ബാഡ്മിന്റൺ ലോക റാങ്കിങ്ങിൽ ആദ്യ അഞ്ചിൽ പി വി സിന്ധു; തിരിച്ചെത്തിയത് നാല് വർഷത്തിനുശേഷം

photo credit: P V Sindhu Facebook
ന്യൂഡൽഹി: നാല് വർഷത്തെ ഇടവേളയ്ക്കുശേഷം ബാഡ്മിന്റൺ ലോക റാങ്കിങ്ങിൽ ആദ്യ അഞ്ചിൽ തിരിച്ചെത്തി ഇന്ത്യയുടെ അഭിമാന താരം പി വി സിന്ധു. ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ (ബിഡബ്ല്യുഎഫ്) ചൊവ്വാഴ്ച പുറത്തുവിട്ട പുതിയ വനിതാ സിംഗിൾസ് റാങ്കിങ്ങിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി സിന്ധു അഞ്ചാം സ്ഥാനത്തെത്തി. നിലവിൽ ആറാം സ്ഥാനത്തായിരുന്നു. 2022 നവംബറിനുശേഷം ആദ്യമായാണ് സിന്ധു ആദ്യ അഞ്ചിലെത്തുന്നത്.
2026 സീസണിലെ മികച്ച പ്രകടനമാണ് സിന്ധുവിന് നേട്ടമായത്. ജപ്പാൻ ഓപ്പൺ സൂപ്പർ 750, ഹൈലോ ഓപ്പൺ, ഫ്രഞ്ച് ഓപ്പണിലെ റണ്ണറപ്പ് സ്ഥാനം എന്നിവയാണ് കരുത്തായത്. ലോക ചാമ്പ്യൻഷിപ്പിൽ പ്രീക്വാർട്ടറിലും ഏഷ്യൻ ഗെയിംസിൽ ക്വാർട്ടർ ഫൈനലിലും എത്തിയിരുന്നു. കഴിഞ്ഞ 45 ദിവസത്തിനിടെ 11-ാം സ്ഥാനത്തുനിന്ന് ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ സിന്ധു ബിഡബ്ല്യുഎഫ് വേൾഡ് ടൂർ ഫൈനൽസിനും യോഗ്യത നേടി.
വനിതാ സിംഗിൾസിൽ ഇന്ത്യയുടെ തൻവി ശർമ 21-ാം സ്ഥാനത്താണ്. പുരുഷ സിംഗിൾസിൽ ലക്ഷ്യ സെൻ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 11-ാമതെത്തി. ജപ്പാനിലെ കുമാമോട്ടോ മാസ്റ്റേഴ്സ് സൂപ്പർ 500 ടൂർണമെന്റിലെ കിരീടനേട്ടമാണ് ലക്ഷ്യ സെന്നിന് നേട്ടമായത്. കെ ശ്രീകാന്ത് ആദ്യ 30ൽ തിരിച്ചെത്തി. വനിതാ ഡബിൾസിൽ ട്രീസ ജോളി–ഗായത്രി ഗോപിചന്ദ് സഖ്യം 19-ാം സ്ഥാനത്തേക്കുയർന്നു. പുരുഷ ഡബിൾസിൽ സാത്വിക് സായിരാജ് റാങ്കിറെഡ്ഡി–ചിരാഗ് ഷെട്ടി സഖ്യം ആറാം സ്ഥാനത്ത് തുടരുകയാണ്.








0 comments