സർക്കാരിന്റെ വഴിവിട്ട പോക്കിൽ അതൃപ്‌തി പുകയുന്നു; കോൺഗ്രസിൽ ചേരിപ്പോര് പുതിയ തലത്തിലേക്ക്

തിരുവനന്തപുരം: "നേതാക്കൾ പരസ്യപ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുത്. പരിധി വിട്ടതുകൊണ്ടാണ് പരസ്യമായി പറയുന്നത്'. മന്ത്രിയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫിന്റെ ഇൗ വാക്കുകളിൽ കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥയും അതിലുള്ള നിസ്സഹായതയും എല്ലാമുണ്ട്. സർക്കാരിന്റെ വഴിവിട്ട പ്രവർത്തനശൈലിയും മൂർഛിച്ച ഗ്രൂപ്പ് പോരും കോൺഗ്രസിനെ ഗുരുതര പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. കോൺഗ്രസിലും യൂത്ത് കോൺഗ്രസിലും മഹിളാ കോൺഗ്രസിലുമെല്ലാം അതൃപ്‌തിയും രോഷവും പുകയുകയാണ്. സംഘടനാ പ്രശ്‌നങ്ങളിൽ ഇടപെടാൻ എഐസിസി നേതൃത്വം തയ്യാറാകാത്തതും സ്ഥിതി വഷളാക്കുന്നു. പരിഹാരം അകലെയാണെന്ന് ഉറപ്പായതോടെ കോൺഗ്രസിലെ തമ്മലടി കുടുതൽ കടുക്കുന്ന നിലയിലേക്ക് നീങ്ങുകയാണ്.
യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പുതിയ പ്രതികരണത്തിന്റെ സാഹചര്യത്തിലാണ് സണ്ണി ജോസഫ് തിങ്കളാഴ്‌ച താക്കീതുമായി എത്തിയത്. കെ സുധാകരനെ ഒറ്റപ്പെടുത്തി കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുകച്ചു പുറത്താക്കുകയായിരുന്നുവെന്നും തനിക്കെതിരെയും അത്തരം നീക്കം നടക്കുന്നുവെന്നും സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ അടൂർ പ്രകാശ് പറഞ്ഞു. സർക്കാരിന്റെ സുപ്രധാന തീരുമാനങ്ങൾ താൻ അറിയാറില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. ഉൾപ്പോര് മൂർഛിച്ചതിന്റെ വ്യക്തമായ സൂചനയാണിത്. നേരത്തേ കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തി ഇക്കാര്യം പറഞ്ഞതിന് തന്നെ മോശക്കാരനാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു.
എഐസിസി നേതൃത്വത്തിന്റെയും സംസ്ഥാന നേതൃത്വത്തിലെ ഒരുവലിയ വിഭാഗത്തിന്റെയും പിന്തുണ അടൂർ പ്രകാശിനുണ്ട്. അതുകൊണ്ടു തന്നെയാണ് വി ഡി സതീശന്റെ ഏകാധിപത്യത്തിനെതിരെ അദ്ദേഹം വീണ്ടും ശക്തമായി അഭിപ്രായം പ്രകടിപ്പിച്ചത്. കേന്ദ്ര നേതൃത്വത്തിന് നേരിട്ട് പരാതി നൽകിയിട്ടുമുണ്ട്.
അടൂർ പ്രകാശിന് പിന്തുണയുമായി മുതിർന്ന നേതാവ് കെ സുധാകരൻ രംഗത്തുവന്നിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുടെ പിന്തുണയും സതീശൻ വിരുദ്ധ വിഭാഗത്തിനുണ്ട്.
അടൂർ പ്രകാശിനെതിരെ കടുത്ത പ്രതികരണത്തിന് മുതിരാതെ തന്ത്രപരമായ നിലപാടിലാണ് സതീശൻ. സതീശനെ പിന്തുണയ്‌ക്കുന്നവരുടെ എതിർപ്പും അടൂർ പ്രകാശ് നേരിടേണ്ടി വരുന്നുണ്ട്. അതിന് ഉദാഹരണമായിരുന്നു കെ മുരളീധരന്റെ പ്രതികരണം. ഒരാൾ മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ആരോ ഉണ്ടെന്നായിരുന്നു മുരളീധരന്റെ പരാമർശം. അത് ആരാണെന്ന് താൻ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പുനഃസംഘടന നടക്കാത്തത് കാരണം കോൺഗ്രസിലെ വലിയൊരു വിഭാഗം അതൃപ്‌തിയിലാണ്. പുതിയ കെപസിസിസി പ്രസിഡന്റിന്റെ കാര്യത്തിൽ ഇതുവരെ ധാരണ ഉണ്ടായിട്ടില്ല. ചില ജില്ലകളിൽ ഡിസിസി അദ്ധ്യക്ഷന്മാർ എംഎൽഎ ആയതിനെ തുടർന്നുള്ള നേതൃമാറ്റവും നടന്നിട്ടില്ല. സർക്കാരിലും മറ്റും സ്ഥാനം ലഭിക്കാത്തവർ സംഘടനയിൽ സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. ബോർഡ്, കോർപറേഷൻ തലപ്പത്തേക്കുള്ള നിയമനങ്ങളും വൈകിക്കുകയാണ്.
സംഘടനയിലും ബോർഡ്, കോർപറേഷൻ നിയമനങ്ങളിലും തടസം നിൽക്കുന്നത് വി ഡി സതീശനാണെന്ന് എല്ലാവർക്കും പരാതിയുണ്ട്. സതീശന്റെ താൽപ്പര്യങ്ങൾക്ക് വഴങ്ങാത്തവരെ പൂർണമായും അകറ്റിനിർത്തുന്ന നിലയാണുള്ളത്. പല സ്ഥാനങ്ങളിലേക്കും നിയമനങ്ങൾ നടന്നു കഴിഞ്ഞാണ് മന്ത്രിമാരടക്കമുള്ളവർ പോലും അറിയുന്നത്. ഇക്കാര്യത്തിൽ അടൂർപ്രകാശിന് പിന്തുണ വർദ്ധിക്കാനുള്ള കാരണം ഭൂരിഭാഗത്തിന്റെയും അതൃപ്‌തിയാണ്.
അർഹമായ പരിഗണന ലഭിച്ചില്ലെന്ന പേരിൽ മഹിളാ കോൺഗ്രസിലെ ഭൂരിപക്ഷവും കടുത്ത വിയോജിപ്പിലാണ്. അടൂർ പ്രകാശിന് പിന്തുണയുമായി ജെബി മേത്തറും ദീപ്‌തി മേരി വർഗീസും രംഗത്തുവന്നിരുന്നു. മന്ത്രിയാക്കാതെ ഡെപ്യൂട്ടി സ്‌പീക്കറായി ഒതുക്കിയതിൽ ഷാനിമോൾ ഉസ്‌മാനും അസ്വസ്ഥയാണ്. എല്ലാ തരത്തിലും വലിയൊരു പൊട്ടിത്തെറിയുടെ വക്കിലാണ് കോൺഗ്രസ്.







0 comments