മന്ത്രിയോട് ചോദ്യം ചോദിച്ചു; മഹാരാജാസിൽ ചെയർപേഴ്സണും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ

കൊച്ചി : മഹാരാജാസിലെ പരിപാടിക്കിടെ മന്ത്രി റോജി എം ജോണിനോട് ചോദ്യം ചോദിച്ചതിന്റെ പേരിൽ കോളേജ് യൂണിയൻ ചെയർപേഴ്സണേയും വൈസ് ചെയർപേഴ്സണേയും സസ്പെൻഡ് ചെയ്തു. അച്ചടക്കലംഘനം നടത്തിയെന്ന് ആരോപിച്ചാണ് കോളേജ് അധികൃതരുടെ നടപടി. അന്വേഷണവിധേയമായി പത്തു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തതായാണ് ഉത്തരവിൽ പറയുന്നത്. എസ്എഫ്ഐ പ്രതിനിധികളുടെ സസ്പെൻഷൻ നടപടി വന്നതിന് പിന്നാലെ കാമ്പസിൽ എസ്എഫ്ഐ പ്രതിഷേധ പ്രകടനം നടത്തി.
കാലടി സർവകലാശാലയിൽ നാടകം അവതരിപ്പിച്ചതിന്റെ പേരിൽ എസ്എഫ്ഐ പ്രവർത്തകരായ 16 പേരെ രണ്ടു മാസത്തിലധികമായി പുറത്താക്കിയ വിഷയമാണ് ചടങ്ങിൽ മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചത്. ഈ വിദ്യാർഥികൾക്ക് പരീക്ഷ പോലും എഴുതാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു എസ്എഫ്ഐ നേതൃത്വത്തിലുള്ള പ്രതിഷേധം. ന്യായമായ ഈ പ്രതിഷേധത്തിന്റെ പേരിലാണ് ഇപ്പോൾ രണ്ടുപേർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
വിദ്യാർഥികളെയും അവരുടെ ന്യായമായ ആവശ്യങ്ങളെയും അടിച്ചമർത്താനുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് എസ്എഫ്ഐ ആരോപിച്ചു. മന്ത്രിയെ തടഞ്ഞെന്ന് ചൂണ്ടിക്കാണിച്ച് കണ്ടാലറിയാവുന്നവർക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കാലടി സർവകലാശാലയിലെ വിദ്യാർഥി വേട്ടയെ ചോദ്യം ചെയ്താണ് മഹാരാജാസ് കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സന്റെ നേതൃത്വത്തിൽ മന്ത്രിക്കെതിരെ വിദ്യാർഥികൾ പ്രതിഷേധിച്ചത്. കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിന്റെ ഏകാധിപത്യത്തിനെതിരെ സമരം ചെയ്ത 16 വിദ്യാർഥികളെ യാതൊരു അടിസ്ഥാനവുമില്ലാതെ ക്യാമ്പസിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെയായിരുന്നു മഹാരാജാസിലെ പ്രതിഷേധം.
കാലടിയിലെ വിദ്യാർത്ഥികളെ സെമസ്റ്റർ പരീക്ഷ എഴുതാൻ പോലും അനുവദിക്കാത്ത നടപടിക്കെതിരെ പ്രതികരിക്കാത്ത മന്ത്രിയുടെ നിലപാടിനെതിരെയാണ് എസ്എഫ്ഐ നേതൃത്വത്തിൽ മഹാരാജാസിൽ പ്രതികരിച്ചത്. കാലടിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴേക്കും മന്ത്രി അവര്‍ക്ക് നേരെ ശബ്ദമുയര്‍ത്തി സംസാരിക്കുകയും പിന്നീട് പ്രതികരിക്കാമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ചോദ്യം ആവര്‍ത്തിച്ചതോടെ മന്ത്രി വിദ്യാര്‍ഥികളോട് തട്ടിക്കയറി. പൊതുപരിപാടി മനപ്പൂർവം അലങ്കോലപ്പെടുത്തിയെന്ന് ആരോപിച്ച് ഒരുകൂട്ടം വിദ്യാർഥികൾക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.







0 comments