ഹാലോവീൻ ആഘോഷം: യുഎസിൽ വിവിധയിടങ്ങളിൽ വെടിവെപ്പ്; 24 പേർ കൊല്ലപ്പെട്ടു, നൂറോളം പേർക്ക് പരിക്ക്

വാഷിങ്ടൺ : അമേരിക്കയിൽ ഹാലോവീൻ ആഘോഷങ്ങൾക്കിടെ വിവിധയിടങ്ങളിലുണ്ടായ വെടിവെപ്പുകളിൽ 24ലധികം ആളുകൾ കൊല്ലപ്പെടുകയും 100ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. കാലിഫോർണിയ മുതൽ ഡെലവെയർ വരെ അക്രമം വ്യാപിച്ചതായാണ് പുറത്തുവരുന്ന വിവരം. യൂണിവേഴ്സിറ്റി കാമ്പസുകൾക്ക് സമീപവും നൈറ്റ് ലൈഫ് ഡിസ്ട്രിക്റ്റുകളിലും നിരവധി വെടിവെപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അലബാമയിലെ ബർമിംഗ്ഹാമിൽ, വാർഷിക മാജിക് സിറ്റി ക്ലാസിക്കിന് ശേഷമുണ്ടായ വെടിവയ്പ്പിൽ ഒരാൾ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡലാസിലെ ഡീപ് എല്ലം പരിസരത്ത് നടന്ന മൂന്ന് വ്യത്യസ്ത വെടിവെപ്പുകളിൽ നാല് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കാലിഫോർണിയയിലെ ഫെയർഫീൽഡിലുള്ള ഒരു സ്പിരിറ്റ് ഹാലോവീൻ കടയിൽ നടന്ന വെടിവെപ്പിൽ ഗർഭിണിയായ സ്ത്രീ കൊല്ലപ്പെട്ടു, ആറ് പേർക്ക് പരിക്കേറ്റു. ഡെലവെയറിൽ, ഒരു മണിക്കൂറിനുള്ളിൽ നടന്ന രണ്ട് സംഭവങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സാൻ ഫ്രാൻസിസ്കോയുടെ വടക്കുകിഴക്കുള്ള ഫെയർഫീൽഡിലുള്ള ഒരു സ്പിരിറ്റ് ഹാലോവീൻ സ്റ്റോറിൽ വെള്ളിയാഴ്ച രാത്രിയാണ് ആദ്യത്തെ സംഭവം നടന്നത്.
ഡെലവെയർ സർവകലാശാലയ്ക്ക് സമീപമുള്ള നെവാർക്കിൽ ആറ് പേർക്ക് വെടിയേറ്റു. ഇല്ലിനോയിലെ ബ്ലൂമിങ്ടണിൽ ഇല്ലിനോയ് വെസ്ലിയൻ സർവകലാശാലയ്ക്ക് സമീപമുണ്ടായ വെടിവെപ്പിൽ 19 വയസ്സുകാരി കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അർക്കൻസാസിലെ ഫയെറ്റ്വില്ലിലും വെടിവെപ്പിൽ ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ തർക്കത്തെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഹാലോവീൻ ആഘോഷങ്ങളുടെ ഭാഗമായി വലിയ ജനക്കൂട്ടം ഒത്തുകൂടിയ സ്ഥലങ്ങളിൽ തുടർച്ചയായുണ്ടായ വെടിവെപ്പുകൾ സുരക്ഷാ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. വിവിധ നഗരങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.









0 comments