Deshabhimani

ജനശതാബ്ദി ഇനി സൂപ്പർഫാസ്റ്റല്ല; നമ്പരും മാറുന്നു, നിരക്കുകളിലും മാറ്റം

jan shatabdi train
വെബ് ഡെസ്ക്

Published on Nov 02, 2026, 03:28 PM | 1 min read

നിലമ്പൂർ : കേരളത്തിലോടുന്ന രണ്ട് ജനശതാബ്ദി എക്സ്പ്രസ് ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവി ഒഴിവാക്കി മെയിൽ/എക്സ്പ്രസ് വിഭാഗത്തിലേക്ക് മാറ്റുന്നു. ശരാശരി വേഗം കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേയുടെ നടപടി. ഇതോടെ ട്രെയിനുകളുടെ നമ്പറുകളിലും മാറ്റമുണ്ടാകും. 2027 ജനുവരി ഒന്നുമുതൽ പുതിയ നമ്പറുകൾ പ്രാബല്യത്തിൽ വരും.


കോഴിക്കോട്–തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി (12075/12076), കണ്ണൂർ–തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി (12081/12082) ട്രെയിനുകളെയാണ് സൂപ്പർഫാസ്റ്റ് വിഭാഗത്തിൽനിന്ന് മെയിൽ/എക്സ്പ്രസ് വിഭാഗത്തിലേക്ക് മാറ്റുന്നത്.


കോഴിക്കോട്–തിരുവനന്തപുരം ജനശതാബ്ദിയുടെ പുതിയ നമ്പറുകൾ 16375, 16376 എന്നിങ്ങനെയാണ്. കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദിക്ക് 16379, 16380 എന്നീ നമ്പറുകളാകും. ട്രെയിനുകളുടെ ജനശതാബ്ദി സർവീസ് പദവി തുടരും. സൂപ്പർഫാസ്റ്റ് അധികനിരക്ക് ഒഴിവാക്കി പകരം മെയിൽ/എക്സ്പ്രസ് അധികനിരക്ക് ഈടാക്കും. ഇതോടെ ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകുമെന്നാണ് അറിയിപ്പ്.


ശരാശരി വേഗം കുറഞ്ഞതിന്റെ പേരിൽ സൂപ്പർഫാസ്റ്റ് പദവി ഒഴിവാക്കുന്നത് യാത്രക്കാർക്ക് നിരക്കിൽ ആശ്വാസമാകുമെങ്കിലും ട്രെയിനുകളുടെ വേഗവും യാത്രാസമയവും മെച്ചപ്പെടുത്താനുള്ള നടപടികൾ റെയിൽവേ സ്വീകരിക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home