നോർത്ത് ഈസ്റ്റ് നോട്ട്ബുക്ക്‐2: എഴുതിയത്‌: വേണു

സോനാബായിയുടെ വീട്‌
avatar
വേണു

Published on Jul 12, 2025, 02:35 PM | 12 min read

നോർത്ത് ഈസ്റ്റ് നോട്ട്ബുക്ക്‐2


മാർച്ച് 9. നാരായൺപുർ

ബീനയുടെ അമ്മയുടെ അസ്ഥി ഒഴുക്കുന്ന ദിവസമാണിന്ന്. ശ്രീരംഗപട്ടണത്തിനടുത്തുള്ള ഒരു സ്ഥലത്താണത് ചെയ്യേണ്ടത്. പന്ത്രണ്ട് വർഷം മുമ്പ്‌ ബീനയുടെ അച്ഛന്റെ അസ്ഥിയും ഇവിടെത്തന്നെയാണ് ഒഴുക്കിയത്. അന്ന് ഞാനവിടെ ഉണ്ടായിരുന്നു. ഇന്നും ഉണ്ടാകേണ്ടതാണ്. ബീനയുടെ അമ്മയ്‌ക്ക്‌ എന്നും എന്നോട് സ്‌നേഹം മാത്രമാണ് ഉണ്ടായിരുന്നത്. എനിക്കും അങ്ങനെ തന്നെയായിരുന്നു. എന്നിട്ടും അവരുടെ ചിത തണുക്കുന്നതിന് മുമ്പ്‌, ഞങ്ങളുടെ മകൾ വരാൻ പോലും കാക്കാതെ ഞാൻ സ്ഥലം വിട്ടു. അതോർത്തപ്പോൾ എനിക്ക് കുറ്റബോധവും വിഷാദവും തോന്നി. മുന്നോട്ട് യാത്ര ചെയ്യാനുള്ള ഉത്സാഹം കുറഞ്ഞു വരുന്നതു പോലെയാണ് തോന്നുന്നത്. ഇന്ന് രാവിലെ കട്ടിലിൽ നിന്നെഴുന്നേൽക്കാൻപോലും മടി തോന്നുന്നു. അതുമിതും ഓർത്ത് വെറുതേ കുറേ നേരം കിടന്നു. ഇളംകാറ്റിൽ ഭൂമിയിലേക്ക് ചാഞ്ചാടി വീഴുന്ന കുഞ്ഞുതൂവൽ പോലെ, കാവേരിയുടെ ആഴത്തിലേക്ക് ചെറിയൊരു അസ്ഥിത്തുണ്ട് താഴ്‌ന്നു പോകുന്നു.

സോനാബായിയുടെ വീട്‌ സോനാബായിയുടെ വീട്‌ മാർച്ച് 10. ബിലാസ്‌പുർ

ബോധ് ഗയയാണ് അടുത്ത പ്രധാന ലക്ഷ്യം. അവിടെയെത്താൻ ഒന്നിലധികം മാർഗങ്ങളുണ്ട്. ഏതു വഴിയിലാണ് കാണാൻ താൽപ്പര്യം തോന്നുന്ന സ്ഥലങ്ങളുള്ളത് എന്നറിഞ്ഞാൽ അൽപ്പം മാറിയാണെങ്കിലും ആ വഴി തെരഞ്ഞെടുക്കാം. ഈ യാത്ര ആരംഭിക്കുമ്പോൾ തന്നെ ഛത്തിസ്ഗഢിൽ ഞാൻ മനസ്സിൽ കണ്ട ഒരു ഭവനസന്ദർശനമുണ്ടായിരുന്നു. ഞങ്ങൾ കല്യാണം കഴിഞ്ഞ് തിരുവനന്തപുരത്ത് താമസമാക്കിയ കാലത്ത് തൊട്ടടുത്ത ഫ്ലാറ്റിലെ താമസക്കാരായിരുന്നു അവർ. ഞങ്ങൾക്കും സുഹൃത്തുക്കൾക്കും ‘താഴത്തെ ആന്റി’ ആയിരുന്ന മിസിസ് കുഞ്ഞുമ്മൻ വർഗീസ് ഇപ്പോൾ വാർധക്യകാലത്ത് കഴിയുന്നത് ഇവിടെനിന്ന് മുന്നൂറ് കിലോമീറ്റർ ദൂരെയുള്ള രാജ്നന്ദ്ഗാവ് എന്ന പട്ടണത്തിൽ ഇളയ മകളോടൊപ്പമാണ്. ബീനയ്‌ക്കവർ ഒരേസമയം അമ്മയും അമ്മായിയമ്മയും ആയിരുന്നു. അവരുടെ മക്കൾ ബീനയുടെ സഹോദരിമാരും. എന്നാൽ വിശ്രമദിവസത്തിൽ പുതുക്കി നിശ്ചയിച്ച പ്ലാൻ പ്രകാരം ആ സന്ദർശനം ഇപ്പോൾ ഉപേക്ഷിക്കേണ്ടിവരുന്നു. രാജ്നന്ദ്ഗാവിൽ നിന്ന് അംബികാപുർ എന്ന സ്ഥലത്തുകൂടി ബീനപോൾബീനാപോൾ പോകാമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ മയിൻപാട്ട് എന്ന സ്ഥലം വഴി റൂട്ട് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. മയിൻപാട്ട് പോകണമെങ്കിൽ അംബികാപുർ എത്തുന്നതിന് മുമ്പ്‌ വലത്തേക്ക് തിരിയണം. അതിന്റെയർഥം അംബികാപുർ വഴിയല്ല മുന്നോട്ടുള്ള മാർഗം എന്നാണ്. എന്നാൽ, ലക്ഷ്യസ്ഥാനങ്ങളും അങ്ങോട്ടുള്ള മാർഗങ്ങളും നിശ്ചയിക്കുന്നത് ഒരാൾ തനിച്ചല്ലെന്നും, ഒരിക്കലും ഒരിടത്തും ഒരു മഴത്തുള്ളിയും ഇന്നുവരെ സ്ഥാനം തെറ്റി വീണിട്ടില്ല എന്നും ഞാനപ്പോൾ ഓർത്തില്ല.

മയിൻപാട്ട് എത്തണമെങ്കിൽ ആദ്യം റായ്‌പുർ വഴി ബിലാസ്‌പുർ എത്തണം. അത് മുന്നൂറ്റി അൻപത് കിലോമീറ്റർ ദൂരെയാണ്. നിർത്താതെ ഓടിച്ചാൽ ഏഴ് മണിക്കൂർ സമയമെടുക്കും. എങ്ങും നിർത്താൻ തോന്നാത്ത മുഷിപ്പൻ ഹൈവേ ആണ്. ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക്‌ ബിലാസ്‌പുരിലെ ഹോട്ടലിൽ എത്തി. വിലപിടിച്ച വിദേശ ബ്രാൻഡുകളുടെ ഷോറൂമുകളും ആഡംബര ഭക്ഷണശാലകളും വന്ദേഭാരത് ട്രെയിനും ഉള്ള ജില്ലാ ആസ്ഥാന നഗരമാണ് ബിലാസ്‌പുർ. ബാറ്റാ ഷോറൂമിൽ നിന്ന് വില കുറഞ്ഞ ഒരു ജോടി സ്ലിപ്പ് ഓൺ ഷൂസ് വാങ്ങി. ഈ യാത്രയിൽ മുഴുവൻ ഞാനുപയോഗിച്ചത്, അല്ലെങ്കിൽ ഉപയോഗിക്കേണ്ടി വന്നത്, ഭാരമില്ലാത്ത ആ ഒരു ജോടി ഷൂസ് മാത്രമായിരുന്നു. രാത്രി ജഗ്‌ദൽപുരിലെ സുഹൃത്ത് അവേശ് അലിയെ വെറുതേ ഫോണിൽ വിളിച്ചു. അംബികാപുരിന് മുമ്പുള്ള ഏതോ ഒരു ഗ്രാമത്തിന്റെ പേര് പറഞ്ഞിട്ട് അത് പോകുന്ന വഴിക്കാണെന്നും അവിടെയുള്ള പ്രസിദ്ധമായ ഒരു വീട് പോയിക്കാണണമെന്ന് അലി പറഞ്ഞു. മരിച്ചുപോയ സോനാബായിയുടെ വീട് ചോദിച്ചാൽ മതി എന്നും പറഞ്ഞു.

