ഗ്രഹാം സ്റ്റെയ്‌ൻസ് കൊലക്കേസ്: പ്രതി ദാരാ സിങ്ങിന്റെ മോചന അപേക്ഷ തള്ളിയതായി ഒഡീഷ സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയ്‌ൻസിനെയും പത്തും ഏഴും വയസ്സുള്ള മക്കളെയും ജീവനൊടെ ചുട്ടുകൊന്ന ഹിന്ദുത്വ തീവ്രവാദി ദാരാ സിംഗിന്റെ (രവീന്ദ്ര കുമാർ പാൽ) മോചന അപേക്ഷ തള്ളിയതായി ഒഡീഷ സർക്കാർ അറിയിച്ചുവെന്ന് സുപ്രീംകോടതി. ദാരാ സിംഗിനെ മോചിപ്പിക്കാൻ ജയിൽ ഡിജിപിയും അധികൃതരും നേരത്തെ ശുപാർശ ചെയ്തിരുന്നു. എന്നാല്‍ സുപ്രീകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിലപാട് മാറ്റുകയായിരുന്നു.
ഉത്തരവിന്റെ പകർപ്പ് ഹർജിക്കാരന്റെ അഭിഭാഷകന് നൽകിയിട്ടുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ മനോജ് മിശ്ര, വിജയ് ബിഷ്‌ണോയ് എന്നിവരടങ്ങിയ ബെഞ്ച്, സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ഹർജിയിൽ ഭേദഗതി വരുത്താൻ ദാരാ സിംഗിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. മൂന്ന് ആഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും കോടതി പരിഗണിക്കും
വിഷയത്തിൽ സർക്കാർ വ്യക്തമായ നിലപാടെടുക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചതിന് പിന്നാലെ മോചനത്തിനുള്ള അനുമതി സംസ്ഥാന ജയില്‍ ശിക്ഷാ പുനരവലോകന ബോർഡ് നിരസിക്കുകയായിരുന്നു. കേസിൽ ജീവപരന്ത്യം ശിക്ഷിക്കപ്പെട്ട് തടവിലുള്ള അവസാനയാളാണ് ബജ്‌റംഗ്‌ദൾ നേതാവ് കൂടിയായ ദാരാ സിംഗ്.
1999 ജനുവരി 22ന് അർധരാത്രിയാണ് പള്ളിക്കുമുന്നിൽ നിർത്തിയിട്ട വാഹനത്തിൽ വിശ്രമിക്കുകയായിരുന്ന ഗ്രഹാം സ്റ്റെയ്‌ൻസ്, മക്കളായ ഫിലിപ്പ് (10), തിമോത്തി (7) എന്നിവരെ ബജ്‌റംഗ്‌ദളുകാർ ചുട്ടുകൊന്നത്. ദാരാ സിങ്ങടക്കം 14 പേരെ സിബിഐ കോടതി ശിക്ഷിച്ചു. ഇതിൽ 11 പേരെ ഒഡിഷ ഹൈക്കോടതി വെറുതെവിട്ടു. ദാരാ സിങ്ങിന്റെ വധശിക്ഷ പിന്നീട് ജീവപര്യന്തമാക്കി.









0 comments