Deshabhimani

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ തടയാൻ ഡാറ്റാബേസ്; കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ നിർദേശം

supreme Court

സുപ്രീംകോടതി

വെബ് ഡെസ്ക്

Published on Oct 19, 2026, 07:56 PM | 1 min read

ന്യൂഡൽഹി : കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ ഇന്റർനെറ്റിലൂടെ വീണ്ടും വീണ്ടും പ്രചരിക്കുന്നത് തടയാൻ ദേശീയ ഡാറ്റാബേസ് രൂപീകരിക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രീംകോടതിയുടെ നിർദേശം. ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമിൽനിന്ന് നീക്കം ചെയ്യുന്ന ദൃശ്യങ്ങൾ മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെ വീണ്ടും പ്രചരിക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. ജസ്റ്റിസ് ജെബി പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.


നാഷണൽ ഹാഷ് ആൻഡ് യുആർഎൽ ലിസ്റ്റ് ഡാറ്റാബേസ് എന്ന പേരിൽ തയ്യാറാക്കുന്ന സംവിധാനത്തിൽ സ്ഥിരീകരിച്ച ദൃശ്യങ്ങളുടെ ഡിജിറ്റൽ അടയാളങ്ങളും വെബ് വിലാസങ്ങളും ഉൾപ്പെടുത്തും. ദൃശ്യങ്ങൾ നേരിട്ട് ഡാറ്റാബേസിൽ സൂക്ഷിക്കില്ല. വിവരങ്ങൾ ഉൾപ്പെടുത്തുന്നതിന് മുമ്പ് പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പരിശോധിക്കുകയും പരിശീലനം ലഭിച്ച മൂന്ന് വിദഗ്ധർ സ്വതന്ത്രമായി സ്ഥിരീകരിക്കുകയും വേണം.


ഡാറ്റാബേസിലെ വിവരങ്ങളുമായി പൊരുത്തപ്പെടുന്ന ഉള്ളടക്കം കണ്ടെത്തിയാൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉടൻ നീക്കം ചെയ്യണം. പുതുതായി കണ്ടെത്തുന്ന ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്തശേഷം രണ്ടുമണിക്കൂറിനകം അധികൃതരെ അറിയിക്കണം.


പരാതികൾ ലഭിച്ച് 24 മണിക്കൂറിനകം സ്വീകരിച്ചതായി അറിയിപ്പും ട്രാക്കിങ് നമ്പറും നൽകണം. നിയമലംഘനം ആവർത്തിക്കുന്ന പ്ലാറ്റ്‌ഫോമുകൾക്ക് കനത്ത പിഴ ചുമത്തുന്നതും നിരോധിത ഉള്ളടക്കത്തിലൂടെ ലഭിച്ച വരുമാനം കണ്ടുകെട്ടുന്നതും പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home