പെട്ടെന്ന് എന്താണ് മുഖ്യമന്ത്രിക്ക് ഇത്ര മൃഗസ്നേഹം പൊട്ടിമുളയ്ക്കാൻ കാരണം?

എസ് കിരൺബാബു
Published on Sep 17, 2026, 02:16 PM | 3 min read
തിരുവനന്തപുരം: യാദൃശ്ചികം എന്നെ പറയാനാകൂ.. ചൊവ്വാഴ്ചയാണ് കുടുംബത്തോടൊപ്പം ഒന്നുകൂടി തിരുവനന്തപുരം മൃഗശാല കാണാൻ പോയത്. തൊട്ടടുത്ത ദിവസം അതാ വി ഡി സതീശന്റെ ‘ഉഡായിപ്പ്’ പ്രഖ്യാപനം വരുന്നു —മൃഗശാല നഗരത്തിന് പുറത്തേക്ക് മാറ്റണം! വാർത്ത കേട്ടപ്പോൾ സത്യത്തിൽ നടുങ്ങിപ്പോയി.
ചൊവ്വാഴ്ച തന്നെ കുഞ്ഞിനെയും കൂട്ടി പോയത് നന്നായി... ഇനിയും കാത്തിരുന്നിരുന്നെങ്കിൽ അവിടെ പൂട പോലും കാണണമെന്നില്ല..
പെട്ടെന്ന് സതീശന് മൃഗങ്ങളോട് ഇത്ര വലിയ ‘സ്നേഹം’ പൊട്ടിമുളക്കാൻ എന്താണ് കാരണം? സംശയം വേണ്ട, നഗരത്തിന്റെ നടുമുറ്റത്ത് കിടക്കുന്ന, കോടികൾ വിലമതിക്കുന്ന ഈ 30 ഏക്കർ പ്രൈം ലാൻഡിലേക്കുള്ള കച്ചവടക്കണ്ണാണ് ഇതിന് പിന്നിൽ.
1859-ൽ സ്ഥാപിതമായതാണ് തിരുവനന്തപുരം മൃഗശാല. നഗരഹൃദയത്തിലെ 55 ഏക്കറോളം വരുന്ന മ്യൂസിയം–മൃഗശാല സമുച്ചയത്തിൽ 30 ഏക്കറിലാണ് മൃഗശാല സ്ഥിതി ചെയ്യുന്നത്. പ്രതിവർഷം ഏകദേശം 14 ലക്ഷം സന്ദർശകരാണ് ഇവിടെയെത്തുന്നതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
നൂറിലേറെ സസ്യവർഗങ്ങൾ, നൂറ്റാണ്ടുകൾ പഴക്കമേറിയ വന്മരങ്ങൾ, സ്വാഭാവിക ജലാശയം, സ്വതന്ത്രമായി എത്തുന്ന പക്ഷികൾ, ചിത്രശലഭങ്ങൾ, വിവിധതരം വന്യജീവികൾ—നഗരത്തിനുള്ളിൽ നിലനിൽക്കുന്ന അപൂർവമായൊരു ഹരിത ആവാസവ്യവസ്ഥയാണിത്.
കേന്ദ്ര മൃഗശാല അതോറിറ്റിയുടെ (CZA) മാസ്റ്റർ പ്ലാൻ തന്നെ സാക്ഷ്യപ്പെടുത്തുന്നത് ഇവിടുത്തെ വൃക്ഷങ്ങൾ തലസ്ഥാനത്തിന്റെ ‘ഹരിത ശ്വാസകോശ’മായി (Green Lungs) പ്രവർത്തിക്കുന്നുവെന്നും, നഗരത്തിന് സവിശേഷമായ ഒരു സൂക്ഷ്മ കാലാവസ്ഥ (Micro-climate) സമ്മാനിക്കുന്നുവെന്നുമാണ്.
അതുകൊണ്ടുതന്നെ എന്റെ ചോദ്യം വളരെ ലളിതമാണ്:
👉 ഈ മൃഗശാല മാറ്റിയാൽ ഈ 30 ഏക്കറിൽ പിന്നെ എന്ത്?
വി ഡി സതീശൻ മുന്നോട്ടുവച്ച നിർദേശം എന്താണെന്ന് നമുക്കറിയാം: മൃഗശാല നെയ്യാർ പോലെയുള്ള വനപ്രദേശത്തേക്ക് മാറ്റണമെന്നും, നിലവിലെ സ്ഥലം ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ മാതൃകയിൽ വികസിപ്പിക്കണമെന്നും! ഇത് തന്റെ സ്വപ്നപദ്ധതിയാണെന്നും അദ്ദേഹം പറയുന്നു.