സോനാബായിയുടെ മകൻ ദറോഗാ റാംസോനാബായിയുടെ മകൻ ദറോഗാ റാംമാർച്ച് 11.

പുഹ്പുട്ര മയിൻപാട്ട്

രാവിലെ ആറ് മണിക്ക് ബിലാസ്‌പുരിലെ ഹോട്ടലിൽ നിന്നിറങ്ങുമ്പോൾ സുഖമുള്ള 180 c സെൽഷ്യസ്‌ ആയിരുന്നു കാലാവസ്ഥ. സുഖമുള്ള തണുപ്പ്. ഇനി പോകാനുള്ളത് അലി പറഞ്ഞ സോനാബായിയുടെ ഗ്രാമത്തിലേക്കാണ്. വിരസമായ അംബികാപുർ ഹൈവേയിൽ ഇരുനൂറ് കിലോമീറ്റർ പോയി ഇടത്തേക്ക് തിരിഞ്ഞ്, അരമണിക്കൂർ ചെറിയ വഴികളിലൂടെ പോയാൽ വയലുകളുടെ ഒരു വശത്ത് പുഹ്പുട്ര എന്ന ഗ്രാമമായി. കടലാസിൽ മാത്രം ആദിവാസികളായ രജ്‌വർ എന്ന കർഷക ഗോത്രക്കാരുടെ ഗ്രാമമാണിത്. ഗ്രാമത്തിനുള്ളിലെ വഴികൾ വളരെ ഇടുങ്ങിയതായിരുന്നു. സോനാബായിയുടെ വീട്ടിലേക്കുള്ള വഴി എല്ലാവർക്കും അറിയാം. എന്നാൽ പലരും പല വഴികളാണ് പറഞ്ഞുതരുന്നത്. ഗ്രാമത്തിന്റെ പുതിയ ഭാഗങ്ങൾ കടന്നുവേണം അങ്ങോട്ട് പോകാൻ. പഴയ വീടുകൾ കൂടുതൽ ഉൾഭാഗത്താണ്. ഒന്ന് ചുറ്റിയെങ്കിലും ഒടുവിൽ ഞാൻ സോനാബായിയുടെ വീടിന്റെ മുന്നിലെത്തി. കനത്ത കാട്ടുമരക്കൊമ്പുകൾ കെട്ടിയുണ്ടാക്കിയ വലിയ കൂരക്കൂടുകൾക്ക് മേലെ അമർന്നിരിക്കുന്ന മണ്ണോടുകളും, അവയുടെ ഭാരം താങ്ങി നിൽക്കുന്ന നീണ്ട മൺചുവരുകളും, കടുംനിറങ്ങൾ പൂശി പാതി അടഞ്ഞുകിടക്കുന്ന ഉയരം കുറഞ്ഞ മരവാതിലുമാണ് സോനാബായിയുടെ വീടിന്റെ പുറം കാഴ്‌ച. വീടിന്റെ മുന്നിലെ വലിയ മരച്ചുവട്ടിൽ വൈക്കോൽ കൂനകളുടെ നടുവിലായി അഞ്ചാറ് മോട്ടോർ ബൈക്കുകൾ പാർക്ക് ചെയ്‌തിരിക്കുന്നു. ഉള്ളിൽ ഒരാൾ മാത്രം ഉച്ചത്തിൽ എന്തോ സംസാരിക്കുന്നതും കേട്ടു. ഉടൻതന്നെ പുറത്തുനിന്ന് ഒരു ചെറുപ്പക്കാരൻ വീട്ടിലേക്ക് കയറാനായി എത്തി. ഇതു തന്നെയല്ലേ സോനാബായിയുടെ വീട് എന്ന് ഞാനയാളോട് വെറുതേ ഒരു വിശേഷം ചോദിച്ചു. കൂടെ വരാൻ പറഞ്ഞ് അയാൾ അകത്തേക്ക് കയറി.

പുറംവാതിലിനോട് ചേർന്നുള്ള തുറന്ന മുറിയിൽ അഞ്ചാറ് പേർ പ്ലാസ്റ്റിക് കസേരകളിൽ ഒരു യോഗംപോലെ ഇരിക്കുന്നു. കാവി ഉടുപ്പിട്ട ഒരാൾ നിർത്താതെ എന്തോ പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നെ കൂട്ടി വന്നയാൾ അവരെ പരിചയപ്പെടുത്തി. ഇത് ആർഎസ്എസിന്റെ ഒരു ചിന്തൻ ബൈഠക് ആണെന്ന് കാവി ഉടുപ്പിട്ടയാൾ സൗഹാർദപൂർവം ചിരിച്ചുകൊണ്ട് പറഞ്ഞു. കേരളത്തിൽ നിന്നാണെന്ന് കേട്ടപ്പോൾ അവർ പരസ്‌പരം നോക്കിയിട്ട് ‘ഓ, കേരളത്തിൽ നിന്നാണല്ലേ’ എന്നു പറഞ്ഞ് കൂടുതൽ സൗഹാർദത്തിൽ ചിരിച്ചു. എന്നോട് അകത്തേക്ക് ചെല്ലാൻ പറഞ്ഞ് അവർ ആലോചനായോഗം തുടർന്നു. സോനാബായിയുടെ വീടിന്റെ ഉൾഭാഗത്തേക്കു പോകുന്ന ചെറിയ ഇടനാഴി പോയി തുറക്കുന്നത് വലിയൊരു നടുമുറ്റത്തേക്കാണ്. നടുമുറ്റത്ത് നിന്ന് നാല് ഭാഗത്തേക്കും തുറന്ന വരാന്തകളും അവയ്‌ക്ക്‌ ചുറ്റും ഭിത്തികളും അകത്തെ മുറികളിലേക്ക് പോകാനുള്ള വാതിലുകളും ഉണ്ട്. സോനാബായിയുടെ വീടും   ദറോഗാ റാം ദറോഗാ റാംപുഹ്പുട്രയിൽ അക്കാലത്തുള്ള മറ്റ് വീടുകളും തമ്മിലുള്ള സാമ്യം ഇത്രമാത്രമാണ്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ നടുവിലെ ഏതോ ഒരു ദിവസം, ഒരു മധ്യവയസ്‌കൻ തന്റെ പകുതി പ്രായംപോലും ഇല്ലാത്ത നവവധുവുമായി കുടുംബാംഗങ്ങൾക്കൊപ്പം പുഹ്പുട്രയിലെ തന്റെ വീട്ടിലെത്തി. നാട്ടുകാരിൽ നിന്ന് മാത്രമല്ല, വീട്ടുകാരിൽ നിന്ന് പോലും ഭർത്താവ് ഭാര്യയെ പരമാവധി മറച്ചുവെച്ചു. താമസിയാതെ തന്നെ അയാൾ ഗ്രാമത്തിന്റെ ഏറ്റവും അകന്ന മൂലയിൽ ഒരു വീട് വെച്ച് ഭാര്യയുമായി അങ്ങോട്ട് താമസം മാറ്റി. അവിടെയും പുറത്തിറങ്ങാനോ ആളുകളുമായി കാണാനോ സംസാരിക്കാനോ അവൾക്ക് അനുവാദമില്ലായിരുന്നു. കൂട്ടുകുടുംബത്തിന്റെ ഒച്ചപ്പാടുകൾക്കിടയിൽ വളർന്ന അവളെ ഈ ഏകാന്തതടവ് വല്ലാതെ തളർത്തി. അവർക്കൊരു കുഞ്ഞ് ജനിച്ചത് എട്ട് വർഷത്തെ ദാമ്പത്യത്തിന് ശേഷമായിരുന്നു. കുഞ്ഞിന് കളിക്കാൻ കളിപ്പാട്ടങ്ങൾ ഇല്ലായിരുന്നു. പുറത്ത് കിണറിന്റെ കരയിൽനിന്ന് കുറച്ച് കളിമണ്ണ് എടുത്ത് അവളൊരു മയിലിനെ ഉണ്ടാക്കി വെയിലത്ത് വെച്ചുണക്കി മകന് കളിക്കാൻ കൊടുത്തു. അത് പൊട്ടിയപ്പോൾ പുതിയതൊന്നുണ്ടാക്കി. പിന്നീട് കോഴിയും ആനയും ഉണ്ടാക്കി. പശുവും കടുവയും ഉണ്ടാക്കി. കണ്ടതും കാണാത്തതും അറിഞ്ഞതും അറിയാത്തതുമെല്ലാം കളിമൺ രൂപങ്ങളായി. ചിലതൊക്കെ അവൾ ചുവരുകളിൽ ഒട്ടിച്ചു വെച്ചു. അടുക്കളയിൽ നിന്നെടുത്ത വസ്‌തുക്കൾകൊണ്ട് അവയ്‌ക്ക്‌ നിറം കൊടുത്തു. വരാന്തയുടെ വക്കുകളിൽ ചിത്രജാലകങ്ങൾ ഉയർന്നുവന്നു. അവയിൽ തത്തയും പ്രാവും പാമ്പും മയിലും വന്നിരുന്നു. ചുവരുകളിൽ വൃക്ഷങ്ങൾ വളരുകയും വൃക്ഷശാഖകളിൽ കായ്കൾ പഴുക്കുകയും ചെയ്‌തു. പഴങ്ങൾ തിന്നാൻ കുരങ്ങന്മാരും പൂന്തേൻ നുകരാൻ പൂമ്പാറ്റകളും എത്തി. ദൂരെ ആൽമരത്തിന്റെ തുഞ്ചത്ത് ഒരു പുള്ളിപ്രാവ് വന്നിരുന്നു. വൃക്ഷത്തണലിൽ കാമിനിമാരോടൊപ്പം വേണുഗായകരും വിഹായസിൽ വില്ല് കുലച്ച അശ്വാരൂഢരും നിരന്നു. വീട് നിറഞ്ഞു.

