നിതിൻ രാജിന്റെ മരണം; അധ്യാപകനായ ഡോ. എം കെ റാമിനെ വിട്ടയച്ചു

തലശ്ശേരി: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഡോ. എം കെ റാമിനെ പൊലീസ് വിട്ടയച്ചു. കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ, രണ്ട് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണമെന്ന നോട്ടീസ് നൽകിയാണ് ഇദ്ദേഹത്തെ വിട്ടയച്ചത്.
പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും നോട്ടീസ് നൽകാനാണ് വിളിപ്പിച്ചതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. നേരത്തെ, അറസ്റ്റ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി റാമിന് ജാമ്യം അനുവദിച്ചിരുന്നു.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതിയെ പൊലീസ് കോടതി വളപ്പിൽ വെച്ച് വീണ്ടും കസ്റ്റഡിയിലെടുത്തത് വലിയ വിവാദത്തിനും നാടകീയ രംഗങ്ങൾക്കും വഴിവെച്ചു. അറസ്റ്റ് നിയമവിരുദ്ധമാണെന്നും സുപ്രീംകോടതി മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ വാദിച്ചു.
തുടർന്ന് അഭിഭാഷകർ ജഡ്ജിയുടെ ചേംബറിലെത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച കർണാടകയിലെ കുടകിൽ നിന്നാണ് ഒളിവിൽ കഴിഞ്ഞിരുന്ന ഡോ. റാമിനെ പൊലീസ് പിടികൂടിയത്. പ്രതിയെ പിടികൂടുന്നതിൽ വരുത്തിയ വീഴ്ചയിൽ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെ ചോദ്യം ചെയ്ത ഹൈക്കോടതി, ഇക്കാര്യത്തിൽ എഡിജിപി എച്ച്. വെങ്കിടേഷിനെതിരെയും രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. തിരുവനന്തപുരം ആര്യനാട് സ്വദേശിയായ നിതിൻ രാജ് ഏപ്രിൽ പത്തിനാണ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്.
അധ്യാപകരിൽ നിന്ന് നേരിട്ട ജാതി അധിക്ഷേപമാണ് മരണത്തിന് കാരണമെന്ന് നിതിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു. കേസിലെ രണ്ടാം പ്രതിയായ അധ്യാപിക സംഗീത നമ്പ്യാർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.










0 comments