പക്ഷേ മൃഗശാല മാറ്റിയശേഷം ഈ 30 ഏക്കറിന്റെ കൃത്യമായ ഭാവി എന്താണ്? അതാണ് ആദ്യം ജനങ്ങളോട് പറയേണ്ടത്.
സംശയം വ്യക്തമാണ്—മൃഗങ്ങളെ നഗരത്തിന് പുറത്തേക്ക് മാറ്റിയാൽ, നഗരമധ്യത്തിലെ ഈ വിലപിടിപ്പുള്ള ഭൂമിയിലേക്ക് കോർപറേറ്റ് റിയൽ എസ്റ്റേറ്റിന്റെ കച്ചവടക്കണ്ണ് എത്തും! മാഡിസൺ സ്ക്വയർ എന്ന മനോഹരമായ പേര് പറഞ്ഞതുകൊണ്ട് മാത്രം ആശങ്കകൾ ഇല്ലാതാകുന്നില്ല.
പൊതുജനങ്ങളുടെയും വരുംതലമുറകളുടെയും സ്വത്തായ ഈ ഹരിത ഇടം നാളെ ആരുടെ താൽപര്യത്തിനാണ് വിട്ടുകൊടുക്കുക?
* ആഡംബര റിസോർട്ടുകൾ വരുമോ?
* നക്ഷത്ര ഹോട്ടലുകൾ വരുമോ?
* വൻകിട കോൺക്രീറ്റ് വാണിജ്യ സമുച്ചയങ്ങൾ വരുമോ?
* സ്വകാര്യ പങ്കാളിത്ത (PPP) പദ്ധതികളുടെ പേരിൽ ഭൂമി കോർപറേറ്റുകൾക്ക് തീറെഴുതുമോ?
ഇതൊക്കെ ജനങ്ങൾ ചോദിക്കേണ്ട ന്യായമായ ചോദ്യങ്ങളാണ്.
സ്ഥലപരിമിതിയാണെങ്കിൽ പരിഹാരം മാറ്റിപ്പാർപ്പിക്കലാണോ?
മൃഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ ആധുനിക സൗകര്യങ്ങൾ വേണം എന്നതിൽ ആർക്കും തർക്കമില്ല. പക്ഷേ അതിന് മൃഗശാല തന്നെ നഗരത്തിന് പുറത്തേക്ക് മാറ്റണമെന്നതാണോ ഏക പോംവഴി?
തിരുവനന്തപുരം മൃഗശാലയിൽ പഴയ കൂടുകൾ ഘട്ടംഘട്ടമായി മാറ്റി കൂടുതൽ വിശാലവും പ്രകൃതിദത്തവുമായ എൻക്ലോഷറുകൾ ഒരുക്കുന്ന നവീകരണങ്ങൾ 1995 മുതൽ നടന്നുവരുന്നതായി സർക്കാർ രേഖകൾ വ്യക്തമാക്കുന്നുണ്ട്. നിലവിലുള്ള സ്ഥലത്ത് തന്നെ ശാസ്ത്രീയമായി ആധുനികവൽക്കരിക്കാനുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കുകയാണ് ആദ്യം വേണ്ടത്.
പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് വികസനം. അല്ലാതെ പ്രശ്നങ്ങളുണ്ടാകുമ്പോൾ സ്ഥലം തന്നെ വിറ്റ് പെറുക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നതല്ല നഗരാസൂത്രണം!
ഇത് വെറുമൊരു മൃഗശാലയല്ല; തലസ്ഥാനത്തിന്റെ പൈതൃകമാണ്!
19-ാം നൂറ്റാണ്ടിൽ ലണ്ടനിലെ ക്യൂ ഗാർഡൻസിൽ പരിശീലനം നേടിയ ഇംഗിൾബിയുടെ നേതൃത്വത്തിൽ വികസിപ്പിച്ച, 200-ലേറെ ഇനം വൃക്ഷങ്ങളുള്ള ബോട്ടാണിക്കൽ ഗാർഡനും മൃഗശാലയും മ്യൂസിയവും ചേർന്ന 55 ഏക്കർ പൈതൃക സമുച്ചയമാണിത്.
മൃഗശാല വെറുമൊരു പ്രദർശനശാലയല്ല; അതൊരു സംരക്ഷണ–ഗവേഷണ സ്ഥാപനമാണ്!
