എഐ വ്യാപനം; വികസ്വര രാജ്യങ്ങൾ വീണ്ടും കൊളോണിയൽ മേധാവിത്വത്തിന് വിധേയമാവുന്ന സാഹചര്യമെന്ന് യുഎൻ പഠനം

ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളുടെ ദ്രുതഗതിയിലുള്ള വളർച്ചയും ഈ മേഖലയിലെ വമ്പൻ നിക്ഷേപങ്ങളും ലോകരാഷ്ട്രങ്ങൾക്കിടയിലെ അപകടകരമായ സാമ്പത്തിക-രാഷ്ട്രീയ വിഭജനങ്ങൾ വര്‍ധിപ്പിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. യുഎൻ നിയോഗിച്ച സ്വതന്ത്ര ശാസ്ത്ര പാനൽ പുറത്തുവിട്ട 'പ്രെിലിമിനറി റിപ്പോർട്ട് ഓഫ് ദി ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ സയന്റിഫിക് പാനൽ ഓൺ എഐ' എന്ന റിപ്പോർട്ടിലാണ് ആശങ്ക.
വൻകിട സമ്പന്ന രാജ്യങ്ങളും വിരലിലെണ്ണാവുന്ന ടെക് കമ്പനികളും എഐ മേഖലയിൽ സമ്പൂർണ്ണ ആധിപത്യം സ്ഥാപിക്കുന്നത് വികസ്വര രാജ്യങ്ങളെ 'ഡിജിറ്റൽ കോളനിവൽക്കരണ'ത്തിലേക്ക് തള്ളിവിടുമെന്ന് റിപ്പോർട്ട് അടിവരയിടുന്നു. ഇതിന്റെ ഫലം ബഹുതലങ്ങളിലുള്ള നവ കോളനിവൽക്കരണമാവും. എഐ സാങ്കേതികവിദ്യയുടെ വളർച്ചാ വേഗത സർക്കാരുകളുടെ നിയന്ത്രണങ്ങൾക്കും നിയമങ്ങൾക്കും അപ്പുറത്തേക്ക് പോയിക്കഴിഞ്ഞു എന്ന ആശങ്കാകരമായ യാഥാർത്ഥ്യം റിപ്പോര്‍ട് തുറന്നുകാട്ടുന്നു.
ഗ്ലോബൽ നോർത്ത് - ഗ്ലോബൽ സൗത്ത് വിഭജനം
എഐ വികസനത്തിന്റെ സിംഹഭാഗം നേട്ടങ്ങളും കൈപ്പിടിയിലാക്കാൻ പോകുന്നത് വികസിത രാജ്യങ്ങളാണ്. എന്നാൽ സ്വന്തമായി അത്യാധുനിക എഐ സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ ശേഷിയില്ലാത്ത ദരിദ്ര-വികസ്വര രാജ്യങ്ങൾക്ക് വിദേശത്ത് രൂപപ്പെടുന്ന ഇത്തരം സങ്കീർണ്ണമായ മോഡലുകളെ നിയന്ത്രിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. വൻതോതിൽ മൂലധനം ഇറക്കി ഈ രംഗത്ത് ഒരു സ്ഥാനം ഉറപ്പിക്കുക എളുപ്പമല്ല. എഐ മേഖലയെ നിയന്ത്രിക്കുന്ന ഏതാനും ചില വൻകിട കമ്പനികളുടെ തീരുമാനങ്ങൾക്ക് പൂർണ്ണമായി വഴങ്ങുക എന്ന കടുത്ത തെരഞ്ഞെടുപ്പിന് കീഴ്പ്പെടുന്ന നിസഹായതയാണ് ഈ രാജ്യങ്ങൾ നേരിടുന്നത്.
