ad
Deshabhimani

print edition ഐടിയു ബാങ്ക്‌ കോൺഗ്രസ്‌ വെട്ടിപ്പ്‌ : 7000 നിക്ഷേപകർക്ക്‌ 
ലഭിക്കാനുള്ളത്‌ 600 കോടി

Congress
വെബ് ഡെസ്ക്

Published on Jul 21, 2026, 12:45 AM | 1 min read

തൃശൂർ: കോൺഗ്രസ്‌ ഭരണസമിതിയുടെ സാന്പത്തിക ക്രമക്കേടിനെ ത്തുടർന്ന്‌ തകർന്ന ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽനിന്ന്‌ 7000 നിക്ഷേപകർക്ക്‌ ലഭിക്കാനുള്ളത്‌ 600 കോടി രൂപ. പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട്‌ നിക്ഷേപകർ മുഖ്യമന്ത്രി വി ഡി സതീശന്‌ സങ്കടഹർജി നൽകി. കെപിസിസി ജനറൽ സെക്രട്ടറിയും ഇരിങ്ങാലക്കുട നഗരസഭാ ചെയർമാനുമായ എം പി ജാക്‌സൻ 36 വർഷം ചെയർമാനായിരുന്ന ബാങ്കിൽ വൻ സാന്പത്തികക്രമക്കേടിനെത്തുടർന്ന്‌ ഭരണസമിതി പിരിച്ചുവിട്ടിരിക്കുകയാണ്‌.


ആർബിഐ നിയോഗിച്ച അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മിറ്റി ഭരണത്തിലാണ്‌. ബാങ്ക്‌ നഷ്ടത്തിലായതിനാൽ നിക്ഷേപകർക്ക്‌ പണം ലഭിക്കുന്നില്ല.

നിക്ഷേപകരിൽ കാൻസർ രോഗികൾ മുതൽ പാലിയേറ്റീവ് കെയർ സംരക്ഷണയിൽ കഴിയുന്നവർവരെയുണ്ട്‌. പഠിപ്പ്, വിവാഹം, വീട്‌ നിർമാണം എന്നിവ മുടങ്ങിയവരുമുണ്ട്‌, വാടക കൊടുക്കാത്തതുമൂലം കുടിയിറക്കപ്പെട്ടവരുമുണ്ടെന്ന്‌ മുഖ്യമന്ത്രിക്ക്‌ നൽകിയ ഹർജിയിൽ പറയുന്നു. രോഗാവസ്ഥയിലുണ്ടായിരുന്ന 12പേർ ബാങ്കിൽനിന്ന്‌ സമയോചിതമായി പണം ലഭിക്കാത്തതുമൂലം ചികിത്സ മുടങ്ങി മരിച്ചു. ഇരിങ്ങാലക്കുടയിലെ പള്ളികൾ, അമ്പലങ്ങൾ, മോസ്കുകൾ, അനാഥാലയങ്ങൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ മുതലായ സ്ഥാപനങ്ങളുടെയും പണം നഷ്ടപ്പെട്ടു.


ചെയർമാന്റെയും ഭരണസമിതിയുടെയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും ധൂർത്തുമാണ് ബാങ്ക്‌ തകർച്ചയ്‌ക്ക്‌ കാരണം. യോഗ്യരല്ലാത്തവരെ ജീവനക്കാരായി നിയമിച്ചു. ഈടില്ലാതെ കമീഷൻ ഏജന്റുമാർ മുഖാന്തരം വായ്‌പകൾ അനുവദിച്ചു. അധികാരപരിധിവിട്ട് നിയമവിരുദ്ധമായി ബ്രാഞ്ചുകൾ ആരംഭിച്ചതായും ആർബിഐയുടെയും സഹകരണവകുപ്പിന്റെയും അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരം ക്രമക്കേടുകൾമൂലം 2025-–26 ലെ വാർഷിക കണക്കനുസരിച്ച് 185 കോടിയോളം രൂപ ബാങ്കിന് സഞ്ചിത നഷ്ടമുണ്ട്. അതിനാൽ 2025 ജൂലൈ 30-മുതൽ റിസർവ്‌ ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണം അനിശ്ചിതമായി തുടരുകയാണ്‌.


ബാങ്കിലെ പണം തട്ടിയെടുത്തവർക്കും കൂട്ടുനിന്നവർക്കുമെതിരെ ക്രിമിനൽ നിയമനടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. നിക്ഷേപകരുടെ ക‍ൂട്ടായ്‌മയുടെ പ്രസിഡന്റ്‌ ജോണി മുതുക്കൻ, സെക്രട്ടറി ലിയോ പി ആന്റോ, ട്രഷറർ പ്രിൻസ് മാത്യു ചക്കാലക്കൽ എന്നിവരുടെ നേതൃത്വത്തിലാണ്‌ മുഖ്യമന്ത്രിയെ കണ്ടത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home