ad
Deshabhimani

യൂറോപ്പിന്റെ വഴികളിലൂടെ...

ameena basheer european trip
avatar
അമീന ബഷീർ

Published on Aug 01, 2026, 03:54 PM | 5 min read

ആറ്‌ യൂറോപ്യൻ രാജ്യങ്ങളിലൂടെ കുടുംബത്തോടൊപ്പം നടത്തിയ സ്വപ്‌നസമാനമായ യാത്രയുടെ അനുഭവം പ്രവാസി എഴുത്തുകാരി അമീന ബഷീർ പങ്കുവയ്ക്കുന്നു


റുരാജ്യങ്ങളിലൂടെ 13 ദിവസം നീണ്ട യാത്ര. ഗ്രാമങ്ങളും നഗരങ്ങളും കണ്ട്‌ കുന്നും മലയും നദികളും താണ്ടിയ സഞ്ചാരം. ഫ്രാൻസും ജർമനിയും സ്വിറ്റ്സർലൻഡും കടന്ന്‌ ഇറ്റലിവഴി വത്തിക്കാൻ പിന്നിട്ട്‌ ഗ്രീസിലേക്ക്‌... ജീവിതത്തിൽ മറക്കാനാകാത്ത ദിവസങ്ങളുടെ അനുഭൂതിയാണ്‌ യൂറോപ്പിന്റെ വഴികളിലൂടെയുള്ള യാത്ര സമ്മാനിച്ചത്‌. യാത്രയ്ക്ക്‌ രണ്ടുമാസംമുമ്പ് ഷെങ്കൻ വിസ ലഭിച്ചതുമുതൽ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ആദ്യ ലക്ഷ്യസ്ഥാനം ഫ്രാൻസായിരുന്നു. ജിദ്ദ വിമാനത്താവളത്തിൽനിന്ന്‌ തുർക്കിയവഴി ഫ്രാൻസ്‌ തലസ്ഥാനം പാരിസിലേക്ക്‌. പകൽ 11.30ന് പാരിസിലിറങ്ങി. വിദേശികൾ ധാരാളമായി വസിക്കുന്ന പ്രദേശത്തായിരുന്നു താമസം. റസ്റ്റോറന്റുകൾ കൂടുതലുള്ള പ്രദേശങ്ങളാണ് യാത്രയിലുടനീളം താമസിക്കാനായി തെരഞ്ഞെടുത്തത്.


മൊണാലിസയുടെയും വീനസ് ദ മിലോയുടെയും ഒക്കെ പെയിന്റിങ്ങുകളുള്ള ലൂവറ്‌ മ്യൂസിയം കാണാനാണ്‌ ആദ്യം പോയത്. ചരിത്രാതീതകാലംമുതൽ 21–ാം നൂറ്റാണ്ടുവരെയുള്ള 35,000ഓളം സൃഷ്‌ടികൾ അവിടെയുണ്ട്. മ്യൂസിയം അടച്ചതിനാൽ അകത്തുകയറാനായില്ല. പുറമേനിന്ന് ചിത്രങ്ങളെടുത്ത് മടങ്ങി. അവിടെനിന്ന്‌ ഈഫൽ ടവറിലേക്ക്‌. യാത്രാമധ്യേ ‘സ്റ്റാച്യു ഓഫ് ലിബർട്ടി’യുടെ സഹോദരി പ്രതിമ കണ്ടു. ഫ്രാൻസ് യുഎസിന് സ്റ്റാച്യു ഓഫ് ലിബർട്ടി സമ്മാനിച്ച സമയത്ത് പാരിസിൽ സ്ഥാപിച്ച പ്രതിമയായിരുന്നു അത്‌. ഈഫൽ ടവറിനോട് അടുക്കുന്തോറും ഉള്ളുമിടിച്ചുകൊണ്ടിരുന്നു. കുറെയധികം മനോഹരമായ ചിത്രങ്ങൾ പകർത്തിയശേഷമാണ്‌ റൂമിലേക്ക് മടങ്ങിയത്‌.