സോനാബായിയുടെ വീടായിരുന്നു ആ വീട്. അതിന്റെ നടുമുറ്റത്തിന്റെ മുന്നിലാണ് ഞാനിപ്പോൾ നിൽക്കുന്നത്. രണ്ടായിരത്തി ഏഴാമാണ്ടിൽ സോനാബായി മരിച്ചതും ഈ വീട്ടിൽ വെച്ചായിരുന്നു. നടുമുറ്റത്ത് വലിച്ചുകെട്ടിയ നീണ്ട അയച്ചരടിൽ വെയിൽ കാത്ത് കിടക്കുന്ന വസ്‌ത്രങ്ങൾക്ക് പിന്നിൽ അതിശയിപ്പിക്കുന്ന ചിത്രജാലകങ്ങൾ. ചുവരുകളിലെ ദ്വിമാന വൃക്ഷങ്ങളിൽ ത്രിമാന മൃഗരൂപങ്ങൾ. കടും നിറങ്ങൾ. മച്ചിന്റെ മൂലയിൽ താഴേക്ക് കുതിച്ച് നിൽക്കുന്ന കുഴലൂത്തുകാർ. ഇതെല്ലാം മുമ്പെന്നോ കണ്ട് പരിചയമുള്ളത് പോലെയാണ് തോന്നുന്നത്. ഞാൻ ചുറ്റും നോക്കി. ഇതിന് മുമ്പെന്നോ ഞാനിവിടെ ഉറപ്പായും വന്നിട്ടുണ്ട് എന്നെനിക്ക് തോന്നിത്തുടങ്ങി. കൂടുതൽ ആലോചിക്കാൻ കഴിയും മുമ്പ് കാഴ്‌ചയിൽ പ്രായം തോന്നുന്ന ഒരാൾ അകത്തുനിന്നിറങ്ങി വന്നു. അത് സോനാബായിയുടെ ഏക മകൻ ദറോഗാ റാം ആയിരുന്നു. അയാളുടെ കൈയിൽ ഉടഞ്ഞ ഒരു മൺമയിൽ ഉണ്ടായിരുന്നു.

ദറോഗാ റാമും ഭാര്യയും മക്കളുമാണ് ഇപ്പോൾ ഇവിടുത്തെ താമസക്കാർ. ദറോഗാ റാം എന്നെ വീട് ചുറ്റി നടത്തി കാണിച്ചുതന്നു. സോനാബായിയുടെ കളിമൺകല സമാനതകളോ സമാന്തരങ്ങളോ ഇല്ലാത്തതാണെന്ന് നിരവധി കലാനിരൂപകർ പറയുന്നു. രജ്‌വർ ഗോത്രപാരമ്പര്യത്തിനോ സമീപസംസ്‌കാരങ്ങൾക്കോ ഇത്തരം രചനാശൈലി പരിചിതമല്ല. ചിത്രജാലകങ്ങൾ, അല്ലെങ്കിൽ ജാലി എന്ന് പൊതുവേ പറയുന്ന ചിത്രപ്പണി ചെയ്‌ത ജനലുകൾ, ഈ പ്രദേശത്തെ വീടുകളിലൊന്നും ഇല്ല. ഇവിടെ അത് പൂർണമായും പുതിയ ആശയമാണ്. മൺഭിത്തികളിൽ ചുണ്ണാമ്പുകൊണ്ട് വരച്ചു വെച്ച ഐശ്വര്യചിഹ്നങ്ങളൊഴിച്ചാൽ ഈ ഭാഗത്തൊന്നും ചുവർചിത്രങ്ങൾകൊണ്ട് വീട്‌ അലങ്കരിക്കുന്ന രീതിയില്ല. അതിനാൽ തന്നെ സോനാബായിയുടെ കലാശൈലിയിൽ പരമ്പരാഗതമായ ഒന്നുമില്ല. കളിമണ്ണ് മുതൽ കരിങ്കല്ലു വരെയുള്ള വിവിധ വസ്‌തുക്കളാൽ നിർമിക്കപ്പെട്ട ബാസ് റിലീഫ്, മോട്ടിഫ് എന്നൊക്കെ അറിയപ്പെടുന്ന അർധ ത്രിമാന രൂപങ്ങൾ എല്ലായിടത്തും എല്ലാക്കാലത്തും ഉണ്ടായിരുന്നു. എങ്കിലും, ദ്വിമാനരൂപങ്ങൾക്കിടയിൽ, ശക്തമായ സ്ഥാനങ്ങളിൽ കടും നിറങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ട ത്രിമാന രൂപങ്ങൾ നൽകുന്ന വ്യത്യസ്‌തമായ കാഴ്‌ചപ്പാട് മുമ്പെവിടെയും കാണാത്തതാണെന്നും, അതിനാൽത്തന്നെ സോനാബായി ഒരു മോഡേൺ ആർട്ടിസ്റ്റ് തന്നെയാണെന്നും ചില പ്രമുഖ പാശ്ചാത്യ നിരൂപകർ പറഞ്ഞു. യൂറോപ്പിലും യുഎസ്എയിലും ഉള്ള വലിയ മ്യൂസിയങ്ങൾ മാസങ്ങൾ നീണ്ടു നിൽക്കുന്ന സോനാബായി രജ്‌വർ എക്‌സിബിഷനുകൾ സംഘടിപ്പിച്ചു. സോനാബായിയും അവരുടെ കലാജീവിതവും ഒന്നിലധികം അന്താരാഷ്‌ട്ര സിനിമകൾക്ക് വിഷയമായി. അവരെപ്പറ്റിയും അവരുടെ കളിമൺ കലയേക്കുറിച്ചും ഇന്ത്യയിലും വിദേശത്തും പുസ്‌തകങ്ങൾ എഴുതപ്പെട്ടു. തുൾസി സമ്മാൻ അടക്കമുള്ള നിരവധി പുരസ്‌കാരങ്ങൾ നൽകി രാജ്യം അവരെ ആദരിച്ചു. ഇവിടുത്തെ ചുറ്റുപാടുകൾ വീണ്ടും ഞാൻ ശ്രദ്ധിച്ച് നോക്കി. ഈ വീട്ടിൽ മുമ്പെന്നോ വന്നിട്ടുണ്ട് എന്ന തോന്നൽ ഇപ്പോൾ കൂടുതൽ ശക്തമാകുകയാണ്.

