57 റേഞ്ച് ഫോറസ്റ്റ് ഓഫീസർമാർക്ക് സ്ഥലമാറ്റം

നിലമ്പൂർ: സംസ്ഥാന വനം വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരുടെ പൊതുസ്ഥലമാറ്റ ഉത്തരവ് പുറത്തിറങ്ങി. 57 റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരെയാണ് സ്ഥലമാറ്റി നിയമിച്ചത്. പുറത്തുവന്ന പട്ടിക പ്രകാര ഒരു വർഷത്തെ സേവനകാലാവധി പോലും പൂർത്തിയാകുന്നതിന് മുമ്പ് നിലവിലെ റേഞ്ചുകളിൽ നിന്ന് നിരവധി ഉദ്യോഗസ്ഥരെ മറ്റിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. പൊതുസ്ഥലമാറ്റങ്ങളിൽ സാധാരണയായി നിശ്ചിത കാലാവധി പൂർത്തിയാക്കിയവർക്കാണ് മുൻഗണന നൽകുന്നത്.
വനസംരക്ഷണം, വന്യജീവി സംരക്ഷണം, വനഭൂമി കൈയേറ്റം തടയൽ, വനക്കുറ്റകൃത്യങ്ങൾ അന്വേഷിക്കൽ, കോടതിക്കേസുകളുടെ നടത്തിപ്പ് തുടങ്ങി നിർണായക ചുമതലകൾ റേഞ്ച് ഫോറസ്റ്റ് ഓഫീസർമാർ നിർവഹിക്കുന്ന സാഹചര്യത്തിൽ, ഒരു റേഞ്ചിലെ പ്രവർത്തനങ്ങൾ പൂർണമായി മനസ്സിലാക്കി മുന്നോട്ട് പോകുന്നതിനുമുമ്പ് ഉദ്യോഗസ്ഥരെ മാറ്റുന്നത് ഭരണപരമായ തുടർച്ചയെ ബാധിക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.
ഒരു റേഞ്ചിലെ പ്രാദേശിക സാഹചര്യങ്ങൾ, വനാതിർത്തി പ്രശ്നങ്ങൾ, വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വിവിധ വികസന പദ്ധതികൾ എന്നിവയിൽ തുടർച്ച ഉറപ്പാക്കാൻ സ്ഥിരതയുള്ള സേവനകാലം ആവശ്യമാണെന്നാണ് ഉദ്യോഗസ്ഥരിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. ഇതിന് വിരുദ്ധമായി, ഒഴിവുകൾ നികത്തൽ, ഭരണസൗകര്യം, പൊതുതാൽപര്യം എന്നിവ കണക്കിലെടുത്താണ് സ്ഥലമാറ്റങ്ങൾ നടത്തിയതെന്നാണ് ആരോപണം
പുതിയ ഉത്തരവിലൂടെ സംസ്ഥാനത്തെ വിവിധ സോഷ്യൽ ഫോറസ്ട്രി, ടെറിറ്റോറിയൽ, വന്യജീവി വിഭാഗങ്ങളിലെ റേഞ്ചുകളിലേക്കാണ് ഉദ്യോഗസ്ഥരെ പുനർനിയമിച്ചിരിക്കുന്നത്. ഇതോടെ വിവിധ റേഞ്ചുകളിലെ ചുമതലകൾ ഏറ്റെടുക്കുന്നതിനുള്ള നടപടികളും ആരംഭിക്കും.










0 comments