അടുത്ത ദിവസം രാവിലെ മൗളിൻ റോഗിലേക്ക്‌ പുറപ്പെട്ടു. പോകുന്ന വഴിയിൽ ഫ്രാൻസിന്റെ മറ്റൊരു മുഖമാണ് കാണാനായത്. ആധുനിക രീതിയിലും ഭംഗിയിലും അലങ്കരിച്ച കെട്ടിടങ്ങളും കടകളും കണ്ടു. മൗളിൻ റോഗ് അടുത്തപ്പോൾ ചുവന്ന നിറമുള്ള അലങ്കാര വസ്‌തുക്കൾ നിറച്ച കടകൾ കണ്ടുതുടങ്ങി. പ്രണയികളുടെ ഇടമാണല്ലോ ഇത്‌. ചുവന്ന ചായമടിച്ച മൗളിൻ റോഗിന്റെ കെട്ടിടം ദൂരെനിന്ന്‌ കണ്ടു. 1889ൽ സ്ഥാപിതമായതാണ് കാബറെ നൃത്തവേദി. അറുപതോളം അന്താരാഷ്‌ട്ര നർത്തകരുടെ ഒന്നരമണിക്കൂറോളമുള്ള ഷോയാണ് ഇവിടെയുള്ളത്. അത്‌ കാണാൻ നിൽക്കാതെ, പുറത്തുനിന്ന്‌ ചിത്രങ്ങളെടുത്ത്‌ അവിടെനിന്ന്‌ പുറപ്പെട്ടു. ഉച്ചഭക്ഷണശേഷം റെയിൽവേ സ്റ്റേഷനിലേക്ക് പോയി. ട്രെയിനിലായിരുന്നു ജർമനിയിലേക്കുള്ള യാത്ര.


ameena basheer travel


ഫ്രാങ്ക്ഫർട്ടിലാണ് ട്രെയിൻ ഇറങ്ങിയത്. ജനനിബിഡവും മനോഹരവുമായ റെയിൽവേ സ്റ്റേഷൻ. അതിനോട്‌ ചേർന്നായിരുന്നു താമസിച്ച ഹോട്ടൽ. സ്റ്റേഷനുമുമ്പിൽ ട്രാമുകൾ നിർത്തുന്ന സ്റ്റോപ്പുണ്ട്. ആളുകൾ അധികവും സഞ്ചരിക്കുന്നത് ട്രാമിലും ബസിലുമാണ്. ഹോട്ടലിലേക്ക് പോകുന്ന വഴിയിൽ ഇന്ത്യൻ, അഫ്ഗാനി, പാക്കിസ്ഥാനി, തുർക്കിയ, ജർമൻ എന്നിങ്ങനെ വിവിധ റസ്റ്റോറന്റുകളുണ്ട്. ജർമനിയിൽ കുറേയധികം ഇന്ത്യക്കാരെ കണ്ടുമുട്ടി. സന്ധ്യയോടടുക്കുമ്പോൾ ആളുകൾ ജോലിയൊക്കെ അവസാനിപ്പിച്ച് പാതയോരത്തെ റസ്റ്റോറന്റുകളുടെ മുമ്പിലുള്ള ഇരിപ്പിടങ്ങളിൽ സ്‌നേഹിതരുമായി കുശലം പറഞ്ഞിരിക്കുന്നത്‌ ജർമനിയുടെ കാഴ്‌ചയായിരുന്നു.


പിറ്റേന്ന്‌ രാവിലെ ട്രാമിൽ കയറി നഗരം ചുറ്റാനിറങ്ങി. നല്ല തണുപ്പുള്ള പ്രഭാതം. മനോഹരമായ നിർമാണ ചാതുര്യമാണ് ജർമനിയിലെ കെട്ടിട സമുച്ചയങ്ങൾക്ക്. ഫ്രാങ്ക്ഫർട്ടിന്റെ അഡ്മിനിസ്ട്രേഷൻ കൈകാര്യം ചെയ്യുന്ന റോമർ ബിൽഡിങ്‌ സ്ഥിതിചെയ്യുന്ന റോമർബെർഗിലേക്ക് പോയി. 15–ാം നൂറ്റാണ്ടുമുതൽ ഫ്രാങ്ക്ഫർട്ടിലെ അഡ്മിനിസ്ട്രേഷൻ അവിടെയാണ്‌ കൈകാര്യം ചെയ്യുന്നത്. പൗരാണിക ജർമൻ നിർമിതിയുടെ മനോഹര സാക്ഷ്യമാണ് റോമർ. ചുറ്റും പുരാതന കെട്ടിട സമുച്ചയങ്ങൾ. റോമറിൽനിന്ന്‌ ബസിൽ ജെൾഡ് മ്യൂസിയത്തിലേക്ക്‌.