എഐ രംഗത്ത് ഒരു രാജ്യത്തിന് നിർണ്ണായക സ്വാധീനം ചെലുത്തണമെങ്കിൽ മൂന്ന് ഘടകങ്ങൾ അത്യാവശ്യമാണെന്ന് യുഎൻ പാനൽ ചൂണ്ടിക്കാണിക്കുന്നു. എഐ ഡാറ്റാ സെന്ററുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ സമൃദ്ധമായ വൈദ്യുതി ലഭ്യത, ഉയർന്ന ശമ്പളം നൽകി ആഗോള പ്രതിഭകളെ ആകർഷിക്കാൻ ശേഷിയുള്ള വലിയ മൂലധനമുള്ള കമ്പനികൾ, നയപരമായ തടസ്സങ്ങളെ മറികടന്ന്, ഓരോ മാസവും പുതിയ ശേഷികൾ വികസിപ്പിച്ചെടുക്കാനുള്ള തീവ്രമായ മത്സരബുദ്ധിയും അതിനുള്ള സ്വാധീനവും എന്നിവ കൈവരിക്കണം.
സോഷ്യൽ മീഡിയയേക്കാൾ എത്രയോ വേഗത്തിലാണ് എഐ പടരുന്നത്. സോഷ്യൽ മീഡിയയ്ക്ക് ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ സമയം ലഭിച്ചിട്ടും അത് പൊതുസംവാദങ്ങളെ ദോഷകരമായി ബാധിക്കുകയും ജനാധിപത്യ സംവിധാനങ്ങളെയും അടിസ്ഥാന ഘടകങ്ങളെയും സ്വാധീനിക്കുകയും ചെയ്തു. ഇപ്പോൾ, എഐയുടെ കാര്യത്തിൽ അമേരിക്കയ്ക്കോ ചൈനയ്ക്കോ പോലും ഇതിന്റെ വളർച്ചയെ പൂർണ്ണമായി നിയന്ത്രിക്കാൻ കഴിയുമോ എന്നത് സംശയമാണെന്ന് റിപ്പോര്‍ട് പറയുന്നു.
എഐ വരുത്തിവെക്കുന്ന
ആഗോള പ്രത്യാഘാതങ്ങൾ
മറ്റ് വ്യവസായങ്ങളിൽ ഒരിക്കലും അനുവദിക്കാത്തതും പ്രതീക്ഷിക്കാത്തതുമായ തരത്തിലുള്ള വലിയ തിരിച്ചടികളാണ് എഐ കമ്പനികൾ ഇതിനകം വരുത്തിവെച്ചിരിക്കുന്നത്. ഉത്തരവാദിത്തമില്ലാത്ത അതിന്റെ പ്രവര്‍ത്തന മാര്‍ഗ്ഗങ്ങൾ വെല്ലുവിളിയാണ്. കൗമാരക്കാരെയും മുതിർന്നവരെയും ഒരുപോലെ എഐ മായക്കാഴ്ചകളിൽ (parasocial fantasies) തളച്ചിടുകയും ഇത് ചിലപ്പോൾ ജീവനഹാനിക്ക് വരെ കാരണമാകുകയും ചെയ്യുന്നു.
ഇന്റർനെറ്റിന്റെ ഘടനയെ മാറ്റിമറിച്ചുകൊണ്ട് വാർത്താ മാധ്യമങ്ങളുടെ വരുമാനത്തെയും വിവരങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള ശേഷിയെയും ഇത് ദോഷകരമായി ബാധിച്ചു. വ്യാജ ചിത്രങ്ങളും ദൃശ്യങ്ങളും വഴി എഴുതപ്പെട്ട വാക്കുകളുടെയും ദൃശ്യങ്ങളുടെയും വിശ്വാസ്യത പൂർണ്ണമായും തകർക്കുന്നു. ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (AGI) എന്ന വാഗ്ദാനം ആഗോള ധനകാര്യ വ്യവസ്ഥയുമായി അമിതമായി ബന്ധിപ്പിച്ചിരിക്കുന്നതും സ്വാധീനത്തിന് കീഴ്പ്പെടുന്നതും ഭാവിയിൽ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാം. എഐ വരുത്തിവെക്കാൻ സാധ്യതയുള്ള വലിയ നാശനഷ്ടങ്ങളെ ചെറുക്കാൻ ആഗോളതലത്തിൽ ശക്തമായ ഇടപെടലുകൾ ആവശ്യമാണ്. ഈ ഘട്ടത്തിൽ ഭരണകൂടങ്ങൾ നിഷ്ക്രിയമായി ഇരിക്കുകയോ വൻകിട കമ്പനികൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകുകയോ ചെയ്താൽ, വികസ്വര രാജ്യങ്ങൾക്ക് അത് വരുത്തിവെക്കുന്ന നഷ്ടം അതിഭീമമായിരിക്കും.
