print edition ഓ... സ്പെയിൻ

ലോകകപ്പ് ഫുട്ബോൾ ഫെെനലിൽ അർജന്റീനയ്ക്കെതിരെ വിജയഗോൾ നേടിയ സ്-പെയ്നിന്റെ ഫെറാൻ ടോറസിനെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു
ന്യൂയോർക്ക്: പാതിരാവിൽ ചാമ്പ്യൻ പിറന്നു. ലോക ഫുട്‌ബോളിൽ വീണ്ടും സ്‌പാനിഷ് വസന്തം. നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ ഒരു ഗോളിന് തോൽപ്പിച്ച് സ്‌പെയ്‌ൻ ലോകകപ്പ് ഫുട്‌ബോൾ ജേതാക്കളായി. രണ്ടാം കിരീടമാണ്. 2010ലായിരുന്നു ആദ്യത്തേത്.
ന്യൂയോർക്കിലെ ന്യൂജേഴ്‌സി സ്‌റ്റേഡിയത്തിൽ 106–ാം മിനിറ്റിൽ ഫെറാൻ ടോറസാണ് യൂറോപ്യൻ സംഘത്തിന്റെ വിജയഗോൾ കുറിച്ചത്. നിശ്ചിതസമയം ഇരുടീമുകൾക്കും ലക്ഷ്യം കാണാനായില്ല. എൺസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്തുപേരുമായാണ് അർജന്റീന അധികസമയം കളിച്ചത്. ലക്ഷ്യത്തിലേക്ക് ഒറ്റ ഷോട്ടും തൊടുക്കാനാകാതെയാണ് ലയണൽ മെസിയുടെ അർജന്റീന മടങ്ങിയത്. 11 രക്ഷപ്പെടുത്തലുകൾ നടത്തിയ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് പലപ്പോഴും രക്ഷകനായി.
ഫ്രാൻസിനെ 6–4ന് മറികടന്ന് ഇംഗ്ലണ്ട് മൂന്നാംസ്ഥാനം സ്വന്തമാക്കി. 1966ൽ ലോക ജേതാക്കളായതിന് ശേഷമുള്ള ഇംഗ്ലണ്ടിന്റെ വലിയ നേട്ടമാണ്.സെമിയിൽ അർജന്റീനയോട് 2–1ന് തോറ്റ ഇംഗ്ലണ്ട് ഫ്രാൻസിനെതിരെ ഉശിരൻ പ്രകടനം പുറത്തെടുത്തു. ആദ്യപകുതിയിൽ നാല് ഗോളാണ് അടിച്ചുകൂട്ടിയത്. ഗോളടിക്കാരനായ ഹാരി കെയ്‌ൻ ഇറങ്ങാതെയാണ് ഇൗ നേട്ടം.
പകരക്കാരനായെത്തിയാണ് ജൂഡ് ബെല്ലിങ്‌ഹാം ഗോളടിച്ചത്. ബുകായോ സാക്ക ഹാട്രിക് നേടി. മൂന്നാം മിനിറ്റിൽ ഡെക്ലൻ റൈസാണ് ഇംഗ്ലണ്ടിന്റെ ഗോളടിക്ക് തുടക്കമിട്ടത്. എസ്‌റി കൊൺസ 18–ാം മിനിറ്റിൽ ലീഡുയർത്തി. 37, 45, 87 മിനിറ്റുകളിലായിരുന്നു സാക്കയുടെ ഗോളുകൾ. പരിക്കുസമയത്ത് ബെല്ലിങ്‌ഹാം ജയം പൂർത്തിയാക്കി. ലോകകപ്പ് ചരിത്രത്തിലാദ്യമായി ഗോളെണ്ണം 300 കടന്നു. 104 കളിയിൽ 308 ഗോളാണ് പിറന്നത്.
ഫ്രാൻസ് ക്യാപ്‌റ്റൻ കിലിയൻ എംബാപ്പെ തുടർച്ചയായ രണ്ടാം തവണയും ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. എട്ട് കളിയിൽ പത്ത് ഗോളും നാല് അവസരവുമാണ് മുന്നേറ്റക്കാരന്.










0 comments