പിന്നീട്‌ ഫെക്കൻഹേമിലേക്കാണ് പോയത്‌. അവിടെ പഴയ ക്ലാസിക്കൽ കാറുകൾ പുതുക്കി നിർമിക്കുന്ന വലിയ ഷോറൂം ഉണ്ട്. സ്‌പോർട്സ് കാറുകളും ബെൻസും ഫെറാരിയുമൊക്കെ പുതുപുത്തനായി വെട്ടിത്തിളങ്ങുന്ന കാഴ്‌ച. മൂന്നുനിലയുള്ള വലിയ കെട്ടിടം മുഴുവൻ വില കൂടിയ ക്ലാസിക് കാറുകളാണ്. അവിടെനിന്ന്‌ പഴയ നഗരം എന്നപേരിലുള്ള അൾട്ട്സ്റ്റാഡ്‌റ്റിലേക്ക്‌. പ്രസിദ്ധമായ റോമിയോ ബ്രിഡ്‌ജ്‌ ഇവിടെയാണ്‌. ലോഹത്താൽ നിർമിച്ച പാലത്തിൽ മുഴുവൻ പ്രണയികൾ പൂട്ടുകൾകൊണ്ട്‌ നിറച്ചിരിക്കുകയാണ്. അവ ഉള്ളിടത്തോളം കാലം പ്രണയം നിലനിൽക്കുമെന്ന്‌ വിശ്വാസം.


ameena basheer travel


പിറ്റേന്ന്‌ രാവിലെ ഹെയ്‌ഡെൽബെർഗിലേക്ക്. അവിടെ വലിയ കാസിലുണ്ട്. ഫൂനിക്കുലർ ട്രെയിനിൽ സഞ്ചരിച്ചാണ് അതിന്റെ മുകളിലെത്തിയത്. 1214ലാണ് കാസിൽ നിർമിച്ചതെന്ന് പറയപ്പെടുന്നു. 1500കളിൽ മിന്നലിൽ നശിച്ചുതുടങ്ങിയ കാസിലിനെ 1650കളിൽ വീണ്ടും പുതുക്കി നിർമിച്ചു. 1700കളിൽ വീണ്ടും മിന്നലിൽ നശിച്ചുതുടങ്ങി. കാസിലിന്റെ മുകളിലെത്തിയാൽ വലിയ പൂന്തോട്ടവും തലയുയർത്തിനിൽക്കുന്ന ഇടിഞ്ഞുതുടങ്ങിയ കോട്ട കൊത്തളങ്ങളും മൺമറഞ്ഞ രാജാക്കന്മാരുടെ രൂപങ്ങളും കാണാം. മട്ടുപ്പാവിൽനിന്നാൽ പുരാതന നഗരവും കവികളുടെ പാലം എന്നറിയപ്പെട്ട പഴയ പാലവും കാണാം.


പോസ്റ്റുകാർഡുകളിലും നോട്ട്ബുക്ക് കവറുകളിലും കണ്ട്‌ ഏറെ ആകർഷിച്ച സ്വിറ്റ്സർലൻഡ്‌ ആയിരുന്നു അടുത്ത ലക്ഷ്യം. രാത്രി ബേണിൽ ട്രെയിൻ ഇറങ്ങിയപ്പോൾതന്നെ സ്വിറ്റ്സർലൻഡിന്റെ പ്രൗഢി മനസ്സിലായി. നൂതനമായ ട്രെയിനും ട്രാമും ബസുമൊക്കെ നഗരത്തിലുടനീളം കണ്ടു. പിറ്റേന്ന്‌ രാവിലെ ‘ടോപ് ഓഫ് യൂറോപ്’ എന്നറിയപ്പെടുന്ന ജങ്ക്ഫ്രോ ഹിമനിരകളിലേക്ക്‌ പോയി. സമുദ്രനിരപ്പിൽനിന്ന്‌ 3454 മീറ്റർ ഉയരത്തിലാണ് ആൽപ്പൈൻ മലനിരകളിലുള്ള ജങ്ക്ഫ്രോ. ഇന്റർലൈക്കനിൽനിന്ന്‌ കുത്തനെയുള്ള കോഗ്വീൽ ട്രെയിനിൽ യാത്ര. പിന്നീട് ഗ്രിൻഡെൽവാൾഡിൽനിന്ന്‌ ജങ്ക്ഫ്രോയിലേക്ക് കിലോമീറ്ററുകൾ നീണ്ട ഐഗെർ എക്‌സ്‌പ്രസ് കേബിൾ കാർ. ജങ്ക്ഫ്രോയിൽ എത്തുമ്പോൾ അരിച്ചുകയറുന്ന തണുപ്പ് നമ്മെ പിടികൂടും. മഞ്ഞിൽ കളിക്കാൻ പറ്റിയതിൽ കുട്ടികൾ ഏറെ സന്തോഷത്തിലായിരുന്നു. മഞ്ഞിൽ കൊത്തിയുണ്ടാക്കിയ ശിൽപ്പങ്ങളുടെ നിര അവിടെയുണ്ട്‌.