മൃഗങ്ങളെ ഇരുമ്പഴിക്കുള്ളിലടച്ച് പ്രദർശനവസ്തുവാക്കുന്ന പരമ്പരാഗത രീതിയോട് ഞാൻ അടക്കം എതിർക്കുന്നു. എന്നാൽ ‘മൃഗസ്നേഹം’ എന്ന പേരിൽ നിലവിലുള്ള മൃഗശാലയെ കാട്ടിലേക്ക് മാറ്റുകയാണ് പോംവഴിയെന്ന് വാദിക്കുന്നവർ ചില ശാസ്ത്രീയ യാഥാർഥ്യങ്ങൾ കൂടി മനസ്സിലാക്കണം.
മൃഗശാലയിലെ ജീവികളെ അപ്പാടെ കാട്ടിലേക്ക് തുറന്നുവിടാനാവില്ല. ഓരോ ജീവിയുടെയും ആരോഗ്യസ്ഥിതി, പെരുമാറ്റം, മനുഷ്യപരിചരണത്തിലുള്ള ചരിത്രം, സ്വാഭാവിക വനത്തിൽ അതിജീവിക്കാനുള്ള ശേഷി എന്നിവ വിലയിരുത്താതെ വനത്തിലേക്ക് തിരിച്ചയക്കൽ പ്രായോഗികമല്ല.
അതേസമയം, വനത്തിൽ അപകടത്തിൽപ്പെടുന്നതും അനാഥമാകുന്നതുമായ വന്യമൃഗങ്ങളെ രക്ഷിച്ച് പരിചരിക്കുന്ന സുപ്രധാന ദൗത്യം തിരുവനന്തപുരം മൃഗശാല നിർവഹിക്കുന്നുണ്ട്. ഇതിനായി സുസജ്ജമായ മൃഗാശുപത്രിയും (Zoo Hospital) പ്രത്യേക വെറ്ററിനറി സൗകര്യങ്ങളും ഇവിടെ നിലവിലുണ്ട്.
വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണത്തിലും ഈ കേന്ദ്രത്തിന് നിർണായക പങ്കുണ്ട്. വംശനാശഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങിന്റെ ഉൾപ്പെടെയുള്ള പ്രജനന പരിപാടികളിൽ (Conservation Breeding Programme) മൃഗശാല സജീവ പങ്കാളിയാണ്.
മൃഗങ്ങളുടെ പോഷണം, ശരീരശാസ്ത്രം, പ്രജനനം, പെരുമാറ്റരീതികൾ തുടങ്ങിയ വിഷയങ്ങളിലെ സമഗ്ര ഗവേഷണങ്ങൾക്ക് സ്ഥാപനം മുൻഗണന നൽകുന്നു.
ആധുനിക സുവോളജിക്കൽ സ്ഥാപനങ്ങൾ വന്യജീവി സംരക്ഷണം, വെറ്ററിനറി സയൻസ്, ഗവേഷണം, പുനരധിവാസം എന്നിവയ്ക്ക് നൽകുന്ന സംഭാവനകളെ അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ സംഘടനയായ IUCN-ന്റെ സ്പീഷീസ് സർവൈവൽ കമ്മീഷൻ (Species Survival Commission) ഔദ്യോഗികമായിത്തന്നെ അംഗീകരിച്ചിട്ടുള്ളതാണ്.
സതീശന്റെ പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയും മേയറും അതിനെ പിന്തുണച്ച് രംഗത്തെത്തിയതും ശ്രദ്ധിക്കേണ്ടതാണ്.
“മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് സാംക്രമിക രോഗങ്ങൾ പടരാം, അതുകൊണ്ട് മൃഗശാല നഗരത്തിന് പുറത്തേക്ക് മാറ്റണം” എന്നതാണ് ഉയർത്തുന്ന പ്രധാന വാദം. മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് ചില zoonotic diseases പകരാം എന്നത് ശരിയാണ്. പക്ഷേ അതിനുള്ള ശാസ്ത്രീയ പരിഹാരം മൃഗശാല മാറ്റുക എന്നതല്ല; biosecurity, quarantine, veterinary surveillance, hygiene, vaccination, screening തുടങ്ങിയ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയാണ്.
കോൺഗ്രസും ബിജെപിയും ഒരേ നിലപാടിലേക്ക് എത്തുന്നതിന്റെ രാഷ്ട്രീയ താൽപര്യങ്ങൾ എന്താണെന്നും ജനങ്ങൾ ചോദിക്കണം. അതിനെ ഗൂഢാലോചനയെന്ന് വിളിക്കണമോ, രാഷ്ട്രീയ ധാരണയെന്ന് വിളിക്കണമോ എന്നത് തെളിവുകളുടെ അടിസ്ഥാനത്തിൽ ജനങ്ങൾ വിലയിരുത്തട്ടെ. പക്ഷേ ചോദ്യങ്ങൾ ചോദിക്കാതിരിക്കാനാവില്ല.









0 comments