, ഗ്രീഷ്മ ദേവാനന്ദൻ എന്നിവർ നേതൃത്വം നൽകുന്ന വനിതാ നേതൃത്വത്തിലുള്ള 'ബിഎസ്2ജി ലോജിസ്റ്റിക്സ് ആന്‍റ് ഷിപ്പ് ചാൻഡ്‌ലേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്' ആണ്. യുവ സംരംഭകർക്ക് പുതിയ തൊഴിലവസരങ്ങളും സാമ്പത്തിക വളർച്ചയും സൃഷ്ടിക്കുന്നതിൽ ഈ ചരക്കുനീക്കം നിർണായക ചുവടുവയ്‍പായി മാറും.








0 comments