സോനാബായിയുടെ വീട്ടിലെ കലാനിധിയെക്കുറിച്ച് പുറം ലോകം അറിയുന്നത് തൊള്ളായിരത്തി എൺപത്തിമൂന്നിൽ മാത്രമാണ്. അന്ന് ഈ വീടിനെക്കുറിച്ച് കേട്ടറിഞ്ഞ്, ഭോപ്പാലിലെ ഭാരത് ഭവനിൽ നിന്ന് പുഹ്പുട്രയിൽ വന്ന ചിലരെടുത്ത ഫോട്ടോകൾ കണ്ട് ജെ സ്വാമിനാഥനെപ്പോലെയുള്ള കലാകാരന്മാർ അതിശയിച്ചു. അവർ വേഗം തന്നെ സോനാബായിയുടെ വീട്ടിലേക്ക് വിണ്ടും പോയി. ഇത്തവണ കൂടുതൽ പേരുള്ള സംഘമാണ് പോയത്. സോനാബായി ഉണ്ടാക്കിയ വലിയൊരു ചിത്രശിൽപ്പവും ജാലകവും അതിരുന്ന ഭിത്തി സഹിതം ഇളക്കി കൊണ്ടുപോയി അവർ ഭാരത് ഭവനിലെ മ്യൂസിയത്തിൽ വെച്ചു. ഭിത്തി തുറന്നപ്പോൾ ഉണ്ടായ പുതിയ വെളിച്ചത്തിൽ സോനാബായിയും പുഹ്പുട്രയും കലാലോകത്തെ പുതിയ വിശേഷങ്ങളായി.

സോനാബായ്‌സോനാബായ്‌എനിക്കിപ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമായിത്തുടങ്ങി. മുമ്പെന്നോ ഇവിടെ വന്നിട്ടുണ്ടെന്ന് ഇപ്പോൾ ഉറപ്പായി. വിവിധ വർണങ്ങളിൽ ചിത്രപ്പണി ചെയ്‌ത ചുവരുകളും ചിത്രജാലകങ്ങളും അന്നുണ്ടായിരുന്നതുപോലെ തന്നെ ഇപ്പോഴെനിക്ക് കാണാൻ കഴിയുന്നുണ്ട്. വലിയൊരു ഭാഗം പൊളിച്ച് മാറ്റിയ മൺചുവരിന്റെ പിന്നിൽ, നാൽപ്പത് വർഷം മുമ്പ്‌ നിലത്തിരുന്ന് സംസാരിക്കുന്ന ഒരു സ്‌ത്രീയേയും അവരുടെ ഭർത്താവ് എന്ന് തോന്നുന്ന ഒരു വൃദ്ധനേയും എനിക്കിപ്പോൾ കാണാം. അവരുടെ ശബ്ദവും കേൾക്കാം. ആ സ്‌ത്രീ സംസാരിക്കുന്നത് ഒരു ക്യാമറയോടാണ്. ആ ക്യാമറയിലൂടെ അവരെ നോക്കുന്നത് ഞാനാണ്. അവർ സോനാബായി ആണ്. ഞാനീ വീട്ടിൽ ഇതിന് മുമ്പ്‌ വന്നത് ‘മാട്ടിമാനസ്’ എന്ന സിനിമയുടെ ഷൂട്ടിന് മണി കൗളിനോടൊപ്പം നാൽപ്പത് വർഷങ്ങൾക്ക് മുമ്പാണ്.

പുഹ്പുട്രയിൽ നിന്ന് അംബികാപുർ ഹൈവേയിൽ തിരിച്ചുവന്നിട്ട് അത് മുറിച്ചുകടന്ന് വേണം മയിൻപാട്ട് റോഡിലേക്ക് കയറാൻ. എന്താണ് മയിൻപാട്ടിന്റെ പ്രത്യേകത എന്ന് ചോദിച്ചാൽ അതൊരു ഹിൽ സ്റ്റേഷൻ ആണെന്നായിരിക്കും പലരുടെയും മറുപടി. യാദവ, മാഞ്ജി ആദിവാസികളും ടിബറ്റൻ അഭയാർഥികളുമാണ് ഇവിടെ മൂവായിരം അടി ഉയരത്തിലെ താമസക്കാർ. എന്തായാലും എനിക്കിത് ഒരു രാത്രി ഉറങ്ങാനുള്ള സ്ഥലം മാത്രമാണ്. പതിവ് വനങ്ങൾക്കിടയിലൂടെ പോകുന്ന ചെറിയ റോഡ് പുതുതായി ടാറിട്ട് വൃത്തിയാക്കിയിരിക്കുന്നു. വരണ്ട് പൊടിപിടിച്ച കുറ്റിക്കാടുകൾ ഇടയ്‌ക്കിടെ വന്നു പോകുന്നു. വഴിയരികിൽ ഒരിടത്ത് പുത്തൻ മൺകലങ്ങൾ അടുക്കി വെച്ചിരിക്കുന്നു. മണ്ണുള്ളിടത്തെല്ലാം മാട്ടിമാനസ് കാണപ്പെടുന്നു.

ഉച്ചവെയിലത്ത് തിളയ്‌ക്കുന്ന എണ്ണയിൽ പക്കോട പൊരിച്ചു കൊണ്ടിരുന്ന ഒരാളോട്‌ ഇവിടെ അടുത്ത് കുംഭാർവാഡ എവിടെയാണെന്ന് ചോദിച്ചു. നേരെ പോയാൽ ദരിമ എന്നൊരു ഗ്രാമമുണ്ടെന്നും അവിടെ മൺപാത്രങ്ങൾ ഉണ്ടാക്കുന്നവരുണ്ടെന്നും അയാൾ പറഞ്ഞു. വീണ്ടും ചില സംശയങ്ങൾ ചോദിച്ചപ്പോൾ, ഒന്നും നോക്കണ്ട എയർപോർട്ടിന്റെ ബോർഡ് കാണുന്ന സ്ഥലത്തുനിന്ന് നേരെ പോയാൽ മതിയെന്നും, ഇടത്തേക്ക് തിരിഞ്ഞാൽ എയർപോർട്ടാണെന്നും അയാൾ പറഞ്ഞു. ഇവിടെ എയർപോർട്ടോ, എന്ന് ചോദിച്ചപ്പോൾ അതെ, അംബികാപുർ മാ മഹാമായ വിമാനത്താവളം ഇവിടെയാണ് എന്ന് പറഞ്ഞ് അയാൾ ചിരിച്ചു. ഞാനും ഉള്ളിൽ ചിരിച്ചു. മാറിപ്പോകാൻ മനസ്സ്‌ മാറ്റിയിട്ടും അംബികാപുർ മാറിത്തരുന്നില്ല.

