വെള്ളിക്കപ്പ് സ്വന്തമാക്കിയ ഓര്‍മയില്‍ കൊച്ചി

അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിൽ മട്ടാഞ്ചേരി സ്റ്റേറ്റ്സ് ക്ലബ് റണ്ണറപ്പായി നേടിയ വെള്ളിക്കപ്പ്
മട്ടാഞ്ചേരി
ലോകകപ്പ് ഫുട്ബോൾകാലത്ത് സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിൽ വെള്ളിക്കപ്പ് നേടിയ ഓർമയിലാണ് കൊച്ചി.
1948ൽ എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്താണ് രാമവർമ അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റ് നടന്നത്. അഞ്ച് രാഷ്ട്രങ്ങളിൽനിന്നുള്ള എട്ടു ടീമുകളാണ് പങ്കെടുത്തത്. അന്ന് കലാശക്കളിയിൽ നേരിട്ടത് ഇന്ത്യയിലേയും പാകിസ്ഥാനിലേയും രണ്ട് ക്ലബ്ബുകൾ. മട്ടാഞ്ചേരിയിലെ സ്റ്റേറ്റ് ക്ലബ്, പാകിസ്ഥാനിലെ കറാച്ചി കിക്കേഴ്സ് എന്നിവരായിരുന്നു ഫൈനലിൽ എത്തിയത്.
ആവേശംനിറഞ്ഞ മത്സരത്തിൽ രണ്ടിനെതിരെ നാലുഗോളിന് പാകിസ്ഥാന്റെ കറാച്ചി കിക്കേഴ്സ് ജയിച്ചു. മട്ടാഞ്ചേരി സ്റ്റേറ്റ് ക്ലബ് രണ്ടാംസ്ഥാനക്കാരായി. വിജയിച്ച പാക്‌ടീം ചാക്കോളാസ് സ്വർണക്കപ്പ് നേടി. റണ്ണറപ്പായ കൊച്ചി സ്റ്റേറ്റ്സ് ക്ലബ് കണിയാമ്പുറം ബ്രദേഴ്സ് വെള്ളിക്കപ്പും കരസ്ഥമാക്കി. 55 കിലോ തൂക്കവും 54 ഇഞ്ച് ഉയരവും 14 ഇഞ്ച് വീതിയുമുള്ള വെള്ളിപൂശിയ കപ്പാണിത്.
കൊച്ചിയിലെ ബ്രിട്ടീഷ് എന്‍ജിനീയറിങ് സ്ഥാപനമായ ബ്രണ്ടൻ കമ്പനിയാണ് കപ്പ് നിർമിച്ചത്. കൊച്ചിയിലെ ശ്രദ്ധേയ ഫുട്ബോൾ മത്സരങ്ങളിൽ ഈ കപ്പ് പ്രദർശിപ്പിക്കാറുണ്ടായിരുന്നു. കാലക്രമേണ സ്റ്റേറ്റ് ക്ലബ്ബിന്റെ പഴയ പ്രതാപം ഇല്ലാതായി. സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ ക്ലബ് ഭാരവാഹി ഷിബുവിന്റെ വീട്ടിലാണ് നിലവിൽ ഈ ചരിത്രംപേറുന്ന ട്രോഫി സൂക്ഷിച്ചിരിക്കുന്നത്.










0 comments