സൂപ്പർ ഫാസ്റ്റ് പദവി പോയി; ജനശതാബ്ദി ഇനി ഇഴയും; യാത്ര ദുരിതമാകും

തിരുവനന്തപുരം: വന്ദേഭാരത് കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവുമധികം യാത്രാത്തിരക്കുള്ള ജനശതാബ്‌ദി ട്രെയിനുകളിലെ യാത്ര ഇനി ദുരിതമാകും. സൂപ്പർ ഫാസ്റ്റ് പദവി നഷ്ടമാവുന്നതോടെ ട്രെയിൻ പഴയ പോലെ ഇനി ഓടിയെത്തില്ല. ട്രെയിനിന്റെ മുൻഗണന നഷ്ടപ്പെടുന്നതോടെ വഴിയിൽ ഉടനീളം പിടിച്ചിടുകയും ചെയ്യും. സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ പോയ ശേഷം മാത്രമായിരിക്കും ജനശതാബ്‌ദിക്ക് സിഗ്നൽ ലഭിക്കുക. വന്ദേഭാരതിന്റെ വരവോട് കൂടി തന്നെ വൈകിയോടുന്ന ട്രെയിൻ ഇതോടെ ഇനി മണിക്കൂറുകൾ വൈകും
കേരളത്തിൽ ഓടുന്ന രണ്ട് ജനശതാബ്ദി എക്സ്പ്രസ് ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവി ഒഴിവാക്കി മെയിൽ, എക്സ്പ്രസ് വിഭാഗത്തിലേക്കാണ് മാറ്റുന്നത്. കോഴിക്കോട്–തിരുവനന്തപുരം ജനശതാബ്ദി (12075/12076), കണ്ണൂർ– തിരുവനന്തപുരം ജനശതാബ്ദി (12081/12082) ട്രെയിനുകളെയാണ് സൂപ്പർഫാസ്റ്റ് വിഭാഗത്തിൽനിന്ന് മാറ്റുന്നത്. ട്രെയിനുകളുടെ നമ്പറുകളിലും മാറ്റമുണ്ടാകും. ജനുവരി ഒന്നുമുതൽ പുതിയ നമ്പറുകൾ പ്രാബല്യത്തിൽ വരും. സൂപ്പർഫാസ്റ്റ് അധികനിരക്ക് ഒഴിവാക്കി പകരം മെയിൽ, എക്സ്പ്രസ് നിരക്ക് ഈടാക്കുമെന്നും ഇതോടെ ടിക്കറ്റ് നിരക്ക് കുറയുമെന്നുമാണ് റെയിൽവേ അവകാശപ്പെടുന്നത്. എന്നാൽ നിലവിലെ വേഗത്തിൽ വണ്ടിയോടുമോ എന്ന ആശങ്കയ്ക്ക് റെയിൽവേ വ്യക്തത വരുത്തിയിട്ടില്ല.
നിലവിൽ കോഴിക്കോട്– തിരുവനന്തപുരം ജനശതാബ്ദി 12075 കോഴിക്കോട് നിന്ന് ഉച്ചയ്ക്ക് 1.45ന് പുറപ്പെട്ട് രാത്രി 9.25ന് തിരുവനന്തപുരം സെൻട്രലിലെത്തും. 399 കിലോമീറ്റർ ദൂരം 7 മണിക്കൂർ 40 മിനിറ്റിലാണ് സർവീസ് പിന്നിടുന്നത്. തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം, ചേർത്തല, ആലപ്പുഴ, കായംകുളം, കൊല്ലം, വർക്കല എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. മടക്ക സർവീസായ 12076 തിരുവനന്തപുരം സെൻട്രലിൽ നിന്ന് രാവിലെ 5.55ന് പുറപ്പെട്ട് ഉച്ചയോടെ കോഴിക്കോട്ടെത്തും. കണ്ണൂർ– തിരുവനന്തപുരം ജനശതാബ്ദി 12081 കണ്ണൂരിൽ നിന്ന് പുലർച്ചെ 4.50ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.10ന് തിരുവനന്തപുരം സെൻട്രലിലെത്തും. 502 കിലോമീറ്ററാണ് ദൂരം. തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണ് പ്രധാന സ്റ്റോപ്പുകൾ. മടക്ക സർവീസായ 12082 തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഉച്ചയ്ക്ക് 2.50ന് പുറപ്പെട്ട് അർധരാത്രി 12.50ന് കണ്ണൂരിലെത്തും.
വടക്കൻ കേരളത്തിൽ നിന്ന് തലസ്ഥാനത്തേക്കുള്ള ദീർഘദൂര യാത്രയ്ക്ക് ആശ്രയിക്കുന്ന ജനശതാബ്ദി ട്രെയിനുകളുടെ പുതിയ മാറ്റം ഇതോടെ ആയിരക്കണക്കിന് യാത്രക്കാർക്ക് തിരിച്ചടിയാകും. കോഴിക്കോട് മലയോര പ്രദേശങ്ങളിലേക്ക് ജനശതാബ്ദിയ്ക്ക് കണക്ഷനായി കെഎസ്ആർടിസി സർവീസുകളുണ്ട്. ട്രെയിൻ വൈകുന്നതോടെ യാത്രക്കാർക്ക് ഈ ബസുകളും നഷ്ടമാകും. വടക്കൻ കേരളത്തിലുള്ളവരെ വലിയ യാത്ര പ്രതിസന്ധിയാണ് കാത്തിരിക്കുന്നത്.








0 comments