മയിൻപാട്ടിലെ ടിബറ്റൻ അഭയാർഥികൾമയിൻപാട്ടിലെ ടിബറ്റൻ അഭയാർഥികൾരിമയെ രണ്ടായി മുറിച്ച് പോകുന്ന ഗ്രാമവഴിയിൽ വണ്ടി നിർത്തി ഇറങ്ങി. ആദ്യം കണ്ട വീടിന്റെ മുറ്റത്ത് തന്നെ കളിമണ്ണ് കുഴച്ചുകൊണ്ട് നിന്ന ഒരു ചെറുപ്പക്കാരൻ എന്നെ കണ്ട്‌ എഴുന്നേറ്റ്, ചെളിക്കുഴമ്പിൽ കുളിച്ച കൈകൾ രണ്ടും ശരീരത്തിൽ നിന്ന്‌ അകത്തിപ്പിടിച്ചുനിന്ന് ഒന്നാലോചിച്ചിട്ട് അടുത്തുള്ള മറ്റൊരു വീട്ടിലേക്കുള്ള വഴി പറഞ്ഞുതന്നു. എന്നിട്ട് ഒന്നുകൂടി ആലോചിച്ചിട്ട്, കൂടെ വരാൻ പറഞ്ഞ് കൈ രണ്ടും അകത്തിപ്പിടിച്ച് മുന്നിൽ നടന്നു. ഇപ്പോൾ ഇവിടെയാരും കളിമൺ ശിൽപ്പങ്ങൾ ഉണ്ടാക്കാറില്ല, എന്ന് പറഞ്ഞ് അയാൾ താടിയുയർത്തി ഒരു വീട് കാണിച്ചുതന്നിട്ട് അവിടെ അന്വേഷിക്കാൻ പറഞ്ഞു. ആ വീട്ടിലെ ഒരു സ്‌ത്രീ പൊടിപിടിച്ച മൂന്നുനാല് കളിമൺ രൂപങ്ങൾ ഏതോ ഇരുട്ടിൽ നിന്നെടുത്തുകൊണ്ടുവന്നു. അതിൽനിന്ന്, തല താഴ്‌ത്തി കുത്താനാഞ്ഞു നിൽക്കുന്ന ഒരു കാളയുടെ വലിയൊരു കളിമൺ രൂപം ആയിരം രൂപ കൊടുത്ത്‌ വാങ്ങി വൈക്കോലിൽ പൊതിഞ്ഞ് ഒരു കാർഡ് ബോർഡ് പെട്ടിയിൽ കെട്ടി മുറുക്കി കാറിന്റെ പിന്നിലെ നിലത്ത് വെച്ചു. അത് ആ സ്ഥലത്തിന്റെ പകുതി ഭാഗവും കൈയടക്കി ഞെളിഞ്ഞിരുന്നു. ഭാവിയിൽ ഈ കാർഡ്ബോർഡ് കാർട്ടൺ, ഇന്ത്യയുടെ വ്യത്യസ്‌ത ഭാഗങ്ങളിലെ പൊലീസുകാരുടേയും വിജിലന്റ്‌ ഗ്രൂപ്പുകളുടെയും സിആർപിഎഫ്‌ ജവാന്മാരുടെയും ഇലക്ഷൻ കമീഷന്റെയുമെല്ലാം ഏറ്റവും പ്രിയപ്പെട്ട പരിശോധനാഭാജനമായി മാറാൻ പോകുകയാണെന്ന് അപ്പോൾ ഊഹിച്ചില്ല. സമതലങ്ങളിൽനിന്ന് വഴി പെട്ടെന്ന് കുന്നുകളെ ചുറ്റിപ്പിടിച്ച് ഉയരാൻ തുടങ്ങി. കുടുസ്സായ കൊടുംവളവുകളുടെ ഒരു പരമ്പര കടന്ന് വീണ്ടും കുറച്ചുദൂരം ഒരു തേയിലത്തോട്ടത്തിന്റെ നിരപ്പിലൂടെ ഓടിപ്പോയിട്ട് വണ്ടി മയിൻപാട്ട് എന്ന ഹിൽസ്റ്റേഷൻ ഗ്രാമത്തിലെ ഒരു ഹോട്ടലിന്റെ മുന്നിൽ പോയി നിന്നു. ചുറ്റും നോക്കിയിട്ട് യാതൊരു പ്രത്യേകതകളും ഉള്ള സ്ഥലമായി തോന്നിയില്ല. എന്തിനാണ് ഒരു രാത്രി ഉറങ്ങാൻ മാത്രമായി ഈ സ്ഥലം തന്നെ തെരഞ്ഞെടുത്തതെന്നും അപ്പോൾ ചിന്തിച്ചില്ല.

മയിൻപാട്ട് എന്ന കുഞ്ഞു പട്ടണം ടൂറിസ്റ്റ് മാപ്പുകളിൽ തെളിഞ്ഞുവരാൻ തുടങ്ങിയിട്ടേ ഉള്ളൂ. മൂടൽമഞ്ഞിൽ മയങ്ങിനിൽക്കുന്ന പച്ചക്കുന്നുകളും എണ്ണമറ്റ വെള്ളച്ചാട്ടങ്ങളും ചേർന്ന് മഴക്കാലം മയിൻപാട്ടിനെ ഒരു മായാലോകമാക്കുമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. എന്നാൽ ആ മായാലോകം ഇപ്പോൾ ഇവിടെ ദൃശ്യമല്ല.

ഇവിടെയിപ്പോൾ വരുന്ന അപൂർവം ടൂറിസ്റ്റുകൾക്ക് ഉൾടാപാനി എന്ന മറ്റൊരു തരം മായാദൃശ്യം കണ്ട് മടങ്ങേണ്ടിവരും. അവിടെ ചെറിയൊരു അരുവി, അല്ലെങ്കിൽ ഒരു നീർച്ചാൽ, എല്ലാ ഗുരുത്വാകർഷണ നിയമങ്ങളേയും വെല്ലുവിളിച്ചു കൊണ്ട് താഴെനിന്ന് മേലോട്ടാണ് ഒഴുകുന്നത്. കൃത്യമായി പറഞ്ഞാൽ അങ്ങനെയാണ് കാണുന്നവർക്ക് തോന്നുന്നത്. ഉൾടാപാനി ഒന്ന് നോക്കിയിട്ട് മയിൻപാട്ടിലെ അന്തിച്ചന്ത കാണാൻ പോയി. ഇവിടെ അടുത്ത് ഒരു ടിബറ്റൻ ഗ്രാമവും ബുദ്ധവിഹാരങ്ങളും ഉണ്ട്. ചന്തയിൽ ധാരാളം ടിബറ്റൻ മുഖങ്ങൾ കണ്ടു. കച്ചവടക്കാരെല്ലാം നാട്ടുകാരാണ്. പത്തുപതിനഞ്ച് വയസ്സ്‌ തോന്നുന്ന ഒരു ആൺകുട്ടി വളരെ ഭാരമുള്ള വലിയൊരു ചാക്ക് തന്റെ പുറത്തേക്കുയർത്താൻ ആവുന്നത്ര ശ്രമിച്ച് പരാജയപ്പെടുന്നത് നോക്കി നിന്നിരുന്ന ചാക്കിന്റെ ഉടമസ്ഥൻ, നിനക്കിതിന് ശേഷിയില്ല എന്നവനെ പരിഹസിച്ചിട്ട്, അതേ പ്രായമുള്ള മറ്റൊരു ബാലനെ കൈയിലിരുന്ന പത്ത് രൂപ നോട്ട് വീശി അടുത്തേക്ക് വിളിച്ചു. അവനും അതിനുള്ള ശേഷി ഉണ്ടാവില്ലെന്ന് അവന്റെ മെലിഞ്ഞ കാലുകൾ പറഞ്ഞു.