വികസ്വര രാജ്യങ്ങളിലെ കോടിക്കണക്കിന് ജനങ്ങളുടെ വിവരങ്ങൾ ഉപയോഗിച്ചാണ് വികസിത രാജ്യങ്ങളിലെ വൻകിട കമ്പനികൾ എഐ മോഡലുകളെ പരിശീലിപ്പിക്കുന്നത്. എന്നാൽ ഇതിന്റെ യഥാർത്ഥ ലാഭം ആ സമ്പന്ന രാജ്യങ്ങളിലേക്ക് മാത്രമാണ് പോകുന്നത്. പണ്ട് സ്വർണം, കൽക്കരി, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങി പ്രകൃതിവിഭവങ്ങൾ കൊള്ളയടിച്ച് സമ്പന്ന രാജ്യങ്ങൾ വളർന്നതുപോലെ, ഇന്ന് വികസ്വര രാജ്യങ്ങളുടെ 'ഡാറ്റ' ഉപയോഗിച്ച് അവർ എഐ സാങ്കേതികവിദ്യയിൽ ആധിപത്യം സ്ഥാപിക്കുന്നു. ഇവയിലെ ആശങ്കയാണ് യുഎൻ റിപ്പോർട്ടിൽ പ്രധാനമായും പങ്കുവെക്കുന്നത്.
ഇന്ത്യ അഭിമുഖീകരിക്കുന്ന വെല്ലുവിളി
ഇന്ത്യയിലെ ചില പ്രമുഖ കമ്പനികളും സൈബർ സുരക്ഷാ സ്ഥാപനങ്ങളും തങ്ങളുടെ കമ്പ്യൂട്ടർ ശൃംഖലകളും ഡാറ്റയും സംരക്ഷിക്കുന്നതിനായി ആന്ത്രോപിക് വികസിപ്പിച്ച 'മിത്തോസ്' ,'ഫാബിൾ' എന്നീ എഐ മോഡലുകളെ ആശ്രയിച്ച് വെട്ടിലായ സംഭവം ഇതിന് ഉദാഹരണമായി കാണിക്കുന്നു. അമേരിക്കൻ കമ്പനികളുടെ ഈ എഐ മോഡലുകൾ സൈബർ ആക്രമണങ്ങളെ മുൻകൂട്ടി തടയാൻ ശേഷിയുള്ളവയായിരുന്നു.
എന്നാൽ, അമേരിക്കൻ ഭരണകൂടത്തിന്റെ പ്രതികാര നയങ്ങളുടെയും ഉപരോധത്തിന്റെയും ഭാഗമായി ഈ എഐ മോഡലുകൾ ഇന്ത്യയ്ക്ക് നൽകുന്നത് പെട്ടെന്ന് നിർത്തിവെച്ച സാഹചര്യം ഉണ്ടായി. ഇതോടെ സ്വന്തമായി ഇത്തരം സാങ്കേതികവിദ്യ ഇല്ലാതിരുന്ന ഇന്ത്യൻ കമ്പനികൾ പെട്ടെന്ന് പ്രതിരോധത്തിലായി. വിശ്വസിച്ച് ഉപയോഗിച്ച സുരക്ഷാ സംവിധാനം പെട്ടെന്ന് ഇല്ലാതായി.
