ഐഒഎ തെരഞ്ഞെടുപ്പ്; കായികതാരങ്ങൾക്കിടയിലെ ഭിന്നത സങ്കടകരമെന്ന് സൈന നെഹ്‌വാൾ

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയർന്ന അഴിമതി ആരോപണങ്ങളും വിവാദങ്ങളും ഏറെ സങ്കടകരമാണെന്ന് ഒളിമ്പിക് മെഡൽ ജേതാവ് സൈന നെഹ്‌വാൾ. 'സ്പോർട്സ്‌പേഴ്സൺസ് ഓഫ് ഔട്ട്‌സ്റ്റാൻഡിംഗ് മെറിറ്റ്' (എസ്ഒഎം) വിഭാഗത്തിലേക്കുള്ള വോട്ടെടുപ്പിൽ കൃത്രിമവും പുറത്തുനിന്നുള്ള രാഷ്ട്രീയ-ഭരണതല ഇടപെടലുകളും നടന്നുവെന്ന ഗുരുതരമായ ആരോപണങ്ങൾക്കിടെയാണ് സൈനയുടെ പ്രതികരണം.
'കായിക ഭരണരംഗത്ത് ഇത്തരം വിവാദ വാർത്തകൾ വരുന്നത് വേദനാജനകമാണ്. എങ്കിലും ആര് അധികാരത്തിൽ വരുന്നു എന്നതിനേക്കാൾ, കായികതാരങ്ങളുടെ ഉന്നമനത്തിനായി ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. കഴിഞ്ഞ നാല് വർഷത്തെ ഭരണകാലയളവിൽ പ്രധാന ടൂർണമെന്റുകളിലെല്ലാം കായികതാരങ്ങൾക്കൊപ്പം പി ടി ഉഷ ഉണ്ടായിരുന്നു'- സൈന പറഞ്ഞു.
നവംബർ ഒൻപതിന് നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ ഐഒഎ പ്രസിഡന്റും രാജ്യസഭാ എംപിയുമായ പി ടി ഉഷ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് പുറത്തായിരുന്നു. വനിതാ വിഭാഗത്തിലെ നാല് സീറ്റുകളിലേക്ക് അഞ്ജു ബോബി ജോർജ്, റാണി രാംപാൽ, ദോള ബാനർജി എന്നിവർക്കൊപ്പം സൈന നെഹ്‌വാളും തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഐഒഎയ്ക്കുള്ളിലെ ആഭ്യന്തര കലഹവും അധികാര വടംവലിയും മറനീക്കി പുറത്തുവന്നത്.
തന്റെ പരാജയത്തിന് പിന്നിൽ ആസൂത്രിതമായ അട്ടിമറിയുണ്ടെന്ന് ആരോപിച്ച് പി ടി ഉഷ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് (ഐഒസി) പരാതി നൽകിയിരുന്നു. ഭരണഘടനാ ചട്ടങ്ങളിൽ അടക്കം തിരിമറി നടന്നതായുള്ള ആരോപണങ്ങളിൽ ഐഒസി കർശന മുന്നറിയിപ്പ് നൽകുകയും ഒളിമ്പിക് ചാമ്പ്യൻ അഭിനവ് ബിന്ദ്രയടക്കമുള്ളവർ പരസ്യവിമർശനവുമായി രംഗത്തെത്തുകയും ചെയ്തതോടെ ദേശീയ കായിക ഭരണസമിതി കടുത്ത പ്രതിസന്ധിയിലാണ്.








0 comments