Deshabhimani

ഇനി പിഎഫ് വിവരങ്ങൾ വാട്സ്ആപ്പിൽ അറിയാം; പുതിയ സേവനം ഉപയോ​ഗിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

EPFO Whatsapp
വെബ് ഡെസ്ക്

Published on Nov 02, 2026, 06:28 PM | 1 min read

ന്യൂഡൽഹി : ഇനി പിഎഫ് അക്കൗണ്ടിലെ ബാലൻസും ഇടപാടുകളും വാട്സാപ്പിലൂടെ അറിയാം. പിഎഫ് അക്കൗണ്ട് ബാലൻസ് പരിശോധിക്കാനും പാസ്ബുക്ക് വിവരങ്ങൾ അറിയാനും സൗകര്യമൊരുക്കി ഇപിഎഫ്ഒ. ഇപിഎഫ്ഒയുടെ 74ാം സ്ഥാപകദിനാഘോഷത്തിന്റെ ഭാ​ഗമായാണ് പുതിയ സേവനം ആരംഭിച്ചത്. ഇപിഎഫ്ഒയുടെ ഔദ്യോഗിക വാട്സാപ്പ് സേവനത്തിലൂടെയാണ് പുതിയ സൗകര്യം ലഭിക്കുക. പിഎഫ് അക്കൗണ്ടിലെ ബാലൻസും, അവസാനത്തെ അഞ്ച് ഇടപാടുകളുടെ വിവരങ്ങളും, പാസ്ബുക്ക് വിവരങ്ങളും ഇതിലൂടെ ലഭിക്കും.


വർഷങ്ങളായി പ്രവർത്തനരഹിതമായ പിഎഫ് നിക്ഷേപങ്ങൾ തിരിച്ചെടുക്കാനും വരിക്കാർക്ക് ഇതിലൂടെ സാധിക്കും. 1,000 രൂപയോ അതിൽ താഴെയോ ബാലൻസുള്ള പ്രവർത്തനരഹിത അക്കൗണ്ടുകൾക്കാണ് ഈ സേവനം ലഭ്യമാവുക. വരിക്കാർ ആവശ്യമായ വ്യക്തിവിവരങ്ങളും ബാങ്ക് അക്കൗണ്ടും പരിശോധിച്ച ശേഷം ഇപിഎഫ്ഒ തന്നെ പണം കൈമാറും. എന്നാൽ ഈ ആനുകൂല്യം എല്ലാ പഴയ പിഎഫ് അക്കൗണ്ടുകൾക്കും ബാധകമല്ല. പിഎഫ് അക്കൗണ്ടിൽ മൂന്ന് വർഷമായി നിക്ഷേപമില്ലാത്തത് കൊണ്ട് പ്രവർത്തനരഹിത അക്കൗണ്ടായി കണക്കാക്കില്ല. 55 വയസ് പൂർത്തിയായതിന് ശേഷമോ, വിരമിച്ചതിന് ശേഷമോ തുടർച്ചയായി മൂന്ന് വർഷം നിക്ഷേപം ലഭിക്കാത്ത സാഹചര്യത്തിലാണ് ഒരു വ്യക്തിയുടെ പിഎഫ് അക്കൗണ്ട് പ്രവർത്തനരഹിതമാകുകയുള്ളൂ. അതായത്, ജോലി മാറിയതിനെ തുടർന്ന് പഴയ അക്കൗണ്ട് മൂന്ന് വർഷം ഉപയോഗിക്കാതിരുന്നാൽ ഈ ആനുകൂല്യം ലഭിക്കില്ല.


പുതിയ സേവനം എങ്ങനെ ഉപയോഗിക്കാം?


ഇപിഎഫ്ഒയുടെ ഔദ്യോഗിക വാട്സാപ്പ് നമ്പറിലൂടെയോ, ക്യുആർ കോഡ് സ്കാൻ ചെയ്തോ ഈ സേവനം ഉപയോഗിക്കാം. വാട്സാപ്പിൽ സന്ദേശമയച്ച് ആവശ്യമായ വെരിഫിക്കേഷൻ പൂർത്തിയാക്കിയശേഷം ലഭിക്കുന്ന ഓപ്ഷനുകളിൽ നിന്ന് പിഎഫ് ബാലൻസ്, ഇടപാടുകൾ, പാസ്ബുക്ക് തുടങ്ങിയവ ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാം.


ഇനിമുതൽ അക്കൗണ്ട് വിവരങ്ങൾക്കായി വെബ്സൈറ്റുകളിൽ പ്രവേശിക്കുകയോ ഇപിഎഫ്ഒ ഓഫീസുകൾ സന്ദർശിക്കുകയോ ചെയ്യേണ്ടതില്ലെന്ന് ചുരുക്കം. എന്നാൽ, ഔദ്യോഗികമായി സ്ഥിരീകരിച്ച നമ്പറുകളും ക്യുആർ കോഡുകളും മാത്രമേ ഉപയോഗിക്കാവൂ എന്ന് വരിക്കാർക്ക് ഇപിഎഫ്ഒ പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്. ഒടിപി, പാസ്‌വേഡ്, വ്യക്തിഗത അക്കൗണ്ട് വിവരങ്ങൾ എന്നിവ അപരിചിതരുമായി പങ്കുവയ്ക്കരുതെന്നും ഇപിഎഫ്ഒ നിർദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home