ഏഷ്യൻ ഗെയിംസ്: താമസമില്ല, കുടിവെള്ളവുമില്ല; ഇന്ത്യൻ താരങ്ങൾ ദുരിതത്തിൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനായി ജപ്പാനിലെത്തിയ ഇന്ത്യൻ കായിക താരങ്ങളുടെ താമസ സൗകര്യം പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ശനിയാഴ്ച മുതൽ ഒക്ടോബർ 4 വരെയാണ് മത്സരങ്ങൾ നടക്കുക. എന്നാൽ ബാസ്‌ക്കറ്റ്‌ബോൾ, സോക്കർ മത്സരങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. മത്സരങ്ങളിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ കായിക താരങ്ങൾക്ക് മുറികൾക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നുവെന്ന് പരാതികളുയർന്നിട്ടുണ്ട്. ബുക്ക് ചെയ്തിരുന്ന പലരുടേയും മുറികൾ റദ്ദാക്കപ്പെട്ടു. മുറികളിൽ നിന്ന് ഷൂട്ടിങ് മത്സരാർഥികൾക്ക് പരിശീലന സ്ഥലത്തേക്ക് എത്താൻ രണ്ട് മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടിയും വരുന്നു. പരിശീലനം നടക്കുന്ന സ്ഥലങ്ങളിൽ കുടിവെള്ളമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലെന്നും മത്സരാർഥികൾ പരാതിപ്പെടുന്നു.
റോവിംങ് സംഘത്തിന് താമസവും ഭക്ഷണവും ലഭിക്കാൻ ആറ് മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നു. പുരുഷ വിഭാഗത്തിലെ 22 കായികതാരങ്ങളിൽ മൂന്നുപേർക്ക് മാത്രമാണ് താമസസൗകര്യം അനുവദിച്ചത്. മോശം കാലാവസ്ഥയും റോവിംഗ് വേദിയുടെ അപാകതകളും താരങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്. കായിക താരങ്ങളുടെ താമസ സൗകര്യം സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യൻ 'ഷെഫ് ഡി മിഷൻ' 15 മുറികൾ കൂടി അധികമായി ബുക്ക് ചെയ്തിട്ടുണ്ട്. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനെത്തിയ കായിക താരങ്ങളുടെ താമസസൗകര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നാണ് സംഘടാകർ അറിയിച്ചിരിക്കുന്നത്. ഏകദേശം 4,000 കായികതാരങ്ങൾക്കും ഉദ്യോഗസ്ഥർക്കും ക്രൂയിസ് ഷിപ്പിൽ താമസം ഒരുക്കുന്നുണ്ട്.
പ്രത്യേക 'അത്‌ലറ്റ് വില്ലേജ്' ഇല്ലാത്തതിനാൽ കോസ്റ്റ സെറീന എന്ന ക്രൂയിസ് കപ്പൽ, ഹോട്ടലുകൾ, എയർബിഎൻബി, ഷിപ്പിങ് കണ്ടെയ്‌നർ മാതൃകയിലുള്ള കുടിലുകൾ എന്നിവയിലാണ് മത്സരാർഥികൾക്കും ഉദ്യോഗസ്ഥർക്കും സൗകര്യം ഒരുക്കിയിരിക്കുന്നത്. കണ്ടെയ്നർ കുടിലുകളിലെ അസൗകര്യങ്ങൾ സംബന്ധച്ച് ദക്ഷിണ കൊറിയൻ ബാസ്‌ക്കറ്റ്‌ബോൾ താരങ്ങൾ ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു.
ഉയർന്നുവന്ന പരാതികൾ ഉടനടി പരിഹരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയതായി സംഘാടകർ പറഞ്ഞു. ഏഷ്യൻ ഗെയിംസിൽ പുതിയ ഇനങ്ങൾ ഉൾപ്പെടുത്തിയതോടുകൂടി പ്രതീക്ഷിച്ചതിലും അധികം കായിക താരങ്ങളെത്തിയതാണ് പ്രതിസന്ധിയിലാക്കിയതെന്നും അവർ കൂട്ടിച്ചേർത്തു. ഗോയയിൽ കനത്ത മഴ പെയ്തതോടെ ചില കായികതാരങ്ങളെ താൽക്കാലികമായി ഒഴിപ്പിച്ചു. 15,000 പേർക്കായാണ് സംഘാടകർ ക്രമീകരണങ്ങൾ ആസൂത്രണം ചെയ്തത്. എന്നാൽ ആഗസ്തോടെഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നവരുടെ ആകെ എണ്ണം 17,000 ആയി ഉയർന്നു. വൈകി രജിസ്റ്റർ ചെയ്തവർ സ്വന്തം നിലയ്ക്ക് താമസസൗകര്യം കണ്ടെത്തണമെന്ന് ഏഷ്യൻ ഒളിമ്പിക് കൗൺസിൽ അറിയിച്ചിട്ടുണ്ട്.









0 comments