Deshabhimani

താപനില 5°C നും 6°C നും ഇടയിൽ

നീലഗിരിയിൽ മഞ്ഞുറയുന്നു: ഊട്ടിയിലെ പുൽമേടുകളിൽ മഞ്ഞുപാളികള്‍ രൂപപ്പെട്ടു തുടങ്ങി

ground frost Nilgiri
വെബ് ഡെസ്ക്

Published on Nov 18, 2026, 04:33 PM | 1 min read

ഊട്ടി:നീലഗിരിയിൽ സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ച രേഖപ്പെടുത്തി. ചൊവ്വാഴ്ച രാത്രിക്കും ബുധനാഴ്ച പുലര്‍ച്ചയ്ക്കും ഇടയിൽ താപനില 5°C നും 6°C നും ഇടയിലേക്ക് താഴ്ന്നു. ഇതോടെ പുൽമേടുകളിലും തടാകത്തിന് മുകളിലും മഞ്ഞു കണങ്ങള്‍ തിളങ്ങി നിൽക്കുന്ന കാഴ്ചയായി. തണുപ്പ് തേടി എത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട ദിനങ്ങളാണ് പിറക്കുന്നത്.


ഊട്ടി തടാകത്തിന് ചേര്‍ന്നുള്ള താഴ്ന്ന ഭാഗങ്ങളിലും തലക്കുന്ത, കാന്തൽ പ്രദേശങ്ങളിലുമായാണ് ഏറ്റവും അധികം തണുപ്പ് രേഖപ്പെടുത്തിയത്. അതിരാവിലെ നേർത്ത മഞ്ഞുപാളികള്‍ പരക്കെ തിളങ്ങി നിൽക്കുന്ന ദൃശ്യമായി.


കുളിരണിയിക്കാൻ

ഇത്തവണ നേരത്തെ


സാധാരണയായി നവംബർ അവസാനമോ ഡിസംബർ ആദ്യമോ ആണ് നീലഗിരിയിൽ മഞ്ഞുവീഴ്ച തുടങ്ങുന്നത്. ഇത്തവണ നേരത്തെയായി. എന്നാൽ കഴിഞ്ഞ വർഷം വൈകിയാണ് എത്തിയത്. തുടർന്നുള്ള മാസങ്ങളിൽ അതിശൈത്യവും അനുഭവപ്പെട്ടിരുന്നു. സീസൺ നേരത്തെ തുടങ്ങിയത് തണുപ്പിന്റെ തീവ്രത കൂട്ടുമെന്നാണ് കരുതുന്നത്.


പുൽമേടുകള്‍ മഞ്ഞണിഞ്ഞത് കാണാനായി എത്തുന്നവര്‍ യാത്രാ ലക്ഷ്യങ്ങള്‍ മാറുകയാണ്. മഞ്ഞ് ആസ്വദിക്കാനും ചിത്രങ്ങൾ പകർത്താനും സമീപ വർഷങ്ങളിൽ വലിയ തോതിലാണ് വിനോദസഞ്ചാരികൾ ഊട്ടിയിലേക്ക് എത്തുന്നത്. പ്രത്യേകിച്ച് തലക്കുന്ത പോലുള്ള പ്രദേശങ്ങൾ ഇതോടെ തിരക്കേറിയ ഉപലക്ഷ്യങ്ങളായി മാറി.


ഭൗമോപരിതലത്തിലെ താപനില പൂജ്യം ഡിഗ്രിയിലും താഴെയെത്തുമ്പോൾ അന്തരീക്ഷത്തിലെ ജലബാഷ്പം തണുത്തുറഞ്ഞ് ഐസ് പരലുകളായി മാറുന്ന പ്രതിഭാസമാണ് 'ഗ്രൗണ്ട് ഫ്രോസ്റ്റ്'. ഇതാണ് സീസണിലെ ദൃശ്യവിരുന്ന് ഒരുക്കുന്നത്. വരും ദിവസങ്ങളിൽ തണുപ്പ് ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തദ്ദേശീയ സസ്യങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കും ഇത് ശീലമാണ്. എന്നാൽ അധിനിവേശ സസ്യങ്ങള്‍ ഈ സീസണിൽ ഉണങ്ങി കരിയും. നീലഗിരിയുടെ തനത് ജൈവവൈവിധ്യം മാറ്റമില്ലാതെ നിലനിര്‍ത്തുന്നതിലും ഈ മഞ്ഞ് ഉറയലിന് പങ്കുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home