വൈകിട്ടോടെ ട്രെയിനിൽ ലോട്ടർ ബ്രെണ്ണനിൽ എത്തി. വെള്ളച്ചാട്ടങ്ങളുടെ ഗ്രാമമായിരുന്നു അത്‌. ട്രെയിനിറങ്ങി വെള്ളച്ചാട്ടത്തിലേക്കുള്ള വഴി സ്വപ്‌നസമാനമായിരുന്നു. ആൽപ്‌സ് മലനിരകളിൽനിന്നും ഉരുകിയൊലിച്ചെത്തുന്ന വെള്ളം കുടിക്കാനുള്ള പൈപ്പുകൾ സ്വിസ് ഗ്രാമങ്ങളിൽ അവിടവിടെ കാണാം. ആൽബർട്ട് ഐൻസ്റ്റീൻ കുടുംബവുമൊത്ത് താമസിച്ച വീട് കാണാനാണ്‌ പിറ്റേന്ന്‌ രാവിലെ പോയത്‌. ഇന്നതൊരു മ്യൂസിയമാണ്.


ഗ്രിൻഡെൽവാൾഡ് എന്ന അതിമനോഹര സ്വിസ്‌ ഗ്രാമത്തിലേക്കാണ്‌ പിന്നെ പോയത്‌. ഷാരൂഖ് ഖാന്റെ ദിൽവാലെ ദുൽഹനിയ ലേ ജായേം​ഗേ സിനിമയിലെ ദൃശ്യങ്ങളാണ് ഓർമ വന്നത്. പച്ചവിരിച്ച കുന്നുകളും താഴ്‌വരകളും പുറകിൽ മഞ്ഞുപുതച്ച ആൽപ്‌സ് മലനിരകളും ഗ്രാമീണ വീടുകളും അവയ്ക്കിടയിലൂടെ മേഞ്ഞുനടക്കുന്ന കാലികളും കളകളാരവമൊഴുകുന്ന നീല അരുവികളും എല്ലാം ചേർന്ന അനുഭൂതി.


റോമാസാമ്രാജ്യത്തിന്റെ ചരിത്രമുറങ്ങുന്ന ഇറ്റലിയിലേക്കായിരുന്നു പിന്നീട്‌ പോയത്‌. സ്വിറ്റ്സർലൻഡിൽനിന്ന്‌ പ്രസിദ്ധമായ ബർണീന എക്‌സ്‌പ്രസിലായിരുന്നു യാത്ര. ടിരാനോയിൽ ഇറങ്ങി, അവിടെനിന്ന്‌ മറ്റൊരു ട്രെയിനിൽ മിലാനിലേക്ക്. കത്തീഡ്രൽ സ്‌ക്വയറാണ് ഇറ്റലിയിൽ ആദ്യം സന്ദർശിച്ചത്‌. ലോകാത്ഭുതങ്ങളിൽ ഒന്നായ പിസ ഗോപുരം കണ്ടു. ഗോപുരത്തോടുചേർന്ന് വലിയ ചാപ്പലുണ്ട്, പിസ കത്തീഡ്രൽ. മണ്ണിന്റെ മാർദവത്താൽ അടിത്തറ ഉറയ്ക്കാത്തതിനാലാണ് ഗോപുരം ചരിഞ്ഞുപോയതത്രേ. 56 മീറ്റർ ഉയരമുള്ള ഗോപുരത്തിന്‌ ഏതാണ്ട് നാല് ഡിഗ്രി ചരിവുണ്ട്. തലസ്ഥാനമായ റോമിലേക്കാണ് പിന്നീട്‌ പോയത്‌. റോമിലെ ട്രാമുകൾ വളരെ പഴകിയതായിരുന്നു. അടുത്തദിവസം രാവിലെ കൊളോസിയം കാണാൻ പോയി. കല്ലുകൊണ്ട്‌ നിർമിച്ച വലിയ ആംഫി തിയറ്ററാണിത്. എഡി 80ൽ ആണ് പണികഴിപ്പിച്ചത്. ഏകദേശം അരലക്ഷം പേർക്ക് ഇരിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്.