സാങ്കേതിക വികസനത്തിൽ സ്വന്തമായി മേധാവിത്വം ഉറപ്പിക്കാത്തതിന്റെ പ്രത്യാഘാതം ഇന്ത്യ അനുഭവിച്ചു. ഏതെങ്കിലും എഐ മോഡൽ ഉപയോഗിച്ച് രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായാൽ എങ്ങനെ പ്രതിരോധിക്കും എന്ന ആശങ്കയിലാണ് ഇപ്പോൾ പല കമ്പനികളും. ഇത്തരം കാര്യങ്ങളിൽ ഇപ്പോഴും കേന്ദ്ര സര്‍ക്കാരിന് നയമില്ല. എഐ പരമാധികാരം നേടുക എന്നത് പരമപ്രധാനമായി തുടരുന്നു. വെല്ലുവിളി അഭിമുഖീകരിക്കപ്പെടാതെ നിലനിൽക്കുന്നു.
അടിയന്തിര ഇടപെടൽ പ്രധാനം
എഐ സാങ്കേതികവിദ്യയെ കേവലം ഒരു ഭൂരാഷ്ട്രതന്ത്ര ആയുധമായി മാത്രം കാണുന്നതിൽ പരിമിതികളുണ്ട്. എഐ കമ്പനികളെ നിയമപരമായി ഉത്തരവാദിത്തമുള്ളവരാക്കുക എന്നതാണ് സർക്കാരുകളുടെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ദൗത്യം. ഈ സംവാദങ്ങളിൽ നിന്ന് മാറിനിൽക്കുന്നത് ഭാവിയിൽ വലിയ വില നൽകേണ്ടുന്ന സാഹചര്യം വരുത്തുമെന്നും യുഎൻ റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നു. ജനീവയിൽ നടക്കുന്ന പ്രഥമ 'യുഎൻ ഗ്ലോബൽ ഡയലോഗ് ഓൺ എഐ ഗവേണൻസ്' കോൺഫറൻസിന്റെ പ്രധാന ചർച്ചാ രേഖയായി സ്വീകരിക്കുന്നത് ഈ റിപ്പോർട്ടാണ്. ഇതിന്റെ തുടർച്ചയായ സമഗ്രമായ അന്തിമ റിപ്പോർട്ട് അടുത്ത വർഷം പുറത്തിറങ്ങും.

ചെറുത്ത് നിൽപ് ചോദ്യമായി തുടരുന്നു
പ്രാഥമിക റിപ്പോർട്ട് ജൂലൈ 1-നാണ് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള പാനൽ ഔദ്യോഗികമായി പുറത്തുവിട്ടത്. പ്രശസ്ത എഐ ശാസ്ത്രജ്ഞൻ യോഷ്വ ബെഞ്ചിയോ നോബൽ സമ്മാന ജേതാവായ മാധ്യമപ്രവർത്തക മരിയ റെസ്സ എന്നിവർ കോ-ചെയർമാരായ 40 ആഗോള വിദഗ്ധർ അടങ്ങുന്ന ഒരു സ്വതന്ത്ര ശാസ്ത്ര പാനലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.
എഐയുടെ സാമ്പത്തികവും സാങ്കേതികവുമായ നേട്ടങ്ങൾ വെറും അഞ്ചോ ആറോ വൻകിട കമ്പനികളിലും വികസിത രാജ്യങ്ങളിലും മാത്രമായി ഒതുങ്ങിപ്പോകുന്നത് തടയാനും വികസ്വര രാജ്യങ്ങളുടെ ശബ്ദം ഉയർത്താനും ഈ റിപ്പോർട്ട് ആവശ്യപ്പെടുന്നു.











0 comments