ad
Deshabhimani

ട്രക്കും എസ്‌യുവിയും കൂട്ടിയിടിച്ച് വൻ അപകടം: 5 മരണം, 4 പേർക്ക് ഗുരുതര പരിക്ക്

accident
വെബ് ഡെസ്ക്

Published on Jul 06, 2026, 05:36 PM | 1 min read

ഭോപ്പാൽ: മധ്യപ്രദേശിലെ സീഹോർ ജില്ലയിലുണ്ടായ ദാരുണമായ റോഡപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നിയന്ത്രണം വിട്ട ട്രക്ക് ബൊലേറോ എസ്‌യുവിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ബൊലേറോയിലുണ്ടായിരുന്ന നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നുച്ചയോടെ അഷ്ട-ഷുജാൽപൂർ റോഡിൽ മേന ഗോദി ഗ്രാമത്തിന് സമീപമാണ് സംഭവം.


രാജ്ഗഢ് ജില്ലയിലെ ഭിയാപുര ഗ്രാമത്തിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. ഇവരെല്ലാവരും ഒരേ നാട്ടുകാരാണ്. ബൊലേറോയിൽ ആകെ 9 പേരുണ്ടായിരുന്നു. നാട്ടിൽ നിന്നും ഒരാൾക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി അഷ്ടയിലേക്ക് വരുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്.


എതിർദിശയിൽ നിന്നെത്തിയ ട്രക്കുമായി ബൊലേറോ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൊലേറോ പൂർണ്ണമായും തകർന്നുപോയി. മൂന്ന് യാത്രക്കാർ വാഹനത്തിൽ നിന്ന് തെറിച്ച് റോഡിന് പുറത്തേക്ക് വീണു. ഡ്രൈവർ ഉൾപ്പെടെയുള്ള മറ്റുള്ളവർ തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.


നാട്ടുകാരും പൊലീസും ചേർന്ന് ഏറെ പ്രയത്നിച്ചാണ് വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. അഞ്ച് പേർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. പരിക്കേറ്റ നാല് പേരുടെയും നില അതീവ ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ ഭോപ്പാലിലെ ആശുപത്രിയിലേക്ക് മാറ്റി.


ഡ്രൈവർ ഒളിവിൽ: അപകടത്തിന് തൊട്ടുപിന്നാലെ ട്രക്ക് ഡ്രൈവർ വാഹനം ഉപേക്ഷിച്ച് സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി സിവിൽ ആശുപത്രിയിലേക്ക് മാറ്റി. അമിതവേഗതയാണോ അപകടത്തിന് കാരണമെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home