പിഎസ്‍സി: പൊട്ടിത്തെറിക്കൊടുവിൽ ലിസ്റ്റ്; കോൺഗ്രസിന് നാല്, ലീഗിന് ഒന്ന്

തിരുവനന്തപുരം : തർക്കത്തിനൊടുവിൽ പിഎസ്‍സി അംഗങ്ങളുടെ പട്ടികയിൽ സമവായം. അംഗങ്ങളുടെ ലിസ്റ്റ് ഇന്ന് ഗവർണർക്ക് അയക്കുമെന്നാണ് വിവരം. ഗുരുവായൂർ ദേവസ്വം നിയമനത്തിലും ധാരണയായി.
കോൺഗ്രസിലെ നാല് അംഗങ്ങളും ലീഗിലെ ഒരംഗവുമടക്കം പിഎസ്‍സിയിലേക്ക് അഞ്ചുപേരുടെ പട്ടിക ഗവർണർക്ക് കൈമാറും. ജി ഗോപകുമാർ, രമേശ് എം തമ്പി, റോസമ്മ ഫിലിപ്പ്, ആർ സനൽകുമാർ എന്നിവരാണ് കോൺഗ്രസ് അംഗങ്ങൾ. ഷാഫി ചാലിയമാണ് ലീഗ് അംഗം. കെ സി വേണുഗോപാൽ പക്ഷമാണ് സനൽകുമാറിനെ നോമിനേറ്റ് ചെയ്തത്.
പിഎസ്‍സി അംഗങ്ങളുടെ പേരുകൾ വായിച്ചപ്പോഴാണ് ചർച്ച കൂടാതെ കാര്യങ്ങൾ തീരുമാനിക്കുന്നതിനെതിരെ മന്ത്രിസഭയിൽ തർക്കമുണ്ടായത്. ആറുമാസം തികഞ്ഞ ദിവസം നടന്ന ആദ്യ മന്ത്രിസഭ യോഗത്തിലാണ് തർക്കമുണ്ടായത്. മുഖ്യമന്ത്രി ഏകപക്ഷീയമായി പേരുകൾ തീരുമാനിക്കുകയാണെന്നായിരുന്നു വിമർശനം. എന്നാൽ മന്ത്രിമാർ പറഞ്ഞ പേരുകളൊന്നും സതീശൻ അംഗീകരിച്ചില്ല. സനല്‍കുമാറിനൊപ്പം സുധ മേനോന്റെ പേരും കെ സി പക്ഷം നിര്‍ദേശിച്ചെങ്കിലും കേരളത്തില്‍ സ്ഥിരതമാസമല്ലെന്നുപറഞ്ഞ് സതീശന്‍ വെട്ടി. മറ്റൊരു പദവി നല്‍കാമെന്ന് പിന്നീട് അറിയിച്ചു.
ലീഗിനൊപ്പം കേരള കോൺഗ്രസും അംഗത്തെ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അടുത്ത ഒഴിവു വരുമ്പോൾ പരിഗണിക്കാമെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നുവെന്നാണ് വിവരം. ഒടുവിൽ മണിക്കൂറുകൾ നീണ്ട തർക്കത്തിനൊടുവിൽ സമവായത്തിലെത്തി മന്ത്രിമാർ ഫയലിൽ ഒപ്പിടുകയായിരുന്നു.
തര്‍ക്കം കാരണം യോഗം രണ്ടര മണിക്കൂറിലധികം നീണ്ടതോടെ മുഖ്യമന്ത്രി പതിവ് വാര്‍ത്താസമ്മേളനം നടത്താതെ ഡല്‍ഹിക്ക് മുങ്ങി. എന്നാൽ തീരുമാനങ്ങളെല്ലാം ഏകകണ്ഠമാണെന്നും പാർടിയിലോ മുന്നണിയിലോ ഒരു പ്രശ്നവുമില്ലെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വാദം.








0 comments