'ചില്ലയ് കലാനി'ലും പുത്തൻ ഉണർവുമായി ഗുൽമാർഗ് ടൂറിസം

ശ്രീനഗർ : പുതിയ മഞ്ഞുവീഴ്ചയെത്തുടർന്ന് ജമ്മുകശ്മീരിലെ പ്രധാന ഹിൽ സ്റ്റേഷനുകളിലൊന്നായ ഗുൽമാർഗിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന. കശ്മീരിലെ ശൈത്യകാലത്തെ ഏറ്റവും കഠിനമായ ഘട്ടമായ ചില്ലയ് കലാന്റെ (ഡിസംബർ 21 മുതൽ ജനുവരി 21 വരെ 40 ദിവസം നീണ്ടു നിൽക്കുന്ന ശൈത്യകാലം) പശ്ചാത്തലത്തിലും നിരവധി വിനോദസഞ്ചാരികളാണ് ഗുൽമാർഗിലെത്തുന്നത്. ചില്ലയ് കലാനിനെത്തുടർന്ന് കശ്മീരിലുടനീളം താപനില പൂജ്യത്തിൽ താഴെയായി. സ്കീ റിസോർട്ടിൽ തിങ്കളാഴ്ച പുതിയ മഞ്ഞുവീഴ്ചയുണ്ടായത് സ്കീയിംഗ് സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും സ്കീയിങ്ങ് പ്രേമികളെ കശ്മീരിലേക്ക് തിരികെ എത്തിക്കുകയും ചെയ്തു. തിങ്കളാഴ്ച ഗുൽമാർഗിൽ രാത്രി താപനില മൈനസ് 8.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
കശ്മീരിലുടനീളം പൂജ്യത്തിൽ താഴെയാണ് താപനില. ഷോപ്പിയാനിൽ കുറഞ്ഞ താപനില മൈനസ് 5.6 ഡിഗ്രി സെൽഷ്യസും പഹൽഗാമിൽ മൈനസ് 4.8 ഡിഗ്രിയും ശ്രീനഗറിൽ മൈനസ് 3.6 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ബുഡ്ഗാമിൽ മൈനസ് 3.5 ഡിഗ്രിയും അവന്തിപോരയിൽ മൈനസ് 3.2 ഡിഗ്രിയും രേഖപ്പെടുത്തി. പുൽവാമയിൽ മൈനസ് 4.2 ഡിഗ്രിയും അനന്ത്‌നാഗിൽ മൈനസ് 3.2 ഡിഗ്രിയും പാംപോറിൽ മൈനസ് 2.5 ഡിഗ്രിയും രേഖപ്പെടുത്തിയപ്പോൾ വടക്കൻ കാശ്മീർ ജില്ലകളായ കുപ്‌വാര, ബാരാമുള്ള എന്നിവിടങ്ങളിൽ മൈനസ് 1.8 ഡിഗ്രിയും മൈനസ് 0.7 ഡിഗ്രിയും രേഖപ്പെടുത്തി.

സമീപകാല മഞ്ഞുവീഴ്ചയെത്തുടർന്ന് ഗുൽമാർഗിലെ മഞ്ഞുവീഴ്ചയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി അധികൃതർ പറഞ്ഞു. സ്നോ ബൈക്കിംഗ്, എടിവി റൈഡുകൾ, സ്നോ സ്ലെഡ്ജ് റൈഡുകൾ എന്നിവ വീണ്ടും ആരംഭിച്ചതായി ഗുൽമാർഗ് അഡ്വഞ്ചർ അക്കാദമി ഡയറക്ടർ അസ്ഹർ ഫയാസ് ലോൺ പറഞ്ഞു. ഗുൽമാർഗിലെ വിനോദസഞ്ചാരത്തിന് മഞ്ഞുവീഴ്ച ഉത്തേജനം പകരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐഎംഡി റിപ്പോർട്ട് അനുസരിച്ച് ജനുവരി 7 മുതൽ 15 വരെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായി തുടരും. മറ്റ് മുന്നറിയിപ്പുകളൊന്നും ഇല്ലാത്തതിനാൽ ടൂറിസവും അതിന്റെ ഭാഗമായുള്ള ഔട്ട്ഡോർ പ്രവർത്തനങ്ങളും തുടരും.
എന്താണ് ചില്ലയ് കലാൻ
കശ്മീരിലെ ഏറ്റവും കഠിനമായ 40 ദിവസത്തെ ശൈത്യകാലമാണ് ചില്ലായ് കലാൻ. അതിശൈത്യം, കനത്ത മഞ്ഞുവീഴ്ച, പൂജ്യത്തിന് താഴെയുള്ള താപനില എന്നിവയ്ക്ക് പേരുകേട്ടതാണ് ഇത്. സാധാരണയായി ഡിസംബർ 21 മുതൽ ജനുവരി 31 വരെ നീണ്ടുനിൽക്കും. ചില്ലയ് കലാൻ (വലിയ തണുപ്പ്), ചില്ലയ് ഖുർദ് (ചെറിയ തണുപ്പ്), ചില്ലയ് ബച്ച (കുഞ്ഞു തണുപ്പ്) എന്നിങ്ങനെ വിഭജിക്കപ്പെട്ട ഒരു വലിയ ശൈത്യകാലത്തിന്റെ ഭാഗമാണിത്.










0 comments