കാമുകിയുടെ വീടിന് സമീപം പെട്രോൾ ബോംബെറിഞ്ഞ യുവാവ് അറസ്റ്റിൽ

കാമുകിയുടെ വീടിന് സമീപം പെട്രോൾ ബോംബ് എറിഞ്ഞെതിന് പൊലീസ് അറസ്റ്റ് ചെയ്ത നാഗാർജുന
മധുര: തമിഴ്നാട്ടിലെ മധുര ജില്ലയിൽ കാമുകിയുടെ വീടിന് സമീപം പെട്രോൾ ബോംബ് എറിഞ്ഞെ 23 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചുമട്ട് തൊഴിലാളിയായ നാഗാർജുനയാണ് പിടിയിലായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
കഴിഞ്ഞ ആറ് വർഷമായി യുവതിയുമായി ബന്ധത്തിലായിരുന്ന നാഗാർജുന, ഒരാഴ്ചയായി കാമുകി സംസാരിക്കാത്തതിൽ അസ്വസ്ഥനായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവസമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
സിസിടിവി ദൃശ്യങ്ങളിൽ നാഗാർജുന ഒരു വസ്തുവിന് തീകൊളുത്തി എറിയുന്നത് കാണാം. എന്നാൽ തീപിടിച്ച വസ്തു അബദ്ധത്തിൽ ഇയാളുടെ ദേഹത്തേക്ക് തന്നെ വീണതോടെ സ്ഥലത്തുനിന്ന് ഓടിപ്പോകുകയായിരുന്നു.
സംഭവത്തിൽ മറ്റാർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. നാഗാർജുനയെ ചോദ്യം ചെയ്തുവരികയാണെന്നും ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
അതിനിടെ, തമിഴ്നാട് നിയമസഭയിൽ കുറ്റകൃത്യങ്ങളും ക്രമസമാധാനവും സ്ത്രീസുരക്ഷയും സംബന്ധിച്ച് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാദപ്രതിവാദം നടന്നതിന് പിന്നാലെയാണ് സംഭവം.
സംസ്ഥാനത്ത് കൊലപാതകങ്ങളും ലൈംഗികാതിക്രമങ്ങളും വർധിച്ചെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ആരോപിച്ചപ്പോൾ, എല്ലാ ചോദ്യങ്ങൾക്കും തിങ്കളാഴ്ച മറുപടി നൽകുമെന്ന് മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി.









0 comments