മന്ത്രിമാരുടെ പിടിപ്പുകേടും ഭരണവീഴ്ചകളും മറയ്ക്കാൻ ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

തിരുവനന്തപുരം: മന്ത്രിമാരുടെ പിടിപ്പുകേടും ഭരണവീഴ്ചകളും മറയ്ക്കാൻ ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് ആറ് മാസം തികയും മുൻപ് പലതവണയായാണ് ഐഎഎസ് തലപ്പത്ത് മാറ്റങ്ങള്‍ വരുത്തുന്നത്. വകുപ്പുകളിലെ കെടുകാര്യസ്ഥത ജനങ്ങളെ വലയ്ക്കുന്നതിനിടയിലാണ്, മന്ത്രിമാരുമായുള്ള കടുത്ത അഭിപ്രായവ്യത്യാസങ്ങളും വിവിധ വകുപ്പുകളിലെ വീഴ്ചകളും മറച്ചുവെക്കാനെന്നോണം പുതിയ മാറ്റങ്ങൾ.
ആരോഗ്യ മന്ത്രിയുമായുള്ള കടുത്ത അസ്വാരസ്യങ്ങള്‍ ശക്തമായതിനെ തുടർന്നാണ് ഡോ. ഷർമിള മേരി ജോസഫിനെ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്. പകരം മുഹമ്മദ് ഹനീഷ് എ പി എമ്മിനാണ് ചുമതല. ഷർമിള മേരി ജോസഫിനെ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും വനിതാ ശിശുവികസന വകുപ്പിന്റെ അധിക ചുമതലയിലും നിയമിച്ചു.
കെ ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളും പ്രതിഷേധങ്ങളും ഉയർന്ന പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഡി സജിത് ബാബുവിനെ ഒഴിവാക്കി. മുഹമ്മദ് ഹനീഷിനാണ് വിദ്യാഭ്യാസ വകുപ്പിന്റെ അധിക ചുമതലയും നൽകിയിരിക്കുന്നത്. ഇതോടൊപ്പം പുനീത് കുമാറിനെ പുതിയ ഊർജ വകുപ്പ് സെക്രട്ടറിയായും നിയമിച്ചു.
വൈദ്യുതി ക്ഷാമവും പ്രതിസന്ധിയും രൂക്ഷമായി ചർച്ചയാവുകയും, പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ ബോർഡിന് ഗുരുതര വീഴ്ച പറ്റിയെന്ന് ആക്ഷേപം ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് കെഎസ്ഇബി ചെയർമാൻ സ്ഥാനത്തുനിന്ന് എം.ജി. രാജമാണിക്യത്തെ മാറ്റിയത്. അദ്ദേഹത്തിന് പകരം എൻ പ്രശാന്തിനെ പുതിയ കെഎസ്ഇബി ചെയർമാനായി നിയമിച്ചു. എംജി രാജമാണിക്യത്തെ തദ്ദേശവകുപ്പ് സെക്രട്ടറിയായാണ് മാറ്റിയിട്ടുള്ളത്.
തദ്ദേശ വകുപ്പിലെ ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിലുള്ള പരസ്യമായ തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ്, തദ്ദേശ സ്വയംഭരണ - ഗതാഗത വകുപ്പ് സെക്രട്ടറിയായിരുന്ന ടി വി അനുപമയെ പുതിയ ധനകാര്യവകുപ്പ് സെക്രട്ടറിയായി നിയമിച്ചത്. പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതലയും ഇവർക്ക് നൽകിയിട്ടുണ്ട്. ആഭ്യന്തര വകുപ്പിൽ നിന്ന് മിൻഹാജ് ആലത്തെ ഒഴിവാക്കി പകരം കെ ആർ ജ്യോതിലാലിനെ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്.
വകുപ്പുകളിലെ ഭരണ വീഴ്ചയും മന്ത്രിമാരുടെ പിടിപ്പുകേടും കാരണം സർക്കാരിന് മുഖം രക്ഷിക്കാൻ നടത്തുന്ന വെപ്രാളമാണ് ഐഎഎസ് തലപ്പത്തെ ഈ മൊത്തത്തിലുള്ള പൊളിച്ചെഴുത്തിലൂടെ വ്യക്തമാകുന്നത്. മന്ത്രിമാരുടെ കഴിവില്ലായ്മയെ കുറിച്ച് ഐഎഎസ്സുകാർക്കിടയിൽത്തന്നെ വ്യാപകമായ പരാതിയുണ്ട്. ഐഎഎസ് തലപ്പത്ത് തുടർച്ചായയുണ്ടാകുന്ന മാറ്റങ്ങൾ കാരണം വിവിധ വകുപ്പുകളിലെ പ്രവർത്തനങ്ങൾ കൃത്യമായി മുന്നോട്ട് പോകാത്ത അവസ്ഥയാണ്. സർക്കാരിന്റെ പദ്ധതികളും വഴിമുട്ടി നിൽക്കുകയാണ്.








0 comments