ബംഗ്ലാദേശിൽ വേതന വർധന ആവശ്യപ്പെട്ട് വസ്ത്രനിർമാണ തൊഴിലാളികൾ പ്രതിഷേധത്തിൽ

Image Credit : REUTERS
ധാക്ക : പ്രതിമാസ മിനിമം വേതനം ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിൽ വസ്ത്രനിർമാണ തൊഴിലാളികളുടെ വൻ പ്രക്ഷോഭം. വസ്ത്രനിർമാണ മേഖലയിലെ തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ പ്രതിമാസ വേതനം നിലവിൽ 12,500 ടാക്കയാണ്. പ്രതിമാസ വേതനം 30,000 ബംഗ്ലാദേശി ടാക്കയായി ഉയർത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഭക്ഷണം, താമസം, യാത്ര, ചികിത്സ തുടങ്ങി രാജ്യത്ത് എല്ലാ സേവനങ്ങളുടെയും ചെലവ് വർധിക്കുകയാണ്. നിലവിലെ വേതനത്തിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഷ്ടപ്പെടുകയാണ് തൊഴിലാളികൾ. പ്രതിഷേധത്തിന്റെ ഭാഗമായി
ഗാസിപുരിൽ തൊഴിലാളികൾ ധാക്ക - ടാംഗൈൽ ദേശീയപാത ഉപരോധിച്ചു. കൊണബാരി മേഖലയിൽ റോഡരികിലെ പൊലീസ് ബോക്സിന് പ്രതിഷേധക്കാർ തീയിട്ടു. ധാക്കയിലെ മിർപുരിലും തൊഴിലാളികൾ റോഡ് ഉപരോധിച്ചു. പ്രക്ഷോഭങ്ങൾ രൂക്ഷമായതോടെ മെട്രോ സ്റ്റേഷനുകൾ അടച്ചു. നിലവിലെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ അതിർത്തി രക്ഷാസേനയുടെ അഞ്ച് പ്ലാറ്റൂണുകളെ വിന്യസിച്ചിട്ടുണ്ട്.
രാജ്യത്ത് തൊഴിലാളി പ്രക്ഷോഭം ശക്തമായതോടെ പുതിയ മിനിമം വേതന ബോർഡ് രൂപീകരിച്ചു. തൊഴിലാളികളുടെയും ഫാക്ടറി ഉടമകളുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന ആറംഗ സമിതിയാണ് വേതന പരിഷ്കരണം പരിശോധിക്കുകയെന്ന് തൊഴിൽ മന്ത്രി അരിഫുൽ ഹഖ് ചൗധരി അറിയിച്ചു. എന്നാൽ, വേതന വർധന സംബന്ധിച്ച് വ്യക്തമായ തീരുമാനം ഉണ്ടാകുന്നതുവരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് തൊഴിലാളികൾ. ഇതിനു പിന്നാലെ വിവിധ വ്യവസായ മേഖലകളിലും പ്രതിഷേധം തുടർന്നു.
അഞ്ഞുറിലധികം ഫാക്ടറികൾ അടച്ചു
തൊഴിലാളികൾ പ്രതിഷേധം ആരംഭിച്ചതോടെ ബംഗ്ലാദേശിലെ നിരവധി വസ്ത്ര നിർമാണ ഫാക്ടറികളാണ് അടച്ചു പൂട്ടിയത്. ബംഗ്ലാദേശ് ഗാർമെന്റ്സ് മാനുഫാക്ചറേഴ്സ് ആൻഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷന്റെ കണക്കനുസരിച്ച് 529 ഫാക്ടറികൾ അടച്ചു. ഏകദേശം 9.87 ലക്ഷം തൊഴിലാളികളാണ് വേതനമില്ലാതെ പ്രതിസന്ധിയിലായത്. 40 ലക്ഷത്തിലധികം തൊഴിലാളികളാണ് ബംഗ്ലാദേശിലെ വസ്ത്രനിർമാണ മേഖലയിൽ ജോലി ചെയ്യുന്നത്. രാജ്യത്ത് ഏകദേശം 4,000 രജിസ്റ്റർ ചെയ്ത ഫാക്ടറികളുണ്ട്. ബംഗ്ലാദേശിന്റെ കയറ്റുമതി വരുമാനത്തിന്റെ 80 ശതമാനത്തിലധികവും ഈ മേഖലയിൽ നിന്നാണ്. ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ വസ്ത്രം കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ബംഗ്ലാദേശ്.








0 comments