മാർച്ച് 12. അംബികാപുർ

നേരം വെളുക്കുന്നതിന് മുമ്പ്‌ ഇറങ്ങാൻ റെഡിയായി. വടക്ക് കിഴക്കോട്ടുള്ള ഈ യാത്ര പ്ലാൻ ചെയ്യുമ്പോൾ തിരുവനന്തപുരത്ത് നിന്ന് അങ്ങോട്ടുള്ള വഴിദൂരം വലിയ തലവേദന ആയിരുന്നു. ഭൂപടങ്ങളിലും പാതവക്കത്തും നിന്നുകൊണ്ട് ഒരുപാട് സ്ഥലങ്ങൾ ഇവിടെ, ഇങ്ങോട്ട് എന്നെല്ലാം നമ്മോട് സ്വാഗതം പറഞ്ഞു വഴിനീളെ ഉണ്ടാകും. ജീവിതത്തിൽ ഇനിയൊരിക്കലും കാണാൻ സാധ്യതയില്ലാത്ത ഈ വിദൂരസ്ഥലങ്ങൾ പലതും കണ്ടില്ലെന്ന് നടിച്ച് നേരേ മാത്രം നോക്കി സഞ്ചരിക്കുക എളുപ്പമല്ല. എങ്കിലും ഇതുപോലെയുള്ള യാത്രകൾക്ക് പരിധികളും പരിമിതികളുമുണ്ട്. ഒരു യാത്രയിൽ ആഗ്രഹിക്കുന്നതെല്ലാം അനുഭവിക്കുക എന്നത് അസാധ്യമാണ്. എങ്കിലും, പോകുന്ന വഴിയിൽ നിർബന്ധമായും കാണണം എന്ന് ആദ്യംതന്നെ തീരുമാനിച്ച ഒരു സ്ഥലമാണ് ബോധ്ഗയ. ഇന്ന് വൈകുന്നേരം ഞാനവിടെ എത്തും എന്നാണ് കണക്ക്. പത്ത് മണിക്കൂറാണ് ഇവിടെ നിന്നുള്ള യാത്രാസമയം. എങ്ങും നിർത്താതെ പോയാൽ പറഞ്ഞ സമയത്ത് എത്തും. എന്നാൽ വഴിയിൽ താൽപ്പര്യം തോന്നുന്നതെന്തെങ്കിലും കാണുകയോ കേൾക്കുകയോ ചെയ്യുമ്പോൾ അതൊന്നും കണ്ടില്ലെന്ന് നടിച്ച് നിർത്താതെ പോകാനും പ്രയാസമാണ്. അവർ പറയുന്ന പത്ത് മണിക്കൂർ ചിലപ്പോൾ പന്ത്രണ്ടോ പതിമൂന്നോ മണിക്കൂർ ആയേക്കും. നേരത്തേ ഇറങ്ങണം.

മയിൻപാട്ടിലെ ഹിൽവ്യൂ ഹോട്ടലിൽ ഞാൻ താമസിച്ച മുകളിലത്തെ നിലയിലെ മുറിയുടെ പുറത്ത് ഒരു ഹാളുണ്ട്. രാവിലെ മുറി കാലിയാക്കി ഇറങ്ങിയപ്പോൾ വെളുപ്പാൻ കാലത്തെ തണുപ്പിൽ അഞ്ചാറ് മനുഷ്യശരീരങ്ങൾ തലമൂടി കമ്പിളി പുതച്ച് ഹാളിന്റെ നിലത്ത് കിടന്നുറങ്ങുന്നു. അവിടെയെല്ലാം ഇരുട്ടാണ്. ഞാൻ തപ്പിത്തടഞ്ഞ് താഴേക്കുള്ള പടിയിറങ്ങാൻ തുടങ്ങി. അവസാനത്തെ പടി പ്രതീക്ഷിച്ച് കാൽ വെച്ചപ്പോൾ പെട്ടെന്നൊരു നിമിഷം കാലിനടിയിൽ ഒന്നുമില്ല എന്ന് തോന്നി. എവിടെയും തറ തൊടാതെ കാൽ എങ്ങോട്ടോ പോകുന്നു. അടുത്ത നിമിഷം വലത്ത് കാൽപ്പാദം എവിടെയോ മടിഞ്ഞു കുത്തി, ആദ്യം ചുവരിലേക്കും പിന്നീട് നിലത്തേക്കും ഞാൻ മലർന്നടിച്ചുവീണു. കിടന്ന കിടപ്പിൽ പുതിയ ഷൂ ഊരി നോക്കിയപ്പോൾ കണങ്കാലിൽ ഒരു നാരങ്ങയുടെ രൂപത്തിലും വലുപ്പത്തിലും ഉള്ള നീർക്കെട്ട്, വെറും രണ്ട് നിമിഷങ്ങൾക്കുള്ളിൽ ഉയർന്നുവന്നിരിക്കുന്നു. ഈ യാത്ര ഇവിടെ അവസാനിച്ചതുപോലെയാണ് തോന്നുന്നത്. മയിൻപാട്ടിൽ വെച്ചുതന്നെ അത് സംഭവിക്കണമെന്ന് എന്തോ നിർബന്ധമുണ്ടായിരുന്നതു പോലെയാണ് പ്ലാനെല്ലാം മാറ്റി ഇങ്ങോട്ട് ധൃതി പിടിച്ച് വന്നത്.

ഉറങ്ങിക്കിടന്ന ചിലർ ശബ്ദം കേട്ട് ഓടി വന്ന് ലൈറ്റിട്ട് എന്നെ പിടിച്ചെഴുന്നേൽപ്പിക്കാൻ നോക്കി. അത് വിലക്കി, ഇരുന്ന ഇരിപ്പിൽ കൈ നീട്ടി ബാഗിൽനിന്ന് ഒരു ബാൻഡേജെടുത്ത് കണങ്കാലിൽ മുറുക്കി ചുറ്റിക്കെട്ടി, പോക്കറ്റിൽനിന്ന് ഒരു വേദനസംഹാരി എടുത്ത് വെള്ളം തൊടാതെ വിഴുങ്ങി. സാധ്യമായ പ്രഥമശുശ്രൂഷാ വസ്‌തുക്കളും മരുന്നുകളും ഞാനെപ്പോഴും കൈയകലത്തിൽ കരുതാറുണ്ട്. ഓടിക്കൂടിയവരുടെ സഹായത്തോടെ ഒടുവിൽ കഷ്ടിച്ച് എഴുന്നേറ്റ് നിന്നു. വേദനയുണ്ടെങ്കിലും നീരിന്റെ നിലവാരത്തിലില്ല. ബാൻഡേജിെന്റ മേലെ പുതിയ ഷൂ വലിച്ചുകയറ്റി സാവധാനം രണ്ട് ചുവട് നടന്ന് നോക്കിയിട്ട്, കൂടുതൽ ആലോചിക്കാൻ നിൽക്കാതെ ആരുടെയോ കൈപിടിച്ച് മെല്ലെ കാറിൽ കയറിയിരുന്നു. ബാഗ് ഒരാൾ വണ്ടിയിൽ കൊണ്ടുവന്ന് വെച്ചു. അടുത്തെവിടെയാണ് നല്ല ആശുപത്രി ഉള്ളത് എന്ന് ചോദിച്ചപ്പോൾ അംബികാപുർ എന്നവർ ഒരേ ശബ്ദത്തിൽ പറഞ്ഞു. അത് അമ്പത് കിലോമീറ്റർ ദൂരെയാണ്. ഈ വേദനയിലും എനിക്ക് ചിരി വന്നു. ഇനി എങ്ങോട്ടും പോകാൻ സാധിക്കുന്നത്, റൂട്ട് മാറ്റത്തിന്റെ ഫലമായി ഒഴിവായ അംബികാപുർ വഴി മാത്രമായിരിക്കും. ഒരുപാടാലോചിച്ചും, കണക്കുകൂട്ടിയും, വീണ്ടും വീണ്ടും അളന്നുനോക്കി അടയാളങ്ങളിട്ടും, കഷ്ടപ്പെട്ട് വരച്ചെടുത്ത ഭാവിയുടെ ഭൂപടങ്ങൾ ഒറ്റ നിമിഷത്തിൽ ഒന്നുമല്ലാതാകുന്നു. സ്ഥാനം തെറ്റാതെ തന്നെ മഴത്തുള്ളികൾ വീണുകൊണ്ടിരിക്കുന്നു.

