ഇറാനെതിരായ ആക്രമണം വീണ്ടും തുടങ്ങുമോ? ട്രംപും നെതന്യാഹുവും ചർച്ച നടത്തി

വാഷിങ്ടൺ : ഇറാനെതിരായ സൈനിക നീക്കം വീണ്ടും ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഫോണിൽ ചർച്ച നടത്തി. ഇറാനുമായുള്ള ചർച്ചകളുടെ പുരോഗതിയും, സൈനിക നടപടികൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇരുവരും ചർച്ച ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിന് പിന്നാലെ ഇറാനെതിരെ ഉടൻ ആക്രമണം തുടങ്ങുമെന്ന് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യം ഒരിക്കൽകൂടി നെതന്യാഹു ട്രംപിനോട് ആവശ്യപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ, ഇറാനെതിരെയുള്ള യുദ്ധം വൻ സാമ്പത്തിക ബാധ്യത തീർക്കുന്നതിനാൽ നയതന്ത്ര ചർച്ചകൾ വേണമെന്ന നിലപാടിലാണ് ട്രംപ്.
ഇറാനെതിരെയുള്ള സംഘർഷത്തിൽ നയതന്ത്ര ഇടപെടൽ വേണമെന്നും, അതേസമയം, സൈനിക നടപടികൾ വീണ്ടും ആരംഭിക്കുമെന്നുമുള്ള ഇരട്ട നിലപാടിലാണ് ട്രംപ്. ഇറാനുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ധൃതിപിടിച്ച് സൈനിക നടപടി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ട്രംപ് ഇതിനിടെ വ്യക്തമാക്കിയിരുന്നു. അതേസമയം, ഇറാനിലെ ഒന്നോ രണ്ടോ ആണവ കേന്ദ്രങ്ങൾക്കെതിരെ ഇനിയും നടപടി സ്വീകരിക്കുമെന്നും ട്രംപ് മാറ്റി പറഞ്ഞിരുന്നു.
ഇതിനിടെ,അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ വീണ്ടും ആരംഭിക്കാനുള്ള നീക്കവും സജീവമാണ്. ഇരുരാജ്യങ്ങളും തമ്മിൽ നിലച്ച സമാധാന ചർച്ചകൾ തുടരുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇറാൻ സുരക്ഷാ മേധാവി മൊഹ്സൻ റെസായിക്ക് കത്തയച്ചിട്ടുണ്ട്. ഖത്തറിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ ചർച്ചകളും തുടരുകയാണ്.
പശ്ചിമേഷ്യൻ യുദ്ധവും ഇന്ധനവില വർധനയും ആഗോളതലത്തിലെന്ന പോലെ അമേരിക്കയിലും വൻ സാമ്പത്തിക പ്രതിസന്ധി തീർത്തിട്ടുണ്ട്. നവംബർ മൂന്നിന് ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ജനപിന്തുണയെ ഇറാനെതിരായ യുദ്ധം ബാധിക്കുമെന്ന ആശങ്കയും ട്രംപിനുണ്ട്. നയതന്ത്ര ചർച്ചകൾ തുടരുമ്പോഴും ഇറാനെതിരായ സൈനിക നീക്കം വീണ്ടും ആരംഭിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാൻ അമേരിക്ക തയ്യാറായിട്ടില്ല.
പശ്ചിമേഷ്യയിലാകെ സംഘർഷത്തിന് തുടക്കമിട്ട് ഫെബ്രുവരി 29നാണ് ഇസ്രയേൽ-യുഎസ് സഖ്യം ഇറാനെതിരെ കടന്നാക്രമണം ആരംഭിച്ചത്. ഇതോടെ തിരിച്ചടിയുടെ ഭാഗമായി ഗൾഫ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തി. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന് ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു. ലോകത്തെ എണ്ണ വിതരണത്തിന്റെ 60 ശതമാനത്തിലധികം കടന്നു പോയിരുന്ന പ്രധാന കപ്പൽ ഗതാഗത പാതയായിരുന്നു ഹോർമുസ്. പശ്ചിമേഷ്യൻ സംഘർഷം ആഗോളതലത്തിൽ പ്രതിസന്ധികൾ തീർക്കുന്നതിനിടെയാണ് നെതന്യാഹുവിൻറെ പുതിയ നീക്കം.









0 comments