ameena basheer travel


ഇറ്റലിയിലെ പ്രഥമ രാജാവ്‌ വിക്‌ടർ ഇമ്മാനുവലിന്റെ സ്‌മരണയ്ക്കായി പണികഴിച്ച പിയാസ വെനീസിയ സന്ദർശിച്ചു. വെള്ള മാർബിളിൽ കൊത്തിയുണ്ടാക്കിയ സ്‌മാരകം. ഇപ്പോൾ മ്യൂസിയവുമുണ്ട്. 1885നും 1935നും ഇടയിലായിരുന്നു നിർമാണം. അതിന്റെ മുകളിൽനിന്ന്‌ നോക്കിയാൽ 360 ഡിഗ്രിയിലുള്ള റോം പട്ടണം കാണാം. ശേഷം പാന്തിയോണിലേക്ക്‌ പോയി. എഡി 126ൽ ആണിത്‌ പണികഴിച്ചത്. ലോകത്തിലെ ഏറ്റവും വലിയ തകർക്കപ്പെടാത്ത കോൺക്രീറ്റ് ഡോമാണ് പാന്തിയോൺ.


മാർപാപ്പയുടെ വത്തിക്കാൻ


അടുത്ത ദിവസം രാവിലെ വത്തിക്കാനിലെത്തി. റോമിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന നഗരമാണിത്‌. സെന്റ്‌ പീറ്റേഴ്സ് ചത്വരത്തിനടുത്ത് വത്തിക്കാൻ കൊടി കണ്ടു, അങ്ങനെ മനസ്സിലായി വത്തിക്കാൻ എത്തിയെന്ന്! പോപ്പാണ് വത്തിക്കാന്റെ ഭരണം നടത്തുന്നത്. അദ്ദേഹമാണ് റോമിന്റെ ബിഷപ്പും. കാഴ്‌ച ഇടതുവശത്തുള്ള കൂറ്റൻ ക്രിസ്ത്യൻ ദേവാലയത്തിലുടക്കി. അതാണ് പ്രശസ്‌തമായ സെന്റ്‌ പീറ്റേഴ്സ് ബസിലിക്ക. ഇ‍ൗ മട്ടുപ്പാവിൽനിന്നാണ് പോപ്പ് വിശ്വാസികളോട് നേരിട്ട് സംസാരിക്കാറ്‌.


വത്തിക്കാൻ സിറ്റി കഴിഞ്ഞയുടനാണ്‌ സെന്റ്‌ ആഞ്ചലോ കാസിൽ. ടൈബർ നദിയുടെ അടുത്താണ്‌ സ്ഥിതിചെയ്യുന്നത്. റോമൻ ചക്രവർത്തി ഹദ്രിയൻ തന്റെയും കുടുംബത്തിന്റെയും ശവകുടീരമായാണ് പണികഴിച്ചത്. ഇന്നിത്‌ മ്യൂസിയമാണ്. കാസിലിന്റെ മുകളിൽനിന്ന്‌ നോക്കിയാൽ സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയും വത്തിക്കാനിലെ പൂന്തോട്ടവുമൊക്കെ കാണാം.


അവസാനദിനം ഗ്രീസ്‌ തലസ്ഥാനം ഏദർസിലെത്തി അവിടന്ന് ജിദ്ദയിലേക്ക്‌ മടങ്ങാനായിരുന്നു പദ്ധതി. റോമിൽനിന്ന്‌ വൈകിയാണ്‌ വിമാനം ഏദൻസിലേക്ക്‌ തിരിച്ചത്. ഗ്രീസ് ആയിരുന്നു ഇ‍ൗ യാത്രയിലെ അവസാന യൂറോപ്യൻ രാജ്യം. ഏദൻസിലെത്തിയിട്ട്‌ വേണം എമിഗ്രേഷൻ പൂർത്തിയാക്കാൻ. ഓടിപ്പിടിച്ച് ലോഞ്ചിലെത്തിയപ്പോഴേക്കും വിമാനം നഷ്‌ടപ്പെട്ടു. പരിഭ്രമിച്ചുനിന്ന ഞങ്ങളോട് ഒരു ദിവസംകൂടെ ഏഥൻസിൽ തങ്ങാൻ അധികൃതർ പറഞ്ഞു. ഭക്ഷണവും താമസവും യാത്രാച്ചെലവും എയർപോർട്ട് ചെലവിൽ. രാത്രിയിൽ ഞങ്ങൾ ഹോട്ടലിലേക്ക്‌ തിരിച്ചു. പിറ്റേന്ന്‌ രാത്രി എട്ടുവരെ സമയമുണ്ട്.