പുഹ്പുട്രയിൽ നിന്ന് ഇങ്ങോട്ട് വന്ന വഴി പാതിമുക്കാലും തിരിച്ചുപോയിട്ട് വേണം അംബികാപുരിലേക്ക് പോകാൻ. കയറിയതെല്ലാം തിരിച്ചിറങ്ങണം. ആദ്യം പ്രതിഷേധിച്ച് മുഖം വീർപ്പിച്ചു നിന്ന കണങ്കാൽ, മുഖം വീർപ്പിച്ചു തന്നെയാണെങ്കിലും നിവൃത്തിയില്ലാതെ അടങ്ങിത്തുടങ്ങി. ഞാൻ വഴിയിൽ മാത്രം ശ്രദ്ധിക്കാൻ ശ്രമിച്ചു. അടുത്ത അമ്പത് കിലോമീറ്ററുകൾ എത്ര നീണ്ടതായിരിക്കും എന്നോ, അടുത്ത ദിവസങ്ങളിൽ ഞാൻ എവിടെയായിരിക്കുമെന്നോ അപ്പോൾ ആലോചിച്ചില്ല. ഹിൽവ്യൂ ഹോട്ടലിന്റെ ഇരുണ്ട പടികളിൽ കാലിടറി വീണതിൽ നിരാശയോ കുറ്റബോധമോ തോന്നിയില്ല. എന്തുകൊണ്ട് ആ പടവിന്റെ അതേ സ്ഥാനത്ത് തന്നെ കാൽ വയ്‌ക്കാൻ അപ്പോൾ തോന്നി എന്നും ചിന്തിച്ചില്ല.

രാവിലെ ഏഴരയ്‌ക്ക് അംബികാപുരിലെ ആദ്യത്തെ ആശുപത്രിയിൽ എത്തി. വണ്ടിയിലിരുന്ന് കണ്ടപ്പോൾത്തന്നെ അടുത്ത സ്ഥലം നോക്കാൻ തീരുമാനിച്ചു. രക്ഷയില്ലാതെ അതും ഉപേക്ഷിച്ച് ഹൈവേയിൽ കണ്ട മൂന്നാമത്തെ ആശുപത്രിയിലെത്തിയപ്പോൾ അവിടുത്തെ പ്രധാന ഡോക്ടർ അസ്ഥിചികിത്സകനാണെന്ന് ബോർഡിൽ കണ്ടു. എന്നാൽ രണ്ടാമത്തെ ഡോക്ടറുടെ പേരിനോടൊപ്പം ചേർത്തിരിക്കുന്നത് ആയുർവേദ ബിരുദമാണ്. ആശുപത്രിയിൽ ആരുമില്ലായിരുന്നു. എല്ലാം തുറന്നുകിടക്കുകയാണ്. ആദ്യം ഒരു തൂപ്പുകാരിയും പിന്നാലെ നേഴ്‌സ്‌ എന്ന് തോന്നുന്ന ഒരു സ്‌ത്രീയും അകത്തേക്ക് കയറി വന്നു. എന്നോട് ഒരു കട്ടിലിൽ കിടക്കാൻ പറഞ്ഞിട്ട് അവർ പോയി യൂണിഫോം ധരിച്ചുവന്ന് കാലിലെ കെട്ടഴിച്ചു. നീര് ചുറ്റും പടർന്നിട്ടുണ്ട്. നാരങ്ങ കൂടുതൽ വലുതായിട്ടുണ്ട്. ഡോക്ടർ വരാൻ പത്തു മണിയാകുമെന്നും, അതിന് മുമ്പ്‌ എക്‌സ്‌റേ എടുക്കാൻ ആള് വരുമെന്നും, കണ്ടിട്ട് എല്ല് പൊട്ടിയത് പോലെ തോന്നുന്നുണ്ട് എന്നും പറഞ്ഞ് അവർ പോയി.

മയിൻപാട്ടിൽ നിന്ന് നീര് വെച്ച കാലുമായി ഒന്നര മണിക്കൂർ വണ്ടിയോടിക്കുമ്പോൾ ദൂരെ മാറി നിന്നിരുന്ന ഏകാന്തതയും വിഷമചിന്തകളും ആശുപത്രി സന്ദർശകരെന്ന വ്യാജേന ഇപ്പോൾ പതുക്കെ അടുത്ത് വരുന്നുണ്ട്. വാച്ചിൽ നോക്കിയപ്പോൾ സമയം എട്ടര ആകുന്നു. ഡോക്ടർ വരാൻ ഇനിയും ഒരുപാട് കാക്കണം. ചിന്തിക്കാൻ ധാരാളം സമയമുണ്ട്. നേഴ്സ് പറഞ്ഞതുപോലെ കാലിന് പൊട്ടലുണ്ടെങ്കിൽ എന്തുചെയ്യും എന്ന് ആദ്യം ചിന്തിച്ച് നോക്കി. പൊട്ടലുണ്ടെങ്കിൽ എന്തായാലും പ്ലാസ്റ്ററിടണം. കാല് നിലത്ത് കുത്താൻ പറ്റില്ല. എല്ല് പൊട്ടി മാറിയിട്ടുണ്ടെങ്കിൽ സർജറി മാത്രമാണ് മാർഗം. രണ്ടായാലും തൽക്കാലം എന്റെ ഡ്രൈവിങ് അതോടെ തീരും. അപ്പോൾ ചെയ്യാവുന്ന ഒരു കാര്യം വണ്ടി ഇവിടെ എവിടെയെങ്കിലും ഇട്ടിട്ട്, അല്ലെങ്കിൽ അടുത്ത എയർപോർട്ട് വരെ ഒരു ഡ്രൈവറുമായിപ്പോയി അവിടുത്തെ പാർക്കിങ്ങിൽ ഇട്ടിട്ട്, ആദ്യം കിട്ടുന്ന ഫ്ലൈറ്റിൽ വീട്ടിൽ പോകുക എന്നതാണ്. പിന്നീട് ആരെയെങ്കിലുംകൊണ്ട് വണ്ടി വീട്ടിലെത്തിക്കേണ്ടിവരും. അതല്ലെങ്കിൽ ഇവിടെനിന്ന് ഒരു ഡ്രൈവറെ സംഘടിപ്പിച്ച് പ്ലാസ്റ്ററിട്ട കാലുമായി കാറിൽത്തന്നെ തിരിച്ചു വീട്ടിലേക്ക് പോകുക. അതുമല്ലെങ്കിൽ നാട്ടിൽനിന്ന് ഒരു ഡ്രൈവറെ വിളിച്ചുവരുത്തി അയാളുമായി പോകുക. എന്തായാലും ഒന്നും എളുപ്പമല്ല. എങ്കിലും പരിക്ക് ഭേദമാകുന്നതുവരെ ഇവിടെ കഴിയുക എന്നത് അചിന്ത്യമാണ്. പെട്ടെന്ന് ദരിമയിലെ മാ മഹാമായ എയർപോർട്ട് ഓർമവന്നു. അംബികാപുരിന്റെ സ്വന്തം എയർപോർട്ടാണത്. ഫോണിൽ നോക്കിയപ്പോൾ ചെറിയൊരു വിമാനം അടുത്തുള്ള ഏതോ സ്ഥലത്ത് പോയി വരുന്നതാണ് അവിടെ ആകെയുള്ള സാധാരണ ഗതാഗതം.

