വെള്ളത്തിൽ മുങ്ങി പാലാ നഗരം; മീനച്ചിലാർ കരകവിഞ്ഞു

കോട്ടയം : കനത്ത മഴയെത്തുടർന്ന് മീനച്ചിലാർ കരകവിഞ്ഞതോടെ പാലാ നഗരം വെള്ളത്തിൽ മുങ്ങി. പാലാ - കോട്ടയം റൂട്ടിൽ ഗതാഗതം സ്തംഭിച്ചു. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലടക്കം പരക്കെ വെള്ളം കയറി. റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങി. 20 സെന്റിമീറ്റര്‍ മഴയാണ് പാലായിലും പരിസരപ്രദേശങ്ങളിലും പെയ്തത്. 2018ലെ പ്രളയസമയത്ത് ഉണ്ടായതിനേക്കാൾ രൂക്ഷമായ വെള്ളക്കെട്ടാണ് നഗരത്തിൽ ഇപ്പോഴുണ്ടായതെന്ന് നാട്ടുകാർ പറയുന്നു.
മീനച്ചിലാറിനൊപ്പം മണിമലയാറ്റിലും വെള്ളം പൊങ്ങി. പാലാ ടൗണിനു പുറമെ ഈരാറ്റുപേട്ട ടൗണിലും മണിമല ടൗണിലും വെള്ളം കയറി. മലയോര മേഖലകളിൽ നിന്ന് വെള്ളം ഒഴുകിയതും പാലാ നഗരത്തിലെ വെള്ളക്കെട്ടിന് കാരണമായി. പാലാ മുൻസിപ്പൽ ബസ്റ്റാൻഡ് പൂർണമായി വെള്ളത്തിൽ മുങ്ങി. വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയതോടെ കാര്യമായ നാശനഷ്ടങ്ങളുണ്ടായി. പല വ്യാപാരികളും കടകളിൽ നിന്ന് സാധനസാമഗ്രികൾ മാറ്റിത്തുടങ്ങിയതായി നാട്ടുകാർ പറയുന്നു.
ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴയും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും. കോട്ടയം പയ്യാനിത്തോട്ടത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് അമ്മയും മകനും മരിച്ചു. പയ്യാനിതോട്ടം മണപ്പാട്ട് വീട്ടിൽ ജോസഫിൻ ജോണി, അമ്മ റെജീന ജോണി എന്നിവരാണ് മരിച്ചത്. ഇവരുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു.
കനത്ത മഴയുണ്ടായിട്ടും പിഎസ്‍സി പരീക്ഷകൾ മാറ്റിവയ്ക്കാഞ്ഞതോടെ ഉദ്യോഗാർഥികൽ വലഞ്ഞു. കോട്ടയം ജില്ലയിൽ പരീക്ഷ നടന്ന പല കേന്ദ്രങ്ങളിലേക്കും ഉദ്യോഗാർഥികൾക്ക് എത്താൻ സാധിച്ചില്ല. പല കേന്ദ്രങ്ങളിലും വളരെ കുറച്ച് ഉദ്യോഗാർഥികൾ മാത്രമാണ് പരീക്ഷയ്ക്കെത്തിയത്.










0 comments