ameena basheer travel


രാവിലെ ആദ്യം പോയത് അക്രോപോളിസിലേക്കാണ്. വഴിയിലൊക്കെ നിരത്തുകളിൽ ഓറഞ്ചുമരങ്ങൾ കായ്ച്ചുനിൽക്കുന്നത് കണ്ടു. അത്തിയും ഒലിവ് മരങ്ങളും സുലഭമായിരുന്നു. ഏഥൻസിൽനിന്ന്‌ 156 മീറ്റർ ഉയരത്തിലാണ് അക്രോപോളിസ്. പൗരാണിക ഗ്രീക്ക് ആർക്കിടെക്ചറിന്റെ മകുടോദാഹരണം. മാർബിളിൽ കൊത്തിയ അഥീന ദേവതയുടെ ക്ഷേത്രമായ പാർത്തെനോൺ, മേൽക്കൂരയെ താങ്ങിനിർത്തുന്ന ആറ്‌ പെൺബിംബങ്ങൾ അടങ്ങിയ എറെക്‌തിയോൺ, പേർഷ്യൻസിനെ കീഴടക്കിയതിന്റെ സന്തോഷത്തിൽ ഗ്രീക്കുകാർ നിർമിച്ച അഥീന നൈക്കിന്റെ അവിടെയുള്ള ചെറിയ ക്ഷേത്രം, പ്രൊപ്പിലേ എന്നിവയൊക്കെ ചേർന്നതായിരുന്നു യുനെസ്‌കോ പൈതൃക പട്ടികയിൽ ഇടംപിടിച്ച കൂറ്റൻ നിർമിതി. താഴേയ്ക്കുനടക്കുമ്പോൾ അക്രോപോളിസ് മ്യൂസിയമുണ്ട്. അക്രോപോളിസിൽനിന്ന്‌ കിട്ടിയ ശിൽപ്പങ്ങളും ദേവതകളുടെ പ്രതിമകളും നിർമിതിയുടെ അവശിഷ്‌ടങ്ങളും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്നു.


ameena basheer travel


പോകുന്ന വഴിയിൽ ഏഥൻസ് ഒളിമ്പിക്‌സ്‌ സ്റ്റേഡിയം കാണാൻ മറന്നില്ല. 1896ൽ ആദ്യ ആധുനിക ഒളിമ്പിക്‌സ്‌ നടന്നത് അവിടെയാണല്ലോ. തൊട്ടടുത്തുള്ള നാഷണൽ ഗാർഡനിൽകൂടി കയറി. അതിനോട്‌ ചേർന്ന് 19–ാം നൂറ്റാണ്ടിൽ ഒളിമ്പിക്‌സ്‌ ഗെയിമിനോട് അനുബന്ധിച്ച് സ്ഥാപിച്ച വലിയ കോൺഫറൻസ് ഹാളുണ്ട്‌. വിശാലമായ ഗാർഡൻ രണ്ടുലക്ഷം ചതുരശ്ര മീറ്റർ വിസ്‌തൃതിലാണ്‌. അവിടെ ഒരു നടപ്പാത, അതിന്റെ ഇരുവശവും നിരനിരയായി വയലറ്റ് നിറമുള്ള ജക്കാരന്ത പൂക്കൾ വിടർന്നുനിന്നിരുന്നു. സൗദിയിലെ അബഹയിൽ ജക്കാരന്ത പൂത്തുവെന്ന്‌ കേട്ട് പലരും ജിദ്ദയിൽനിന്ന്‌ അതുകാണാൻ പോയിരുന്നു. അപ്പോഴൊക്കെ ആഗ്രഹിച്ചിരുന്നു, പക്ഷേ സാധിച്ചിട്ടില്ല. ഇന്നിപ്പോൾ അപ്രതീക്ഷിതമായി ഈ പൂക്കൾക്കിടയിൽ..! ഒന്നോർത്താൽ ജീവിതവും പലപ്പോഴും ഇങ്ങനെയാണല്ലോ? ജീവിതത്തിന്റെ സാധാരണ ഒഴുക്കിലേക്ക് അന്നുരാത്രി ഞങ്ങൾ വീണ്ടും യാത്രതിരിച്ചു, മനസ്സിൽ ഓർമകളുടെ പൂക്കാലം ഒളിപ്പിച്ചുകൊണ്ട്...



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home