പരിമിതികളെ തോൽപ്പിച്ച പോരാട്ടവീര്യം; ഹൈജമ്പ് വിട്ട് ലോങ് ജമ്പിലെത്തിയപ്പോൾ നിഷാദ് കുമാറിന് സ്വർണത്തിളക്കം

നിഷാദ് കുമാർ| Photo:X
നഗോയ : ഹൈജമ്പിൽ നിന്ന് ലോങ് ജംപിലേക്ക് മാറിയ നിഷാദ് കുമാറിന് ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണം. പുരുഷന്മാരുടെ ടി47 ലോങ് ജംപിൽ 7.11 മീറ്റർ ചാടിയാണ് നിഷാദ് സ്വർണനേട്ടം സ്വന്തമാക്കിയത്. ഹൈജംപിൽ രണ്ട് പാരാലിമ്പിക്സുകളിൽ വെള്ളിമെഡൽ നേടിയ താരം ആദ്യ അന്താരാഷ്ട്ര ലോങ് ജംപ് മത്സരത്തിൽത്തന്നെ സ്വർണം നേടിയെന്ന പ്രത്യേകതയുമുണ്ട്.
കൈവിടാതെ കായികസ്വപ്നം
ഹിമാചൽ പ്രദേശിലെ ഉന ജില്ലയിലെ ബദൗൺ ഗ്രാമത്തിൽ ജനിച്ച നിഷാദിന്റെ കായികജീവിതം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ആറാം വയസ്സിൽ കൃഷിയിടത്തിൽ പുല്ലരിയുന്ന യന്ത്രത്തിൽപ്പെട്ട് വലതുകൈ നഷ്ടമായി. എന്നാൽ ആ അപകടം കായികരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ യാത്രയ്ക്ക് തടസ്സമായില്ല. സംസ്ഥാനതല വോളിബോൾ താരവും ഡിസ്കസ് ത്രോ അത്‌ലറ്റുമായിരുന്ന അമ്മയാണ് നിഷാദിന്റെ കായികതാൽപര്യത്തിന് പ്രചോദനമായത്.
2009ൽ പാരാ അത്‌ലറ്റിക്സിൽ പരിശീലനം ആരംഭിച്ച നിഷാദ് പിന്നീട് ഹൈജമ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കഠിനാധ്വാനത്തിലൂടെ ദേശീയതലത്തിൽ മികവ് തെളിയിച്ച അദ്ദേഹം വൈകാതെ രാജ്യാന്തര മത്സരങ്ങളിലും നേട്ടങ്ങൾ സ്വന്തമാക്കി.
2019ൽ ദുബായിൽ നടന്ന ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ടി47 ഹൈജമ്പിൽ വെങ്കലം നേടിയതോടെയാണ് താരം പാരാലിമ്പിക്സിലേക്കുള്ള യോഗ്യത ഉറപ്പാക്കിയത്. 2021ലെ ടോക്യോ പാരാലിമ്പിക്സിൽ 2.06 മീറ്റർ ഉയരം പിന്നിട്ട് വെള്ളിമെഡൽ നേടി. അമേരിക്കയുടെ ഡാലസ് വൈസ് ഇതേ ഉയരം മറികടന്നതിനാൽ ഇരുവരും വെള്ളിമെഡൽ പങ്കിട്ടു. ഈ പ്രകടനത്തിലൂടെ ഏഷ്യൻ റെക്കോഡും നിഷാദ് സ്വന്തമാക്കി.
2022ലെ ഹാങ്‌ഷൗ ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ടി47 ഹൈജമ്പിൽ സ്വർണം നേടിയ നിഷാദ്, 2023ലെ ലോക ചാമ്പ്യൻഷിപ്പിലും 2024ൽ ജപ്പാനിലെ കോബെയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലും വെള്ളിമെഡൽ നേടി. 2024ലെ പാരിസ് പാരാലിമ്പിക്സിലും വെള്ളി നേടി ടോക്യോയിലെ നേട്ടം ആവർത്തിച്ചു. 2025ൽ ന്യൂഡൽഹിയിൽ നടന്ന ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ അദ്ദേഹം ഹൈജമ്പിൽ തന്റെ മികവ് വീണ്ടും തെളിയിച്ചു. 2.14 മീറ്ററാണ് അദ്ദേഹത്തിന്റെ വ്യക്തിഗത മികച്ച പ്രകടനവും ഏഷ്യൻ റെക്കോഡും.
ടോക്യോ, പാരിസ് പാരാലിമ്പിക്സുകളിലെ നേട്ടങ്ങൾക്ക് പിന്നിൽ പരിശീലകൻ സത്യനാരായണയുടെ പങ്കും നിർണായകമാണ്. ഒളിമ്പിക് ഗോൾഡ് ക്വസ്റ്റ് എന്ന കായികപിന്തുണാ സംഘടനയുടെ സഹായവും നിഷാദിനുണ്ട്.
ഹൈജമ്പിൽ നേടിയ രാജ്യാന്തര നേട്ടങ്ങൾക്കു പിന്നാലെ പുതിയ ഇനത്തിലും സ്വർണം സ്വന്തമാക്കിയ നിഷാദ് ഇന്ത്യൻ പാരാ അത്‌ലറ്റിക്സിലെ ശ്രദ്ധേയ സാന്നിധ്യമായി മാറുകയാണ്. വെല്ലുവിളികളെ മറികടന്ന് കായികരംഗത്ത് മുന്നേറിയ അദ്ദേഹത്തിന്റെ യാത്രയിൽ ലോങ് ജമ്പിലെ ഈ സ്വർണവും പുതിയ അധ്യായമാകുന്നു.








0 comments