യുപിഐ ഫീസ്; ചെറുകിട വ്യാപാരികൾക്ക് തിരിച്ചടിയാകും

തിരുവനന്തപുരം : ജനങ്ങളെ പൂർണമായും യുപിഐ ഇടപാടുകളിലേക്ക് എത്തിച്ച ശേഷം അധിക ഫീസ് ഈടാക്കുന്നത് കുത്തകകളെ സഹായിക്കാനാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറർ വി ഗോപിനാഥൻ വ്യക്തമാക്കി. തുടക്കത്തിൽ ചെറുകിട വ്യാപാരികളുടെയും പിന്നീട് സാധാരണക്കാരുടെയും മേൽ അധികഭാരമായി മാറുമെന്ന് ഉറപ്പായിട്ടും യുപിഐ ഫീസ് ഈടാക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോവുകയാണ് കേന്ദ്ര സർക്കാർ.
ഒരു മാസം മുൻപ് പാർലമെന്റിൽ ഈ വിഷയം അവതരിപ്പിച്ചപ്പോൾ വലിയ പ്രതിഷേധമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്ന് ഉയർന്നത്. വ്യാപാരികളെ മാത്രമല്ല, ജനങ്ങളെയാകെ ബാധിക്കുമെന്ന് അന്ന് തന്നെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഈ ഫീസ് ജനങ്ങളിലേക്ക് എത്തില്ലെന്നായിരുന്നു കേന്ദ്ര ധനമന്ത്രിയുടെ ന്യായീകരണം. പ്രതിഷേധം കനത്തപ്പോൾ ഈ നിയമം താല്കാലികമാണെന്നും ഉടൻ നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞ് ധനമന്ത്രി തെറ്റിദ്ധരിപ്പിച്ചു. എന്നാൽ ഒരു മാസം പിന്നിടുമ്പോൾ ജനദ്രോഹപരമായ ഈ നിയമം നടപ്പാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.
ചെറുകിട വ്യാപാര മേഖല കടുത്ത പ്രതിസന്ധിയും തകർച്ചയും നേരിടുന്ന ഘട്ടത്തിലാണ് ഇരുട്ടടിയായി യുപിഐ ഇടപാടുകൾക്ക് അധിക ഫീസ് ഈടാക്കുന്ന പുതിയ നിയമം വരുന്നത്. ഒരു ഉല്പന്നം വിതരണക്കാരനിൽ നിന്ന് മൊത്ത-ചില്ലറ വ്യാപാരികളിലേക്കും അവിടെ നിന്ന് ഉപഭോക്താവിലേക്കും എത്തുമ്പോൾ രണ്ടോ മൂന്നോ തവണ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ഓരോ ഘട്ടങ്ങളിലും പണമിടപാട് നടത്തുന്നത് യുപിഐ വഴിയാണെങ്കിൽ ഓരോ തവണയും അധിക ഫീസ് നൽകേണ്ടി വരും. ഇത് ചെറുകിട വ്യാപാരികളെ സംബന്ധിച്ച് താങ്ങാവുന്നതിലപ്പുറമാണ്. അധിക ഫീസ് ബാധ്യതയായാൽ ഡിജിറ്റൽ രീതിയിൽ നിന്ന് പണമിടപാടിലേക്ക് തിരികെപ്പോകുമെന്ന് വ്യാപാരികൾ വ്യക്തമാക്കിയിട്ടുണ്ട്.
അധിക ഫീസ് ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് ഈടാക്കാൻ വ്യാപാരികൾക്ക് സാധിക്കുകയില്ല. അതിന് ശ്രമിച്ചാൽ അത് വ്യാപാരത്തെ നേരിട്ട് ബാധിക്കും. കുത്തക മുതലാളിമാർക്ക് ലാഭമുണ്ടാക്കാൻ വേണ്ടിയാണ് ഇത്തരം ജനദ്രോഹ നിയമങ്ങൾ കേന്ദ്രം അടിച്ചേൽപിക്കുന്നത്. ഭാവിയിൽ ഈ അധികതുകയുടെ ഭാരം മുഴുവൻ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാനും സാധ്യതയുണ്ടെന്ന് വി ഗോപിനാഥൻ പറഞ്ഞു.
വ്യാപാരികളെ നേരിട്ട് ബാധിക്കുന്ന ഗൗരവതരമായ വിഷയമായിട്ടും ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. വ്യാപാരികൾ വലിയ പ്രതിസന്ധി നേരിടാൻ പോകുന്ന വിഷയത്തിൽ സർക്കാർ പ്രതികരിക്കാതിരിക്കുന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുപിഐ ഇടപാടുകൾക്ക് അധിക ഫീസ് ഈടാക്കുന്ന വിഷയത്തിൽ ഉടൻ തന്നെ സംസ്ഥാന കമ്മിറ്റി ചേർന്ന് പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകുമെന്നും വി ഗോപിനാഥൻ അറിയിച്ചു.








0 comments