ടെൻഡറോ അനുമതിയോ ഇല്ലാതെ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള നീക്കം എതിർത്തു; രാജമാണിക്യത്തെ നീക്കി

തിരുവനന്തപുരം: കെഎസ്‌ഇബി സിഎംഡി സ്ഥാനത്ത് നിന്ന് എം ജി രാജമാണിക്യത്തെ നീക്കിയത് ടെൻഡറോ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ ഇല്ലാതെ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള നീക്കത്തെ എതിർത്തതിനെ തുടർന്ന്. ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് പ്ലാറ്റ്‌ഫോം വഴി 500 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള നീക്കത്തിലാണ് രാജമാണിക്യം ശക്തമായ വിയോജിപ്പ് അറിയിച്ചത്.
സംസ്ഥാനത്ത് വൈദ്യുതി ആവശ്യമില്ലാത്ത സമയത്തടക്കം അധിക നിരക്കിൽ വൈദ്യുതി വാങ്ങാനായിരുന്നു തീരുമാനം. ഇത് സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും ജിഎൻഎ വഴി വൈദ്യുതി വാങ്ങുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ സത്‌ലജ് ജൽ വിദ്യുത് നിഗം അടക്കമുള്ള കമ്പനികളിൽ നിന്ന് വൈദ്യുതി ലഭ്യമാണെന്നിരിക്കെ, ഇതെല്ലാം അവഗണിച്ചാണ് നടപടി.
നിയമവിരുദ്ധമായ ഈ ഇടപാടിന് അംഗീകാരം നൽകാനാകില്ലെന്ന നിലപാടോടെ മന്ത്രി സണ്ണി ജോസഫിന് കൈമാറിയ ഫയൽ, പിന്നീട് മുഖ്യമന്ത്രി വിഡി സതീശൻ നേരിട്ട് ഇടപെട്ട് അംഗീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെ വകുപ്പിന്റെ നിയന്ത്രണം മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുക്കുകയും തനിക്ക് താത്പര്യമുള്ള ഉദ്യോഗസ്ഥരെ പ്രധാന ചുമതലകളിൽ നിയമിക്കുകയും ചെയ്തു.
ജൂനിയർ ഉദ്യോഗസ്ഥനായ സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്തിനെയാണ് പുതിയ കെഎസ്ഇബി സിഎംഡിയായി നിയമിച്ചിരിക്കുന്നത്. പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിൽ കുറഞ്ഞ ഉദ്യോഗസ്ഥരെ ഈ സ്ഥാനത്ത് നിയമിക്കുന്നതിനെതിരെ ധനവകുപ്പ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെആർ ജ്യോതിലാലിനെയും തസ്തികയിൽ നിന്ന് മാറ്റിയിട്ടുണ്ട്.








0 comments