പറഞ്ഞതുപോലെ പത്ത് മണിക്ക് ഒരു ചെറുപ്പക്കാരൻ ഡോക്ടർ വന്ന് കാലിന്റെ എക്‌സ്‌റേ സൂക്ഷിച്ച് നോക്കിയിട്ട് നീരുള്ള ഭാഗം വിരൽകൊണ്ട് ഒന്നുകൂടി അമർത്തിനോക്കി. എനിക്ക് വീണ്ടും നന്നായി വേദനിച്ചു. സ്ക്രീനിൽ ഒന്നുകൂടി നോക്കി തലയാട്ടിയിട്ട്, നിങ്ങൾക്ക് ഭാഗ്യമുണ്ട്, പൊട്ടലില്ല എന്നദ്ദേഹം മൃദുസ്വരത്തിൽ പറഞ്ഞു. പക്ഷേ ലിഗ്‌മെന്റ്‌ ഇൻജുറി നന്നായി കാണാനുണ്ട്. എനിക്ക് വലിയ ആശ്വാസമായി. പ്ലാസ്റ്റർ വേണ്ടി വരില്ല എന്നർഥം. കുറച്ച് കഷ്ടപ്പെട്ടാലും തിരിച്ചുള്ള ദൂരം തനിയെ വണ്ടി ഓടിച്ച് പോകാനാകും. എന്നാൽ രോഗി ഇച്ഛിച്ചതല്ല ഡോക്ടർ കൽപ്പിച്ചത്. രണ്ടാഴ്‌ച പൂർണ വിശ്രമം ആവശ്യമാണെന്നും അങ്ങനെയാണെങ്കിൽ പ്ലാസ്റ്റർ ഇടാതെ തന്നെ ഭേദമാകുമെന്നും ഡോക്ടർ പറഞ്ഞു. എന്നാൽ ഇത് രണ്ടും സാധ്യമായ സ്ഥിതിയല്ല ഇപ്പോഴുള്ളത് എന്ന് ഞാൻ പറഞ്ഞു. രണ്ടാഴ്‌ച വീട്ടിൽ വിശ്രമിച്ചുകൂടേ എന്ന്‌ അദ്ദേഹം എന്റെ നരച്ച മുടി നോക്കി ചോദിച്ചു. വീട് ഇവിടെനിന്ന് രണ്ടായിരത്തി അഞ്ഞൂറ് കിലോമീറ്റർ അകലെയാണെന്ന് ഞാൻ പറഞ്ഞു.

നടത്താൻ ഉദ്ദേശിക്കുന്ന, അല്ലെങ്കിൽ ഉദ്ദേശിച്ചിരുന്ന, യാത്രയുടെ റൂട്ട് മാപ്പ് യുവഡോക്ടർ ശ്രദ്ധിച്ച് കേട്ടു. ആകെ ചെയ്യാൻ കഴിയുന്നത് രണ്ട് കാര്യങ്ങൾ മാത്രമാണെന്ന് ഞാൻ പറഞ്ഞു. തിരിച്ച് പോകുക, അല്ലെങ്കിൽ യാത്ര തുടരുക. എന്തായാലും ഇവിടെ രണ്ടാഴ്‌ച വിശ്രമം അപ്രായോഗികമാണ്. തിരിച്ച് പോകുന്നത് സങ്കടമാണെങ്കിലും നിവൃത്തിയില്ലെങ്കിൽ അതുതന്നെ ചെയ്യാമെന്ന് പറഞ്ഞു. നിങ്ങൾ ഒരുപാട് ആഗ്രഹിച്ച്, ഒരുപാട് തയ്യാറെടുത്തു തുടങ്ങിയ യാത്രയല്ലേ, എന്ന് വീണ്ടും എക്‌സ്‌റേ നോക്കി ഡോക്ടർ ചോദിച്ചു. ഞാൻ വെറുതേ ചിരിച്ചു. കുറച്ചെങ്കിലും ആത്മധൈര്യം ഇല്ലാത്ത ഒരാൾ ഇങ്ങനെ ഇറങ്ങിപ്പുറപ്പെടില്ല എന്നെനിക്ക് അറിയാം. അതുകൊണ്ട് എന്ത് വേണമെന്ന് നിങ്ങൾ സ്വയം തീരുമാനിക്കുന്നതാണ് നല്ലത്. നിങ്ങൾക്ക് ഉറപ്പ് തോന്നുന്നെങ്കിൽ നിങ്ങൾ യാത്ര തുടരുക. സൂക്ഷിക്കണമെന്ന് മാത്രം. പരിക്ക് പറ്റിയ കാലാണെന്ന് മറക്കരുത്. അവിടെ വീണ്ടുമൊരു ക്ഷതം ഉണ്ടാകരുത്. പരമാവധി വിശ്രമം കൊടുക്കണം. ഞാനെല്ലാം മൂളിക്കേട്ടു. ആദ്യം കണ്ട നേഴ്സ് ഏകദേശം പ്ലാസ്റ്ററിന് സമാനമായ ഒരു ആങ്കിൾ സപ്പോർട്ട് കൊണ്ടുവന്ന് കാലിൽ ഉറപ്പിച്ച് കെട്ടി, നെടുകെയും കുറുകെയും സ്ട്രാപ്പ് ചെയ്‌തു മുറുക്കി. ഭാഗ്യം ഒന്നുകൊണ്ടു മാത്രമാണ് എല്ലിന് പൊട്ടലില്ലാത്തത് എന്ന് ഡോക്ടർ പറഞ്ഞതു തന്നെ വീണ്ടും പറഞ്ഞു മനസ്സിലാക്കിത്തന്ന ശേഷം, മുപ്പത് ദിവസത്തേക്കുള്ള വേദനസംഹാരികൾ നിർബന്ധമായും രണ്ടുനേരം കഴിക്കണമെന്നു പറഞ്ഞു. സീരിയസ് ഇൻജുറിയാണ് എന്നു വീണ്ടുമൊരു മുന്നറിയിപ്പ് തന്നിട്ട്, ഒരു ജെല്ലിന്റെ രണ്ട് ട്യൂബുകൾ ഉയർത്തിക്കാട്ടി രാത്രി അത് പുരട്ടി കാൽ പൊക്കിവെച്ച് വേണം കിടക്കാൻ എന്നും പറഞ്ഞു. ഞാനിതെല്ലാം അവിശ്വാസത്തോടെയാണ് ശ്രദ്ധിക്കുന്നത്. എല്ലാം മതിയാക്കി വീട്ടിലേക്ക് മടങ്ങാൻ തയ്യാറെടുത്ത എന്നോട് ഡോക്ടർ പറയുന്നത് ധൈര്യമുണ്ടെങ്കിൽ മുന്നോട്ട് പോകാമെന്നാണ്. ആദ്യം ഭയന്നതുപോലെ ഈ യാത്ര ഇനിയും കഴിഞ്ഞിട്ടില്ല .(തുടരും)




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home